മനുസ്മൃതി കത്തിച്ച നക്‌സലൈറ്റുകളും ഓര്‍ത്തില്ല ആ സമരത്തിനു കാല്‍ നൂറ്റാണ്ടു പിന്നിട്ടത്

 


തിരുവനന്തപുരം: (www.kvartha,com 03.09.2015) കേരളത്തിലെ നക്‌സലൈറ്റുകള്‍ ആദ്യമായി ജാതിക്കെതിരേ നടത്തിയ ഏറ്റവും ശ്രദ്ധേയ സമരത്തിന്റെ ഓര്‍മകള്‍ ആരും ഓര്‍ക്കാതെ കാല്‍നൂറ്റാണ്ടു പിന്നിടുന്നു. മനുസ്മൃതി കത്തിക്കല്‍ ആയിരുന്നു ആ സമരം. നടത്തിയത് അധ:സ്ഥിത നവോത്ഥാന മുന്നണി.

കെ വേണുവിന്റെ നേതൃത്വത്തിലുള്ള സിആര്‍സി സിപിഐ (എംഎല്‍) രൂപീകരിച്ച അധ:സ്ഥിത നവോത്ഥാനമുന്നണി 1989 സെപ്റ്റംബര്‍ ഒന്നിനു വൈക്കത്തുവച്ചാണു മനുസ്മൃതി കത്തിച്ചത്.
ആര്‍എസ്എസുകാര്‍ പരസ്യമായി സമരത്തിനെതിരേ രംഗത്തുവരികയും മനുസ്മൃതി കത്തിക്കുന്നത് പോലീസ് തടയുകയും ചെയ്തതിനേത്തുടര്‍ന്ന് വലിയ സംഘര്‍ഷമാണുണ്ടായത്. ബഹളത്തിനിടയില്‍ നവോത്ഥാന മുന്നണി പ്രവര്‍ത്തകര്‍ മനുസ്മൃതി കത്തിച്ചു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. കെ വേണു ഉള്‍പ്പെടെ 60 പേരെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തു. ഇ കെ നായനാരുടെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാരാണ് അന്നു കേരളത്തിലുണ്ടായിരുന്നത്.

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. പത്തുവര്‍ഷത്തിലധികം ആ കേസ് നടന്നു. പിന്നീട് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോട്ടയം ജില്ലാ സെഷന്‍സ് കോടതി മുഴുവന്‍ പേരെയും വെറുതേവിട്ടു. പ്രമുഖ അഭിഭാഷകന്‍ എ എക്‌സ് വര്‍ഗ്ഗീസ്, കെ എം സലിംകുമാര്‍ തുടങ്ങിയവരും പ്രതികളായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായിരുന്ന വിദ്യാര്‍ത്ഥി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനാണ്, കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലൊന്നില്‍. അന്ന് ഒന്നിച്ചു നിന്നു സമരം നടത്തി അറസ്റ്റു വരിച്ചവരാരും ഇപ്പോള്‍ ഒന്നിച്ച് ഒരു സംഘടനയിലും പ്രവര്‍ത്തിക്കുന്നില്ല.

സിആര്‍സി സിപിഐ (എംഎല്‍) പിരിച്ചുവിട്ട കെ വേണു പിന്നീട് ജെ എസ് എസില്‍ ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിച്ചു തോറ്റു. അധ:സ്ഥിത നവോത്ഥാന മുന്നണി കുറേക്കാലം സ്വതന്ത്രമായി നിലനിന്നെങ്കിലും പിന്നീടു നിര്‍ജ്ജീവമായി. ജാതിയും അധ:സ്ഥിത പീഡനവും അവസാനിപ്പിക്കാന്‍ ജാതിയുടെ മാനിഫെസ്റ്റോ ആയ മനുസ്മൃതി കത്തിക്കുക എന്നായിരുന്നു ആഹ്വാനം. കെ എം സലികുമാര്‍ ആയിരുന്നു അധ:സ്ഥിത നവോത്ഥാന മുന്നണി കണ്‍വീനര്‍. സിആര്‍സി സിപിഐ (എംഎല്‍) പോഷക അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന കെ വേണു ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷവും വേണു സ്ഥലത്തുതന്നെ ഉണ്ടായിരുന്നതുകൊണ്ട് സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് ആദ്യം അദ്ദേഹത്തെയാണ് അറസ്റ്റു ചെയ്തത്.

ഒന്നാം പ്രതിയാക്കുകയും ചെയ്തു. അതോടെ നക്‌സലൈറ്റുകള്‍ മനുസ്മൃതി കത്തിച്ചു എന്നായി വാര്‍ത്ത. അധ:സ്ഥിത നവോത്ഥാന മുന്നണി നടത്തിയ സമരത്തിന് നക്‌സലൈറ്റു സമരമെന്ന പേരു വീണതിനേച്ചൊല്ലിയും പിന്നീട് സിആര്‍സി സിപിഐ (എംഎല്‍) ല്‍ സംവാദവും വിവാദവമുണ്ടായിരുന്നു. കേരളത്തില്‍ അധ:സ്ഥിത വിഭാഗങ്ങള്‍ ദളിത് എന്ന വിശേഷണത്തിലേക്ക് എത്തുകയും ദളിത് സംഘടനകളായി അവരുടെ സംഘടനകള്‍ അറിയപ്പെടുകയും ചെയ്യുന്നതിനു മുമ്പായിരുന്നു മനുസ്മൃതി കത്തിക്കല്‍ സമരം.

മനുസ്മൃതി കത്തിക്കല്‍ സമരവുമായി ബന്ധപ്പെട്ടു നിരവധി അനുഭവങ്ങളാണ് സിപിഐ എംഎല്ലിനും
അധ:സ്ഥിത നവോത്ഥാന മുന്നണിക്കും ഉണ്ടായത്. നിരവധിപ്പേര്‍ പാര്‍ട്ടിയിലേക്കും പോഷക സംഘടനകളിലേക്കും ചേരാന്‍ തയ്യാറായി. സിപിഐ എംഎല്‍ കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കു നടത്തിയ മാര്‍ച്ചും വന്‍ വിജയമായി. കേരളത്തിന്റെ മൂലധനം ഉത്തരേന്ത്യന്‍ കുത്തകകള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആ സമരം.

സംസ്ഥാന വ്യാപകമായി കുത്തക വിരുദ്ധ സമരങ്ങള്‍ നടന്നു. എന്നാല്‍ ക്രമേണ സംരഭങ്ങളും സംഘടനയും നിര്‍ജ്ജീവമായി. കെ വേണു സിആര്‍സി സിപിഐ (എംഎല്‍) പിരിച്ചുവിട്ടു എന്ന വാര്‍ത്ത മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജില്‍ കോട്ടയത്തുനിന്ന് കെ രാജഗോപാല്‍ പേരുവച്ച് റിപ്പോര്‍ട്ടു ചെയ്തപ്പോഴാണ് പാര്‍ട്ടി ഇല്ലാതായെന്നു പ്രവര്‍ത്തകര്‍ പോലും അറിഞ്ഞത്.

മനുസ്മൃതി കത്തിച്ച നക്‌സലൈറ്റുകളും ഓര്‍ത്തില്ല ആ സമരത്തിനു കാല്‍ നൂറ്റാണ്ടു പിന്നിട്ടത്


Also Read:
കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭൂമി പൂജ; കാവിവല്‍ക്കരണത്തിനെതിരെ വ്യാപക പ്രതിഷേധം
Keywords:  25 Years after Manu Smrithy burning agitation; But forgotten by its organisers,Thiruvananthapuram, Police, Arrest, Injured, CPI, Media, Criticism, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia