സൂക്ഷിക്കുക, നിങ്ങള്‍ കഴിക്കുന്നത് കറുവാപ്പട്ടയല്ല; എലിവിഷം ഉണ്ടാക്കുന്ന കൊമറിന്‍ അടങ്ങിയ കാസിയ

 


എം.കെ. ജോസഫ്

കോഴിക്കോട്: (www.kvartha.com 12/08/2015) ബിരിയാണിയും നെയ്‌ച്ചോറും രുചികരമാക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കറുവാപ്പട്ട യഥാര്‍ത്ഥത്തില്‍ കറുവാപ്പട്ടയല്ല. കാസിയ എന്ന മാരക വിഷമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ എലിവിഷം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കാസിയയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്. ഒട്ടുമിക്ക വ്യാപാരികളും നിങ്ങളെ ഇത്രനാളും വഞ്ചിക്കുകയായിരുന്നുവെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം.

യൂറോപ്പിലും അമേരിക്കയിലും ജര്‍മ്മനിയിലും ഭക്ഷണത്തില്‍ കാസിയ നിരോധിച്ചിട്ടും കറുവാപ്പട്ടയെന്ന പേരില്‍ ഇന്ത്യയില്‍ ഇന്നും വിറ്റഴിക്കുന്നത് കാസിയയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കാസിയ വിറ്റഴിയുന്നത് കേരളത്തിലും. കറുവാപ്പട്ടയെന്ന പേരില്‍ വിറ്റഴിക്കുന്ന കാസിയയില്‍ കൊമറിന്‍ എന്ന രാസപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനികരമാണ്. കരളിന്റെയും, വൃക്കയുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന രാസവസ്തുവാണ് കൊമറിന്‍. കറുവാപ്പട്ടയുടെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്യമാണ് കാസിയ. വിപണിയില്‍ ലഭിക്കുന്നതിന്റെ 90 ശതമാനവും കാസിയയാണ്. രുചിയിലും മണത്തിലും ഇവ രണ്ടും ഒരു പോലെയാണ്. വിപണിയില്‍ ലഭിക്കുന്നതിന്റെ മുഖ്യ പങ്കും ഇറക്കുമതിയിലൂടെയണ്.

കോര്‍പറേറ്റ് കമ്പനികളാണ് ഇന്ത്യയില്‍ കാസിയ ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്‌നാം, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇറക്കുമതി നടത്തുന്നത്. കാസിയ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ മുഖ്യ ഭക്ഷ്യവിപണന കേന്ദ്രങ്ങളിലെല്ലാം കറുവാപ്പട്ട എന്ന പേരില്‍ വിറ്റഴിയുന്നത് കാസിയയാണ്. ഇന്ത്യയിലെ ആയുര്‍വേദ മരുന്നുകളില്‍ കാസിയ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. കണ്ടാലും മണത്താലും രുചിച്ചാലും കാസിയ എന്ന വസ്തുവിനെ തിരിച്ചറിയാനാവില്ല. അതുകൊണ്ടുതന്നെയാണ് തുച്ഛമായ വിലയ്ക്കു ലഭിക്കുന്ന കാസിയ വ്യാപാരികള്‍ പത്തിരട്ടിയോളം ലാഭമെടുത്ത് കറുവാപ്പട്ടയെന്ന പേരില്‍ വില്‍പന നടത്തുന്നത്.

അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ എലിവിഷത്തിനായാണ് കാസിയ ഉപയോഗിക്കുന്നത്. കാസിയയില്‍ കൊമറിന്‍ എന്ന വിഷപദാര്‍ത്ഥം എട്ട് ശതമാനം അടങ്ങിയിട്ടുള്ളതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടോക്‌സിക്കോളജി റിസര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്. ഉള്ളിലെത്തിയാല്‍ കരളും വൃക്കയും തകരാറിലാകും. കുടല്‍രോഗങ്ങള്‍ക്ക് വഴിവെക്കും. കാസിയയുടെ വില്‍പന പൊടിപൊടിക്കുമ്പോഴും സംസ്ഥാനത്ത് ഇതിന് നിരോധനമില്ല. അതിനാല്‍ സംസ്ഥാന ഫുഡ് സേഫ്റ്റി വകുപ്പ് നടപടിയെടുക്കുന്നുമില്ല. കറുവാപ്പട്ട എന്ന പേരില്‍ കാസിയ വില്‍ക്കരുതെന്നു മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. കിലോയ്ക്ക് 100 രൂപ മാത്രമേയുള്ളൂ  എന്നതിനാല്‍  ഹോട്ടലുകള്‍ക്ക് കാസിയയോടാണ് പ്രിയം.

കറുവാപ്പട്ട കിലോയ്ക്ക് 250 രൂപയാണ്. ഒന്നാംഗ്രേഡ് കറുവാപ്പട്ടയ്ക്ക് വില ഇതിലും കൂടും. നേരത്തേ 50 രൂപയ്ക്ക് ലഭിച്ചിരുന്ന കാസിയയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് വില ഇരട്ടിയായത്. ഏകദേശം 12,000 ടണ്‍ കറുവപ്പട്ടയാണ് ഒരുവര്‍ഷം രാജ്യത്ത് ആവശ്യമായി വരുന്നത്. 200 ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. 10,000 ടണ്‍ കാസിയ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് സ്‌പൈസസ് ബോര്‍ഡിന്റെ കണക്ക്.

കാസിയ വ്യാപകമായി ഇറക്കുമതി ചെയ്യുന്നതോടെ കേരളത്തിലെ കറുവാപ്പട്ട കര്‍ഷകരും പ്രതിസന്ധിയിലാണ്. കറുവാപ്പട്ടയെന്ന പേരില്‍ കാസിയ വില്‍ക്കുന്നതായുള്ള പരാതികളെ തുടര്‍ന്ന് നേരത്തേ വ്യാപക പരിശോധന നടത്തിയിരുന്നു. പിടിക്കപ്പെട്ടാല്‍ മൂന്ന് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ഫുഡ് സേഫ്റ്റി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പരിശോധന പോലും നടക്കാത്തതിനാല്‍ ഒട്ടുമിക്ക വ്യാപാരികളും കറുവാപ്പട്ടയെന്ന പേരില്‍ കാസിയയാണ് വിറ്റഴിക്കുന്നത്.
സൂക്ഷിക്കുക, നിങ്ങള്‍ കഴിക്കുന്നത് കറുവാപ്പട്ടയല്ല; എലിവിഷം ഉണ്ടാക്കുന്ന കൊമറിന്‍ അടങ്ങിയ കാസിയ

Keywords: Cassia, Cinnamon, Food, Rat poison, Merchant, Cheating, Market.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia