വൈഗ ഡാം തുറന്നു; മേല്‍നോട്ട സമിതി തിങ്കളാഴ്ച മുല്ലപ്പെരിയാറില്‍

 


ഇടുക്കി: (www.kvartha.com 24.11.2014) മേല്‍നോട്ട സമിതി തിങ്കളാഴ്ച സന്ദര്‍ശിക്കാനിരിക്കെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാടിന്റെ തീവ്രശമം. ഇതിന്റെ ഭാഗമായി മുല്ലപ്പെരിയാര്‍ ജലം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് തുറന്നുവിട്ടു. ഇതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.20 അടിയായി കുറഞ്ഞു. സമിതിയുടെ സന്ദര്‍ശനത്തിന് ശേഷം കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കുറച്ച് ജലനിരപ്പ് പരമാവധി 140ല്‍ നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ നീക്കം. ഞായറാഴ്ച ഡാം സന്ദര്‍ശനത്തിനെത്തിയ റോഷി അഗസ്റ്റിന്‍ എം.എല്‍.എയെയും സംസ്ഥാന ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസിനെയും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

അണക്കെട്ടില്‍നിന്ന് 2043 ഘനയടി വെള്ളമാണ് സെക്കന്റില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതേസമയം, ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 1007 ഘനടയി മാത്രമാണ്. 174 ദശലക്ഷം ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുളള വൈഗയില്‍ മുല്ലപ്പെരിയാര്‍ ജലം വെളളിയാഴ്ച തുറന്നുവിട്ടതോടെ 172 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെളളം ശേഖരിക്കപ്പെട്ടിരുന്നു. ഡാം നിറയുമെന്ന് വന്നതോടെയാണ് തുറന്നുവിടാന്‍ തമിഴ്‌നാട് നിര്‍ബന്ധിതമായത്. സുപ്രീം കോടതി നിര്‍ദേശിച്ച അനുവദനീയ സംഭരണശേഷിയായ 142 അടിയില്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തില്‍ ഇനി 136നും 140നും ഇടയില്‍ ജലനിരപ്പു ക്രമീകരിച്ചു നിലനിര്‍ത്താനാണു തമിഴ്‌നാടിന്റെ തീരുമാനം. മഴ കുറഞ്ഞതോടെ ജലനിരപ്പുയരാന്‍ സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വിലയിരുത്തല്‍.

വൈഗ ഡാം തുറന്നു; മേല്‍നോട്ട സമിതി തിങ്കളാഴ്ച  മുല്ലപ്പെരിയാറില്‍സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഞായറാഴ്ച രാവിലെ 10.30ഓടെ എം.എല്‍.എയും ദുരന്ത നിവാരണ അതോറിറ്റി തലവനും അണക്കെട്ടിലെത്തിയത്.  സ്വീപ്പേജ് വാട്ടറിന്റെ തോത് അളക്കുക, ചില ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന വിവരം അന്വേഷിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.

അണക്കെട്ട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ തേനി കലക്ടര്‍ക്ക് ശനിയാഴ്ച ഫാക്‌സ് അയച്ചിരുന്നു. ഞായറാഴ്ച രാവിലെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ തമിഴ്‌നാട് പി.ഡബ്ല്യു.ഡി. അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് അറിയിച്ച് അണക്കെട്ടിലെ ഉദ്യോഗസ്ഥര്‍ ഇരുവരെയും തടയുകയായിരുന്നു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം സംഘം തിരികെ മടങ്ങി. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് സംസ്ഥാന പരിധിയില്‍ എവിടെയും പരിശോധന നടത്താമെന്ന സ്വാതന്ത്ര്യമാണ് തമിഴ്‌നാട് തടസ്സപ്പെടുത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Mullaperiyar Dam, Mullaperiyar, Water, Level, Decrease, Vaigai Dam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia