6 മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം

 


കാസര്‍കോട്: (www.kvartha.com 01/10/2015) സംസ്ഥാനത്തെ ആറു മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. കാസര്‍കോട് എം.എല്‍.എ. നെല്ലിക്കുന്ന് ഏഴു തവണ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാനത്ത് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എവിടെയും ഇത് ആരംഭിച്ചിരുന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരെയോ മറ്റ് സൗകര്യങ്ങളോ ഏര്‍പെടുത്താതെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടവുമായി സഹകരിക്കില്ലെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം നീണ്ടു പോയത്. ഇപ്പോള്‍ സംസ്ഥാനത്ത് ആറു മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും തുടക്കമെന്നനിലയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും അടുത്തിടെ സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം മെഡിക്കല്‍ കോളജിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റുമോര്‍ട്ടം സൗകര്യം ഒരുക്കും. 

ഭാവിയില്‍ എല്ലാ ആശുപത്രികളിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇതിനായി അടിസ്ഥാന സൗകര്യമൊരുക്കാന്‍ പരമാവധി 10 ലക്ഷം രൂപ വരെ എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കാമെന്ന് എന്‍.എ നെല്ലിക്കുന്ന് അറിയിച്ചിരുന്നു. കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും തുക സമാഹരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കിയ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ തീരുമാനം സംബന്ധിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് എം.എല്‍.എ നെല്ലിക്കുന്ന് കെവാര്‍ത്തയോട് പറഞ്ഞു.
6 മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം

Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച; പ്രതിയുടെ രേഖാചിത്രത്തിലെ 'ആളെ പിടികിട്ടി'; സോഷ്യല്‍ മീഡിയ ചിരിച്ച് മരിക്കുന്നു

Keywords : Kasaragod, Hospital, Health Minister, 0ommen Chandy, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia