Koothuparamba firing | 'കൂത്തുപറമ്പിലെ വെടിവയ്പ് എംവിആറിനെ രോഗിയാക്കി മരണത്തിലേക്ക് നയിച്ചു'; വീണ്ടും പാര്‍ടിയിലേക്ക് കടന്നുവരാതിരിക്കാന്‍ വാതിലുകള്‍ കൊട്ടിയടച്ചുവെന്ന് ഷാജി പാണ്ട്യാല

 



/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പ് വെടിവയ്പിന് ശേഷമുണ്ടായ ആത്മസംഘര്‍ഷമാണ് എംവി രാഘവനെ രോഗിയാക്കിയതെന്ന് സിഎംപി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ പാണ്ട്യാല ഷാജി. കൂത്തുപറമ്പ് വെടിവയ്പ് നടന്നിട്ട് 28 വര്‍ഷം പിന്നിടുന്ന നവംബര്‍ 25ന് ആധുനിക കേരളം കണ്ട ഏറ്റവും രക്തരൂക്ഷിതമായ സമരത്തെ പുനര്‍വായിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ രണ്ടുതരത്തിലുള്ള പോസ്റ്റുമോര്‍ടമാണ് യഥാര്‍ഥത്തില്‍ നടത്തേണ്ടത്. ഒന്ന് എംവിആര്‍ യഥാര്‍ഥത്തില്‍ ഇതിന് വഴിവെച്ചയാളോണോ, രണ്ട് സിപിഎം പോലുള്ള കേരളത്തിലുള്ള സുസംഘടിത രാഷ്ട്രീയ പ്രസ്ഥാനം ഇത്തരമൊരു കുരുതിനടത്താന്‍ പ്രേരിപ്പിച്ചതെന്തിനായിരുന്നു.
                 
Koothuparamba firing | 'കൂത്തുപറമ്പിലെ വെടിവയ്പ് എംവിആറിനെ രോഗിയാക്കി മരണത്തിലേക്ക് നയിച്ചു'; വീണ്ടും പാര്‍ടിയിലേക്ക് കടന്നുവരാതിരിക്കാന്‍ വാതിലുകള്‍ കൊട്ടിയടച്ചുവെന്ന് ഷാജി പാണ്ട്യാല

അതില്‍ ആദ്യമായി പറയാനുള്ള സംഭവം. കൂത്തുപറമ്പില്‍ നടന്ന വെടിവയ്പിൽ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടയാളായിരുന്നു എംവിആര്‍. ഡിവൈഎഫ്‌ഐയെ ഇൻഡ്യയിലെ ഏറ്റവും വലിയ പ്രോജ്ജ്വല സംഘടനയായി രൂപപ്പെടുത്തിയതിനും വികസിപ്പിക്കുന്നതിനും പുന:സംഘടന പിന്നില്‍ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിലും പ്രവര്‍ത്തിച്ചയാളായിരുന്നു എംവിആര്‍ . ആ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ വെടിയേറ്റുമരിച്ച സംഭവം എംവിആറിന് നിസഹായമായ അവസ്ഥയിലെത്തിച്ചിരുന്നു.
        
Koothuparamba firing | 'കൂത്തുപറമ്പിലെ വെടിവയ്പ് എംവിആറിനെ രോഗിയാക്കി മരണത്തിലേക്ക് നയിച്ചു'; വീണ്ടും പാര്‍ടിയിലേക്ക് കടന്നുവരാതിരിക്കാന്‍ വാതിലുകള്‍ കൊട്ടിയടച്ചുവെന്ന് ഷാജി പാണ്ട്യാല

എന്നെ ഇങ്ങനെ പറ്റിക്കുകയും കബളിപ്പിക്കുകയും ചെയ്യണമായിരുന്നോവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഈ കബളിപ്പിക്കലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര് എന്നതായിരുന്നു ചോദ്യം. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കൈക്കാരനായി പ്രവര്‍ത്തിച്ച ഇപ്പോഴത്തെ കണ്ണൂര്‍ ജില്ലാ സെക്രടറിയായ എംവി ജയരാജനും ചേര്‍ന്നായിരുന്നു. എംവിആര്‍ വീണ്ടും പാര്‍ടിയിലേക്ക് വരാതിരിക്കാന്‍ എന്നന്നേയ്ക്കുമായി വാതിലുകള്‍ കൊട്ടിയടക്കുകയെന്നത് വളരെ ആസൂത്രിതമായ സംഭവത്തിന്റെ ഭാഗമായിരുന്നു.

കൂത്തുപറമ്പ് വെടിവയ്പിൻറെ മാനസികസംഘര്‍ഷം താങ്ങാനാവാതെയാണ് പിന്നീട് എംവിആര്‍ രോഗിയാകുന്നത്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയെന്നതിന്റെ ഉദാഹരണമായി പിന്നീട് അന്നത്തെ പാര്‍ടി സംസ്ഥാന സെക്രടറിയായ പിണറായി വിജയന്‍, അല്‍ഷിമേഴ്‌സും പാര്‍കിന്‍സണും ബാധിച്ചു ബോധമറ്റ് ആശുപത്രിയില്‍ കിടക്കുന്ന എംവിആറിനെ പോയി കണ്ടതിന് ശേഷം അദ്ദേഹം പാര്‍ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചുവെന്ന് പറഞ്ഞതിനെ കാണാന്‍ കഴിയും. ജീവിക്കുന്ന എംവിആറിനെ കുരുതികൊടുക്കുകയാണ് ഇവര്‍. കൂത്തുപറമ്പ് വെടിവയ്പിൻറെ സാഹചര്യമുണ്ടാക്കിയതിലൂടെ ചെയ്തതെന്നും ഷാജി പാണ്ട്യാല ചൂണ്ടിക്കാട്ടി.

അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടുകയും ഒരാള്‍ ജീവിക്കുന്ന രക്തസാക്ഷിയുമായ കൂത്തുപറമ്പ് വെടിവയ്പിനെ തുടര്‍ന്ന് ജീവിതാന്ത്യം വരെ എംവിആറിനെ വേട്ടയാടിയിരുന്നു. വാസ്തവത്തില്‍ എന്തിനാണ് അത് ചെയ്തതെന്ന ചോദ്യം എംവിആര്‍ തന്നെ പലരോടും പങ്കുവഹിച്ചിരുന്നു. ഇത്തരമൊരു ഭ്രാതൃഹന്താക്കളുടെ സംഘടനയായി സിപിഎം മാറിപോയിട്ടുണ്ടോയെന്ന ചോദ്യമാണ് വാസ്തവത്തില്‍ എംവിആറിന്റെ മരണശേഷവും കൂത്തുപറമ്പ് വെടിവയ്പിന്റെ രക്തസാക്ഷിത്വദിനത്തില്‍ ഉയരുന്നതെന്നും ഷാജി പാണ്ട്യാല പറഞ്ഞു.

കൂത്തുപറമ്പിന്റെ മണ്ണില്‍ അഞ്ചു യുവാക്കളുടെ ചോരവീണിട്ട് നവംബര്‍ 25ന് 28 വര്‍ഷം പിന്നിടുമ്പോള്‍ നിരവധി രാഷ്ട്രീയമായ ചോദ്യങ്ങളാണ് രാഷ്ട്രീയ കേരളത്തില്‍ ബാക്കിയാവുന്നത്. അഞ്ചുപേര്‍ രക്തസാക്ഷികളായും ഒരാള്‍ ജീവിക്കുന്ന രക്തസാക്ഷിയായും മാറിയ ഐതിഹാസിക സമരമെന്ന് രാഷ്ട്രീയ കേരളം അടയാളപ്പെടുത്തുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 28- വര്‍ഷം പിന്നിടുമ്പോള്‍ ഒരു പാട് പൊളളുന്ന ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തുന്നുണ്ട്.

കൂത്തുപറമ്പ് അര്‍ബന്‍ സഹകരണബാങ്ക് ഉദ്ഘാടനത്തിനായി അന്നത്തെ സഹകരണ മന്ത്രി എംവി രാഘവനെത്തിയപ്പോള്‍ കരിങ്കൊടി കാണിക്കാനായി അവിടെ തടിച്ചുകൂടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് യാതൊരു മുന്നിറിയിപ്പുമില്ലാതെ നിറയൊഴിച്ചത്. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രടറി കെകെ രാജീവന്‍, റോഷന്‍, ഷിബുലാല്‍, കുണ്ടുംചിറ ബാബു, മധു എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മനേക്കരയിലെ പുതുക്കുടി പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി ഇപ്പോഴും ശയ്യാവലംബിയായി തുടരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്‍ സ്വാശ്രയ മേഖലയില്‍ പരിയാരം മെഡികല്‍ കോളജ് തുടങ്ങുന്നതിനെതിരെ വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നതിലെ പ്രതിഷേധമായിരുന്നു കൂത്തുപറമ്പിലെത്.

പൊലീസ് മുന്‍പിന്‍ നോക്കാതെ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി വ്യാപകമായ അക്രമങ്ങളാണുണ്ടായത്. തെരുവുകള്‍ യുദ്ധക്കളമായി. നൂറുകണക്കിന് സര്‍കാര്‍ വാഹനങ്ങള്‍ കത്തിച്ചു. അന്നത്തെ യുഡിഎഫ് സര്‍കാരിനെ നയിച്ച കെ കരുണാകരന്റെ മന്ത്രിസഭ തന്നെ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. കേരളത്തിലെ തെരുവുകളില്‍ എംവിആറിനെ ഡ്രാക്കുള രാഘവനായി ചിത്രീകരിക്കുന്നതും രാഷ്ട്രീയമായ വേട്ടയാടലിന് സിപിഎം ശക്തികൂട്ടുന്നതും ഇതിനു ശേഷമാണ്. എന്നാല്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുന്നുവെന്ന ചൊല്ലുപോലെ കൂത്തുപറമ്പ് സമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോട് സിപിഎം സന്ധി ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

പരിയാരത്തെ സ്വാശ്രയ കോളജിനെതിരെ സമരം നടത്തിയ പാര്‍ടിയുടെ നേതൃത്വത്തില്‍ ഭരണം നടത്തിയ ഇടതു സര്‍കാര്‍ തന്നെ നിരവധി സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കി. പരിയാരത്തെ സ്വാശ്രയ മേഖലയില്‍ തന്നെ നിലനിര്‍ത്തുകയും അതിന്റെ ചെയര്‍മാനായി കൂത്തുപറമ്പ്‌ സമരനായകന്‍ എംവി ജയരാജന്‍ മാറുകയും ചെയ്തു. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശ സര്‍വകലാശാലകളെയും ഏജന്‍സികളെയും കൊണ്ടുവരുന്നതിനുളള തിടുക്കത്തിലാണ് രണ്ടാം പിണറായി സര്‍കാര്‍. കാലമേറെ കഴിഞ്ഞപ്പോള്‍ ഡ്രാക്കുള രാഘവനെന്നു വിശേഷിപ്പിച്ച എംവിആറും സിപിഎമിന് അഭിമതനായി.
എംവിആര്‍ രോഗശയ്യയിലായപ്പോള്‍ പിണറായിവിജയന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി. എംവിആര്‍ മരിച്ചപ്പോള്‍ മഹാനായ കമ്യൂണിസ്റ്റ് നേതാവെന്ന് വിശേഷിപ്പിക്കുകയും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തെ പാര്‍ടിയോട് ചേര്‍ക്കുകയും കണ്ണൂരിലെ ജില്ലാകമിറ്റി ഓഫീസ് പിടിച്ചെടുത്ത് ഐ.ആര്‍പിസി കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

എംവിആറിന്റെ ഒന്‍പതാമത് ചരമവാര്‍ഷികദിനാചരണത്തില്‍ ഉദ്ഘാടകനായി എത്തിയത് പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദനാണെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷിത്വദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും അതേ പാര്‍ടി സെക്രടറി തന്നെയാണ്. പാര്‍ടിയിലെ താത്വികാചാര്യനെന്ന് അറിയപ്പെടുന്ന എംവി ഗോവിന്ദന്‍ നയിക്കുന്ന സിപിഎമിന് ഇതിന് സൈദ്ധാന്തിക ഭാഷ്യം വൈരുധ്യാത്മിക ഭൗതികവാദത്തിന്റെ ആവനാഴിയില്‍ നിന്നും തപ്പിയെടുക്കാമെങ്കിലും പാര്‍ടി നല്‍കുന്ന വിശദീകരണ ക്യാംപ്‌സൂളുകള്‍ കഴിച്ചിട്ടും സന്ദേഹംമാറാതെ നില്‍ക്കുകയാണ് പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും.

Keywords: 28 years of Koothuparamba firing, Kerala, Kannur, News, CPM, Politics, Secretary, Police, Political party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia