Abuse Case | ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ കാണാന്‍ വീടുവിട്ട 15 കാരി വിജയവാഡയില്‍; ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തല്‍; 21 കാരന്‍ അറസ്റ്റില്‍
● വീടുവിട്ടിറങ്ങിയത് ഫോണ്‍ എടുക്കാതെ
● യാത്രയിലുടനീളം യുവാവുമായി സംസാരിച്ചത് സഹയാത്രികരുടെ ഫോണില്‍
● പെണ്‍കുട്ടിയെ ഒളിത്താവളത്തില്‍ നിന്നും മോചിപ്പിച്ചത് സാഹസികമായി
കോലഞ്ചേരി: (KVARTHA) ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ കാണാന്‍ വീടുവിട്ട 15 കാരിയെ വിജയവാഡയില്‍ കണ്ടെത്തി. ഈ മാസം നാലിന് കോലഞ്ചേരിയില്‍ നിന്നും കാണാതായ അസം സ്വദേശിനിയായ പതിനഞ്ചുകാരിയെ ആണ് വിജയവാഡയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ചന്ദന്‍ കുമാറി(21)നെ പുത്തന്‍കുരിശ് പൊലീസ് പിടികൂടി.
മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍ നിന്നാണ് പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തിയത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ചു യുവാവ് വിജയവാഡയിലെത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാലിന് പുലര്‍ച്ചെ എറണാകുളത്തേക്കു ബസില്‍ പോവുകയും അവിടെനിന്നു പെണ്‍കുട്ടി തനിച്ച് ട്രെയിനില്‍ യാത്ര ചെയ്ത് വിജയവാഡയില്‍ എത്തിച്ചേരുകയുമായിരുന്നു. പൊലീസ് കണ്ടു പിടിക്കാതിരിക്കാന്‍ യുവാവിന്റെ നിര്‍ദ്ദേശപ്രകാരം ഫോണ്‍ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പോയത്. അതുകൊണ്ടുതന്നെ യാത്രയില്‍ ഉടനീളം പെണ്‍കുട്ടി സഹയാത്രികരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്.
അവിടെയെത്തിയപ്പോള്‍ യുവാവിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ ജി ശശീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അപകടം നിറഞ്ഞ പ്രദേശത്ത് സാഹസികമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. റോഡ് മാര്‍ഗമാണ് പൊലീസ് വിജയവാഡയിലെത്തിയത്. വൈദ്യ പരിശോധനയില്‍ വാടക വീട്ടില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
പുത്തന്‍കുരിശ് ഡി വൈ എസ് പി വിടി ഷാജന്‍, ഇന്‍സ്‌പെക്ടര്‍ കെപി ജയപ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി ശശീധരന്‍, പീറ്റര്‍ പോള്‍ എ എസ് ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍ സീനിയര്‍ സിപിഒമാരായ പിആര്‍ അഖില്‍, കെആര്‍ രാമചന്ദ്രന്‍, എഎ അജ് മല്‍, ബിജി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#CrimeNews #ImmoralAbuse #Instagram #PoliceArrest #Vijayawada #MissingGirl