Fact Check | 100 മണിക്കൂര്‍ ലൈവ്, അയ്യായിരം ചിത്രങ്ങള്‍; കായികമേളയെ ഹൈടെക്ക് ആക്കി കൈറ്റ്

 
100 Hours Live Coverage, 5000 Photos: KAITE Makes School Sports Event High-Tech
100 Hours Live Coverage, 5000 Photos: KAITE Makes School Sports Event High-Tech

Photo Credit: Website / Kite

● ഓരോ ദിവസവും ശരാശരി പത്ത് വീതം സ്റ്റോറികളും റീല്‍സുകളും ലഭ്യമാക്കി വരുന്നു
● 5000ലധികം ചിത്രങ്ങള്‍ സ്‌കൂള്‍ വിക്കിയില്‍
● സ്പോര്‍ട്‌സ് പോര്‍ട്ടല്‍ വഴി ഫലങ്ങള്‍ തത്സമയം
● കായികമേള സ്‌കൂള്‍ വിക്കിയില്‍ ലഭ്യമാക്കുന്നത് ഇത് ആദ്യമായി

തിരുവനന്തപുരം: (KVARTHA) ആദ്യമായി ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള ഹൈടെക് ആക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്). കൈറ്റിലെ എഴുപതോളം സാങ്കേതിക പ്രവര്‍ത്തകരുടേയും എറണാകുളം ജില്ലയിലെ 31 സ്‌കൂളുകളിലെ മുന്നൂറിലധികം വരുന്ന ലിറ്റില്‍ കൈറ്റ് സ് കുട്ടികളുടേയും നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പ്രവര്‍ത്തനം വിജയം കണ്ടത്.

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മേള തുടങ്ങിയ നവംബര്‍ നാല് മുതല്‍ നവംബര്‍ 10 വരെ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉള്ളടക്കമാണ് ലൈവായി നല്‍കിയത്. ഇത് മുഴുവനും കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍ (www(dot)youtube(dot)com/itsvicters) ലഭ്യമാണ്. ഓരോ ദിവസവും ശരാശരി പത്ത് വീതം സ്റ്റോറികളും റീല്‍സുകളും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും കൈറ്റിന്റേയും സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാക്കി വരുന്നു.

മുഴുവന്‍ മത്സര ഇനങ്ങളുടേയും രജിസ്ട്രേഷന്‍ മുതല്‍ മത്സര പുരോഗതിയും ഫലങ്ങളും മീറ്റ് റെക്കോര്‍ഡുകളുമെല്ലാം സമഗ്രമായി രേഖപ്പെടുത്തുന്നതും ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതും കൈറ്റ് തയാറാക്കിയ സ്പോര്‍ട്സ് പോര്‍ട്ടല്‍ (www(dot)sports(dot)kite(dot)kerala(dot)gov(dot)in) വഴിയാണ്. 

ഓരോ മത്സരം കഴിയുമ്പോഴും ഫോട്ടോ ഫിനിഷില്‍ ഉള്‍പ്പെടെ ഫലം നിശ്ചയിച്ച ശേഷം അവ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും അനൗണ്‍സ് ചെയ്യുന്ന വിവരം തത്സമയം കൈറ്റ് വിക്ടേഴ്സിലും മഹാരാജാസ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള വീഡിയോവാളുകളിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. മത്സര ഫലങ്ങളുടെ പ്രദര്‍ശനത്തിനും വിശകലനത്തിനും ഒരു മാസം മുമ്പേ ഗ്രാഫിക്സ്, അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു.

സ്‌കൂള്‍ വിക്കിയില്‍ (www(dot)schoolwiki(dot)in) കായികമേളയുടെ 5000 ചിത്രങ്ങള്‍ ലിറ്റില്‍ കൈറ്റ് സ് അംഗങ്ങള്‍ വഴി അപ്ലോഡ് ചെയ്തുകഴിഞ്ഞു. 2016 മുതല്‍ കലോത്സവ ചിത്രങ്ങളും രചനകളും നല്‍കിവരുന്നുണ്ടെങ്കിലും കായികമേള സ്‌കൂള്‍ വിക്കിയില്‍ ലഭ്യമാക്കുന്നത് ഇത് ആദ്യമായാണ്. കൈറ്റ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ചാണ് ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍.

പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടില്‍ മാത്രം എട്ട് സ്റ്റഡി ക്യാമറകളും ജിമ്പലും ഹെലിക്യാമും ഉപയോഗിച്ചു. ഒരേ സമയം 16 ക്യാമറകളില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങള്‍ മാറി മാറി സംപ്രേഷണം ചെയ്യാന്‍ ചെന്നൈയില്‍ നിന്ന് വീഡിയോ മിക്സറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നു. കണ്ടെയ്നര്‍ റോഡിലെ സൈക്ലിംഗ് മത്സരം പൂര്‍ണമായും ഹെലിക്യാം ഉപയോഗിച്ചാണ് സംപ്രേഷണം ചെയ്തത്.

ദൃശ്യങ്ങള്‍ക്ക് പുറമേ ഓരോ കായിക ഇനങ്ങളെക്കുറിച്ചും വിജ്ഞാനപ്രദമായ വിവരങ്ങള്‍ കൂടി ലഭ്യമാക്കിയാണ് മേള വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്തത്. നാലു പതിറ്റാണ്ടായി സ്പോര്‍ട്സ് കമന്ററി മേഖലയിലുള്ള ശ്രീകുമാരന്‍ നായര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൃത്യമായ ആസൂത്രണവും രാവിലെ അഞ്ച് മണി മുതല്‍ രാത്രി എട്ടരവരെയുള്ള കൈറ്റ് ടീമിന്റെ നിരന്തര പ്രയത്നവും കൊണ്ടാണ് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഈ മിനി - ഒളിംപിക്സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു.

#KAITE #SchoolSports #KeralaEvent #LiveStreaming #LittleKites #HighTechSports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia