മധൂര്‍ ക്ഷേത്രത്തിലെ രണ്ടര കോടിയുടെ സ്വര്‍ണം കാണാതായി: അധികൃതര്‍ നിഷേധിക്കുന്നു
Apr 13, 2012, 14:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മധൂര്‍ സിദ്ധിവിനായക മദനന്തേശ്വര ക്ഷേത്രത്തില്‍ നിന്ന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി സൂചന. ഭക്തര്‍ ദേവന് കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണശേഖരത്തില്‍ നിന്നാണ് നടുക്കുന്ന ചോര്‍ച്ച സംഭവിച്ചത് പുറത്തുവന്നത്. ഓഡിറ്റ് വിഭാഗത്തിന്റെ വാര്‍ഷിക പരിശോധനയിലാണ് കോടികളുടെ നഷ്ടം കണ്ടെത്തിയിയത്. മാര്‍ച്ച് മൂന്നാംവാരത്തിലായിരുന്നു ക്ഷേത്രത്തില്‍ കണക്കെടുപ്പ് നടന്നത്. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളോ ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രഹികളോ അമൂല്യവസ്തുക്കളോ കാണാതായിട്ടില്ല.
നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളുടെ പട്ടിക അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശോധനാ സംഘം ഇതുസംബന്ധിച്ച് അടിയന്തിരവും അതീവഗൗരവുമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം മന്ത്രിയോട ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന്റെ റിപോര്‍ട്ട് അടുത്ത ദിവസം മന്ത്രിക്ക് കൈമാറും. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളില്പ്പെടുന്നതാണ് മധൂര്‍ ക്ഷേത്രം. കൊല്ലം തോറും ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണക്കെടുത്ത് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്താറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രജിസ്റ്ററും പുതിയതും ഒത്തുനോക്കിയപ്പോഴാണ് കോടികളുടെ നഷ്ടം കണ്ടെത്തിയത്.
കാസര്‍കോട് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ വന്‍ വെട്ടിപ്പുകള്‍ നടക്കുന്നതായി നേരത്തെ ആരോപണം നിലനില്‍ക്കുന്നുണ്ട്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തില്‍ വന്‍ തുക വെട്ടിച്ച സംഭവം കണ്ടെത്തിയിട്ടും കുറ്റക്കാരനായ ദേവസ്വം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ നേതാവാണ് മാരിയമ്മന്‍ ക്ഷേത്രക്കേസില്‍ ആരോപണവിധേയനായത്. ഈ നേതാവിനെ സി.ഐ.ടി.യുവില്‍ നിന്ന് നീക്കിയെങ്കിലും ദേവസ്വം ബോര്‍ഡിന് ഇയാളെ തൊടാന്‍ കഴിഞ്ഞിട്ടില്ല.
അതേ സമയം മധൂര്‍ ക്ഷേത്രത്തില്‍ രണ്ടരകോടിയുടെ സ്വര്‍ണം കാണാതായ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗവും ക്ഷേത്രകാര്യ-ആത്മീയകാര്യ-എസ്റ്റാബഌഷ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കൊട്ടറ വാസുദേവ് കെവാര്‍ത്തയോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്നും കൊട്ടറ വാസുദേവ് ഉറപ്പ് നല്കി.
മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് രണ്ടരക്കോടിയുടെ സ്വര്‍ണം കാണാതായിയെന്നത് ചില തല്പരകക്ഷികളുടെ പ്രചരണമാണെന്ന് മലബാര്‍ ദേവസ്വംബോര്‍ഡ് കാസര്‍കോട് അസി. കമ്മീഷണര്‍ എം. സുഗുണന്
പ്രതികരിച്ചു. ക്ഷേത്രത്തിലെ സ്വര്‍ണശേഖരം രണ്ട് ബാങ്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ സ്വര്ണമുതലുകളെ സംബന്ധിച്ച് പ്രത്യേക ലിസ്റ്റുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Temple, Gold, Missing, Madhur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
