Legacy | സ്വദേശാഭിമാനിയുടെ നാടുകടത്തലിന് 114 വർഷം; തീപ്പന്തമായി ജ്വലിക്കുന്നു ഓർമ്മകൾ

 
114 Years Since Swadeshabhimani's Exile: His Legacy Lives On
114 Years Since Swadeshabhimani's Exile: His Legacy Lives On

Photo: Arranged

● അധികാരത്തെ ഭയക്കാതെ സത്യം പറഞ്ഞ പത്രപ്രവർത്തകൻ.
● മലയാള പത്രപ്രവർത്തനത്തിന് വലിയ സംഭാവന നൽകി.
● രാജഭരണത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നു.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) അനീതിക്കെതിര തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലിന് സെപ്റ്റംബർ 26ന് 114 വർഷം പൂർത്തിയാകുന്നു. കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ പോരാളിയുടെ ഓർമകൾ കടൽ തിരകൾ പോലെ അശാന്തമായി ഇന്നും രാഷ്ട്രീയ കേരളത്തിൻ്റെ മനസിൽ അടിച്ചുയരുന്നുണ്ട്. 

114 Years Since Swadeshabhimani's Exile: His Legacy Lives On

മാധ്യമപ്രവർത്തനം ഭരണകൂട - കോർപറേറ്ററ്റ് ദാസ്യപ്രവൃത്തിയായി മാറുന്ന ഈ കാലത്ത് സ്വദേശാഭിമാനിയുടെ ഓർമ്മകൾ തീപ്പന്തമായി ഇനിയും ജ്വലിപ്പിച്ചു നിർത്തേണ്ടതുണ്ട്. 1910 സെപ്റ്റംബർ 26ന്  തിരുവിതാംകൂർ ദിവാൻ രാജഗോപാലാചാരി ഒരു പ്രത്യേകവിളംബരം പുറപ്പെടുവിച്ചാണ് അനീതിക്കെതിരെ നിരന്തരം ക്ഷോഭിക്കുന്ന പത്രപ്രവവർത്തകനായ സ്വദേശാഭിമാനിയെ നാടുകടത്തിയത്. 

ഇപ്രകാരമായിരുന്നു ആ വിളംബരം: 'തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന സ്വദേശാഭിമാനി എന്ന വർത്തമാന പത്രത്തെ  അമർച്ച ചെയ്യുന്നതും  ആ പത്രത്തിന്റെ മാനേജിങ് പ്രൊപ്രൈറ്ററും എഡിറ്ററുമായ കെ രാമകൃഷ്ണപിള്ളയെ  നമ്മുടെ നാട്ടിൽ നിന്ന് നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമാണെന്ന് നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ കെ രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റ് ചെയ്തു നമ്മുടെ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്താക്കുകയും സ്വദേശാഭിമാനി എന്ന പത്രം അച്ചടിച്ചു വരുന്ന അച്ചടിയന്ത്രവും അതിന്റെ അനുസാരികളും അതിനെ സംബന്ധിച്ച് മറ്റു വസ്തുക്കളും നമ്മുടെ ഗവൺമെന്റിലേക്ക് കെട്ടിയെടുക്കണം എന്നും നാം ആജ്ഞാപിക്കുന്നു'.

ഇതേ തുടർത്താണ് തിരുവിതാംകൂറിൽ നിന്നും കണ്ണൂരിലേക്ക് രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെടുന്നത്. മലയാള പത്രപ്രവർത്തനത്തിന്റെ അവസാന വാക്കായ  സ്വദേശാഭിമാനിയെ നാടുകടത്തിയിട്ട് 114 വർഷം പൂർത്തിയാകുമ്പോഴും അദ്ദേഹം ഉയർത്തിക്കാട്ടിയ മൂല്യാധിഷ്ഠിത പത്രപ്രവർത്തനം പൂർണമായി അന്യം നിന്നിട്ടില്ല. തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തി രാജ്യമായ മദ്രാസിന്റെ തിരുനെൽവേലി ക്കടുത്തുള്ള  ആരുവായി മൊഴി എന്ന സ്ഥലത്തേക്കാണ് രാത്രി 12 മണിക്ക് പോലീസ് മേധാവി സ്വദേശാഭിമാനിയെ നാടുകടത്തിയത്. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായതിനാൽ  പിന്നീട് പാലക്കാട് വഴി കണ്ണൂരിലും സ്വദേശാഭിമാനി എത്തിച്ചേർന്നു 

അനീതിക്കും അഴിമതിക്കും രാഷ്ട്രീയ ദുരാചാരങ്ങൾക്കും എതിരെ എഴുത്ത് പടവാളാക്കിയ മലയാളത്തിലെ ധീരനായ പത്രപ്രവർത്തകനായിരുന്നു രാമകൃഷ്ണപിള്ള. രാജഭരണത്തിലെ അഴിമതിക്കെതിരെ അതിശക്തമായി പ്രതികരിച്ചത് ഭരണാധികാരികളുടെ ഉറക്കം കെടുത്തിയതിനാലാണ് പത്രത്തിന്റെ ശക്തി എന്തെന്ന് ബോധ്യപ്പെടുത്തിയ ദേശാഭിമാനിയെ നാടുകടത്താൻ ഭരണകൂടം തീരുമാനിച്ചത്. പഠനകാലത്ത് തന്നെ തെറ്റുകളോട് എന്നും കലഹിച്ച വ്യക്തിത്വമാണ് രാമകൃഷ്ണപിള്ള. സ്കൂളിൽ പഠിക്കുന്ന കാലത്ത് തൊട്ട് തന്നെ ലേഖനങ്ങൾ എഴുതുക ഒരു ശീലമായിരുന്നു.

രക്ഷിതാക്കളുടെ ലക്ഷ്യത്തിന് വിരുദ്ധമായി പത്രപ്രവർത്തനം ജീവിതലക്ഷ്യമായി കോളേജിൽ പഠിക്കുമ്പോൾ കേരള ദർപ്പണം എന്ന പത്രത്തിന്റെ പത്രാധിപസ്ഥാനം ഏറ്റെടുത്തതിന് വീട്ടിൽ നിന്ന് പുറത്തിറക്കിയായിരുന്നു രാമകൃഷ്ണപിള്ളയുടെ പോരാട്ടത്തിന്റെ തുടക്കം. ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും സാഹസികനായ പത്രപ്രവർത്തകനായിരുന്നു സ്വദേശാഭിമാനി എന്നു പറയുന്നതിൽ യാതൊരു സംശയവുമില്ല. വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങിയ പത്രമാണ് സ്വദേശാഭിമാനി. പത്രാധിപരായിരുന്ന സി പി ഗോവിന്ദപിള്ള പദവി ഒഴിഞ്ഞതിനെ തുടർന്ന് 1906 ലാണ് രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുക്കുന്നത്.

പത്രത്തിന്റെ നടത്തിപ്പിൽ ഒരു കാരണവശാലും ഇടപെടില്ല എന്ന ഉറപ്പ് വക്കം മൗലവി നൽകുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തു എന്നതാണ് സ്വദേശാഭിമാനിയുടെ വിജയത്തിന് ഏറ്റവും പ്രധാന കാരണം. ഭരണാധികാരികൾ വഴിതെറ്റുമ്പോൾ അവരെ നേർവഴിക്ക് നടത്തേണ്ട ചുമതല എന്നും പത്രങ്ങൾക്കാണ്. അത് ജനങ്ങളുടെ ശബ്ദമായി മാറുക തന്നെ വേണം. ഏത് തലമുറക്കും സ്വദേശാഭിമാനി മാതൃകയാണ്. ഇന്ത്യയിൽ കാറൽ മാർക്സിനെ പറ്റി ആദ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് സ്വദേശാഭിമാനിയാണ്.

ഗാന്ധിജിയെപ്പറ്റിയും പുസ്തകം എഴുതിയിട്ടുണ്ട്. 25 കൊല്ലം ഗ്രന്ഥങ്ങളുടെ ഉടമയാണ്. വൃത്താന്ത പത്രപ്രവർത്തനം, എന്റെ നാടുകടത്തൽ എന്നിവ ഏറ്റവും പ്രധാനപ്പെട്ടത്. പത്നി കല്യാണിക്കുട്ടിയമ്മ എഴുതിയ വ്യാഴവട്ട സ്മരണകൾ എന്ന ആത്മകഥ സ്വദേശാഭിമാനിയുടെ ജീവിതം എന്തായിരുന്നുവെന്ന് ഏതൊരാളെയും പഠിപ്പിക്കുന്നു. പത്ര പ്രവർത്തനത്തിലെ രക്ത നക്ഷത്രം  വരുംതലമുറക്ക് ആവേശം പകർന്നുകൊണ്ട്  കണ്ണൂർ പയ്യാമ്പലത്ത് അന്തിയുറങ്ങുന്നു.

#Swadeshabhimani #KeralaJournalism #FreedomOfPress #IndianHistory #SocialActivism #PoliticalHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia