SWISS-TOWER 24/07/2023

Excise | ലഹരി കടത്തിന് തടയിട്ട് എക്‌സൈസ്; ഓണം ഡ്രൈവില്‍ 10,469 കേസുകള്‍; 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 10469 കേസുകള്‍. ഇതില്‍ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായിട്ടുണ്ട്.

ആഗസ്റ്റ് 6ന് ആരംഭിച്ച ഓണം സ്‌പെഷ്യല്‍ ഡ്രൈവ് സെപ്റ്റംബര്‍ 5 നാണ് അവസാനിച്ചത്. 3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് പിടിച്ചത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എല്ലാ എക്‌സൈസ് സേനാംഗങ്ങളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

ഉത്സവാഘോഷ വേളകളിലും ജോലിയില്‍ വ്യാപൃതരായി, ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഡ്രൈവിന്റെ ഭാഗമായി. ചെക്ക്‌പോസ്റ്റിലുള്‍പ്പെടെ കൂടുതല്‍ പേരെ നിയോഗിച്ചായിരുന്നു ഡ്രൈവ് മുന്നോട്ടുകൊണ്ടുപോയത്.

കെമു മുഖേന അതിര്‍ത്തിയിലെ ഇടറോഡുകളിലും വ്യാപക പരിശോധന നടത്തി. സംസ്ഥാന-ജില്ലാ-താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിച്ചിരുന്നു. ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലെ പരിശോധനയും ശക്തമാക്കിയിരുന്നു. കൂടുതല്‍ മികവാര്‍ന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി എക്‌സൈസ് സേന മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

Excise | ലഹരി കടത്തിന് തടയിട്ട് എക്‌സൈസ്; ഓണം ഡ്രൈവില്‍ 10,469 കേസുകള്‍; 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
 

ഓണം ഡ്രൈവിന്റെ ഭാഗമായി 13,622 പരിശോധനകളാണ് എക്‌സൈസ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും സംഘടിപ്പിച്ചു. 1,41,976 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കേസുകളില്‍ 56 വാഹനങ്ങളും അബ്കാരി കേസുകളില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസര്‍ഗോഡ് ജില്ലയില്‍ (8 കേസുകള്‍).

അബ്കാരി കേസുകള്‍ ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട് (55), ഇടുക്കി (81 കേസുകള്‍) ജില്ലകളിലുമാണ്. സംസ്ഥാനത്താകെ പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2203 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ഓണം ഡ്രൈവിന്റെ ഭാഗമായി 409.6 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിന്‍, 9 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയില്‍, 83 ഗ്രാം മെതാംഫെറ്റമിന്‍, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു.

194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളില്‍ 1069.1 ലിറ്റര്‍ ചാരായം, 38311 ലിറ്റര്‍ വാഷ്, 5076.32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 585.4 ലിറ്റര്‍ വ്യാജമദ്യം, 1951.25 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Malayalam-News, Drug Trafficking, Excise, Seized, Case, Onam Drive, 10,469 cases in Onam drive; Excise seized drugs worth 3.25 crore.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia