Arrested | പയ്യന്നൂരില്‍ ടെലഫോണ്‍ ഒപ്റ്റികല്‍ കേബിള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ 3 ആസാം സ്വദേശികള്‍ അറസ്റ്റില്‍
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
കടത്തിയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കേബിളുകള്‍
പയ്യന്നൂര്‍: (KVARTHA) റോഡരികില്‍ സൂക്ഷിച്ച ലക്ഷങ്ങളുടെ ടെലിഫോണ്‍ ഓപ്റ്റികല്‍ ഫൈബര്‍ കേബിള്‍ വാഹനത്തില്‍ മോഷ്ടിച്ച് കടത്തികൊണ്ടുവന്നുവെന്ന പരാതിയില്‍ മൂന്ന് ആസാം സ്വദേശികള്‍ പയ്യന്നൂരില്‍ പിടിയില്‍. തൃക്കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആമീര്‍ അലി (37), റഫീഖ് അലി ( 32), റാജുള്‍ ഇസ്ലാം (33) എന്നിവരെയാണ് പയ്യന്നൂരില്‍ വെച്ച് ഉളിക്കല്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ അനില്‍കുമാര്‍, എസ് ഐ വികെ റസാഖ്, എ എസ് ഐ വേണുഗോപാലന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഉളിക്കല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ നിന്നുമാണ് പിക് അപ്പിലെത്തിയ സംഘം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കേബിളുകള്‍ മോഷ്ടിച്ച് കടത്തികൊണ്ടുവന്നത് എന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനിടെ പരിശോധിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ മോഷണ മുതലുമായി വാഹനത്തില്‍ പ്രതികള്‍ തളിപ്പറമ്പ് പയ്യന്നൂര്‍ ഭാഗത്തേക്ക് വന്നതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൃക്കരിപ്പൂര്‍ ഒളവറയിലെ വാടക ക്വാടേര്‍സില്‍ താമസിക്കുന്ന പ്രതികളെ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.