മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്ത് പ്രതികളുടെ മൊഴി; സഭയ്ക്കു മുന്നില്‍ 'പ്രതിഷേധ നിയമസഭ' ചേര്‍ന്ന് പ്രതിപക്ഷം, 'അടിയന്തര പ്രമേയം' അവതരിപ്പിച്ചു
Aug 12, 2021, 13:09 IST
തിരുവനന്തപുരം: (www.kvartha.com 12.08.2021) മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധ നിയമസഭ ചേര്‍ന്ന് പ്രതിപക്ഷം.
ഡോളര്‍ കടത്തുകേസില്‍ പ്രതിപക്ഷം പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബെല്‍ മുഴക്കിയും സമയനിയന്ത്രണം ഓര്‍മിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയ അവതരണം. പികെ ബഷീര്‍ എം എല്‍ എ ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.
അടിയന്തര പ്രമേയത്തിന് പിടി തോമസ് എംഎല്‍എ ആയിരുന്നു നോടിസിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീകെര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭയ്ക്കുള്ളിലെ അകത്തെ കവാടത്തില്‍ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്കു പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നത്.
എന്‍ ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീകെര്‍ ആയത്. തുടര്‍ന്ന് പിടി തോമസ് അടയന്തര പ്രമേയ നോടിസ് അവതരിപ്പിക്കുകയും ചെയ്തു. പിജെ ജോസഫ്, അനൂപ് ജേകെബ് തുടങ്ങിയവരും ഇതിനു പിന്നാലെ സംസാരിച്ചു. ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തില്‍ സഭയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ക്യാപ്റ്റനാണെങ്കില്‍ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പി ടി തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു.
ഇടത് സര്‍കാര്‍ നിരന്തരമായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമിഷനെ പറഞ്ഞുവിട്ടു. പിന്നീട് നിയമസഭ പ്രിവിലേജ് കമിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവും ഒടുവില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാല്‍, ഹൈകോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.
കസ്റ്റംസ് ആക്ടിലെ 108-ാം വകുപ്പ് പ്രകാരമാണ് സ്വപ്നയും സരിത്തും മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഗൗരവമുള്ള കാര്യമാണ്. നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യുഎഇയിലേക്ക് പാകെറ്റ് കൊടുത്തു വിട്ടത് എന്തുകൊണ്ടാണ്. വിമാനത്താവളം വഴി ആര്‍ക്കു വേണമെങ്കിലും ഇത്തരമൊരു പാകെറ്റ് കൊണ്ടു പോകാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുളളയാളുടെ കൈവശം ഇത് കൊടുത്ത് വിട്ടത് എന്തിനാണെന്നും സതീശന്‍ ചോദിച്ചു.
Keywords: Opposition convenes Protest Symbolic Assembly outside assembly for rejecting adjournment motion, Thiruvananthapuram, News, UDF, Protesters, Chief Minister, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.