Climate Action | ഡ്രോണ്‍ ഉപയോഗം മത്സ്യമേഖലയില്‍ വഴിത്തിരിവാകുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍
● രാജ്യത്ത് 100 കാലാവസ്ഥാ പ്രതിരോധ മത്സ്യഗ്രാമങ്ങള്‍ വികസിപ്പിക്കും
● ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് കോടി രൂപ വകയിരുത്തി
● ഒരു ലക്ഷം മത്സ്യബന്ധന യാനങ്ങളില്‍ ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിക്കും
● ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത് ഐ എസ് ആര്‍ ഒ ജിസാറ്റ് 6 ഉപഗ്രഹം ഉപയോഗിച്ച്
● 364 കോടി ചിലവ് വരുന്ന പദ്ധതിയാണിത്
കൊച്ചി: (KVARTHA) ഡ്രോണുകളുടെ വരവ് മത്സ്യമേഖലയില്‍ ഒരു വഴിത്തിരിവായിരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കി മത്സ്യബന്ധനം, കൃഷി, പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയ്ക്ക് വേഗം കൂട്ടാന്‍ ഡ്രോണ്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യമേഖലയിലെ ഡ്രോണ്‍ ഉപയോഗ സാധ്യതകളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി എം എഫ് ആര്‍ ഐ) നടന്ന ശില്‍പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 കാലാവസ്ഥാ പ്രതിരോധ മത്സ്യഗ്രാമങ്ങള്‍
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാന്‍ രാജ്യത്ത് 100 കാലാവസ്ഥാ പ്രതിരോധ തീരദേശ മത്സ്യഗ്രാമങ്ങള്‍ വികസിപ്പിക്കുമെന്നും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സ്യം ഉണക്കുന്നതിനുള്ള യാര്‍ഡുകള്‍, സംസ്‌കരണ കേന്ദ്രങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍, എമര്‍ജന്‍സി റെസ്‌ക്യൂ സൗകര്യങ്ങള്‍, കടല്‍പ്പായല്‍ കൃഷി, കൃത്രിമ പാരുകള്‍, ഹരിത ഇന്ധന സംരംഭങ്ങള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെട്ട മത്സ്യഗ്രാമങ്ങളില്‍ സ്ഥാപിക്കും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതു സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സംരംഭത്തിന് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ പശ്ചാത്തലത്തില്‍, മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിരമായ സാമ്പത്തിക-ഉപജീവന അവസരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ലക്ഷത്തോളം മത്സ്യബന്ധന യാനങ്ങളില്‍ ഈ വര്‍ഷം ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഐ എസ് ആര്‍ ഒ ജിസാറ്റ് 6 ഉപഗ്രഹം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. 364 കോടി ചിലവ് വരുന്ന പദ്ധതിയാണിതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഫോണ്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയ്ക്കാനും മത്സ്യബന്ധന യാനങ്ങളുടെ തത്സമയ ട്രാക്കിംഗ് സാധ്യമാക്കാനും ഈ സംവിധാനത്തിന് കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രകൃതി ദുരന്തങ്ങളും ചുഴലിക്കാറ്റ് പോലെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും മീന്‍പിടുത്തം നടത്തുന്നവരിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ ട്രാന്‍സ്പോണ്ടറുകള്‍ ഉപകരിക്കും.
മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍ ഉള്‍പ്പെടെ 700 ഓളം പേരാണ് ബോധവല്‍കരണ സംഗമത്തില്‍ പങ്കെടുത്തത്. മത്സ്യകൃഷിയിടങ്ങളില്‍ മീനുകള്‍ക്ക് തീറ്റ നല്‍കല്‍, വിളവെടുത്ത മത്സ്യം വഹിച്ച് ഉപഭോക്താക്കളിലെത്തിക്കല്‍ ലൈഫ് ജാക്കറ്റ് നല്‍കിയുള്ള ദുരന്തനിവാരണം തുടങ്ങി മത്സ്യമേഖലയിലെ ഡ്രോണ്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ ഡ്രോണ്‍ പറത്തി വിദഗ്ധര്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് ചീഫ് എക്സിക്കുട്ടീവ് ഡോ ബി കെ ബെഹറ, സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്, സിഫ് റ്റ് ഡയറക്ടര്‍ ഡോ ജോര്‍ജ് നൈനാന്‍, ഡോ വി വി ആര്‍ സുരേഷ്, ഡോ ശോഭ ജോ കിഴക്കൂടന്‍ എന്നിവര്‍ സംസാരിച്ചു.
#FisheriesUpdate, #ClimateResilience, #DroneTechnology, #SustainableFishing, #GovernmentInitiatives, #CoastalSafety