മാധവ് ഗാഡ്ഗില്‍ കമ്മിറ്റി: സംസ്ഥാന സര്‍ക്കാര്‍ നിലപാടിന്റെ പൂര്‍ണരൂപം
Dec 1, 2012, 18:40 IST
തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിനോടുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കി. അതിന്റെ പൂര്‍ണരൂപം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
എന്താണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി
പശ്ചിമഘട്ടമേഖലയുടെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുവാനും പശ്ചിമഘട്ട മേഖലയ്ക്കുള്ളില്‍ വരുന്ന പരിസ്ഥിതി ദുര്ബലപ്രദേശമെന്ന് പ്രഖ്യാപിക്കേണ്ട പ്രദേശങ്ങള്‍ വേര്‍തിരിക്കാനും പരിസ്ഥിതി (സംരക്ഷണ) നിയമം (1986) അനുസരിച്ച് ഇതുപോലുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കുവാനുള്ള ശുപാര്‍ശ നല്കുവാനുമാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയെ കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം നിയോഗിച്ചത്.
ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ അതുപോലെ നടപ്പാക്കിയാല്‍ ഊര്‍ജ്ജോത്പാദനം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍, ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ നിയമസഭയില്‍ സജീവമായി ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. അവരുടെ റിപ്പോര്‍ട്ട് കഴിഞ്ഞ 28-ലെ മന്ത്രിസഭ യോഗം പരിഗണിക്കുകയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ചില കാര്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അവ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ വിദഗ്ധ സമിതിയെ അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തിലെ ഭരണഘടനാപരമായ വ്യവസ്ഥകളും പശ്ചിമഘട്ട മേഖലയുടെ സംരക്ഷണ കാര്യത്തില്‍ തര്‍ക്കവിഷയമാണ്.
സംസ്ഥാന സര്‍ക്കാരിന് വിയോജിപ്പുള്ള മേഖലകള്‍
മേഖല തിരിക്കല്‍
ദേശീയ ശരാശരിയായ 19.50 ശതമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ കാടുകള്‍ (28.88 ശതമാനം). പശ്ചിമഘട്ടത്തെ, ഇടനാടും തീരപ്രദേശവും ഉള്‍പ്പെടുത്തി, മൂന്ന് പരിസ്ഥിതി ദുര്‍ബല മേഖലകളായി തിരിച്ച് കൃഷിക്കും വികസനത്തിനും വേണ്ടിയുള്ള ഭൂവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാണ് പാനല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പശ്ചിമഘട്ടമേഖലയ്ക്കുള്ളിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ രേഖപ്പെടുത്താന്‍ ചുമതലപ്പെട്ട പാനല്‍ കേരളത്തിന്റെ ഇടനാട്, തീരപ്രദേശം എന്നീ മേഖലകളെക്കൂടി അതിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ 63-ല്‍ 36 താലൂക്കുകളും 152-ല്‍ 80 ബ്ലോക്ക് പഞ്ചായത്തുകളും 978-ല്‍ 546 പഞ്ചായത്തുകളും പശ്ചിമഘട്ട മേഖലയ്ക്കുള്ളിലാണ്. എന്നാല്‍, റിപ്പോര്‍ട്ടില്‍ (സെക്ഷന്‍ 10, പേജ് 21) പറയും പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശത്തി (Ecologically Sensitive Zone)നായി ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ നടത്തിപ്പ് വേണമെന്നത് കേരളത്തിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല. ഡെക്കാന്‍ പീഢഭൂമിയില്‍ പെടാത്ത കേരളത്തിന് തനതായ മൂന്ന് ഡിവിഷനുകള്‍ ഉണ്ട് - മലനാട്, ഇടനാട്, തീരപ്രദേശം. പാനല്‍ റിപ്പോര്‍ട്ട് പ്രകാരം തരംതിരിക്കുമ്പോള്‍ മലനാട് നീണ്ട് ഒരുബന്ധവുമില്ലാത്ത തീരപ്രദേശം (ESZ 3 വിഭാഗം) വരെ വരുന്നു.
കേരളത്തിന് മാത്രമായി അഭിമുഖീകരിക്കേണ്ടിവരുന്ന ഭൂവിനിയോഗം, ജനസംഖ്യാവര്‍ദ്ധനയുടെ സമ്മര്‍ദ്ദം, സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളാതെ പശ്ചിമഘട്ടത്തെ ഒറ്റ യൂണിറ്റായി കണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ അളവുകോല്‍ കൂടുതല്‍ കര്‍ശനമാണ്. ഇവിടെ 50 മീറ്ററിന് മുകളില്‍ പശ്ചിമഘട്ടമാകുമ്പോള് മറ്റു സംസ്ഥാനങ്ങളില്‍ അത് 500 മീറ്ററിന് മുകളിലാണ്.
വലിയ പ്രദേശങ്ങള്‍ സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ട് അതിന് യോജിക്കാത്ത പ്രദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി ഒഴിവാക്കാനാണ് ഉദ്ദേശ്യം. ഇതിന് അനേകം വര്‍ഷങ്ങളെടുക്കും. ഇത് തീരുംവരെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരും. വിചാരണ ചെയ്യുമ്പോള്‍ ജീവപര്യന് ന്തം ജയിലില്‍ അടയ്ക്കുന്നതിനു തുല്യമാണിത്. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പോലും ഇക്കാര്യങ്ങളില്‍ പൊതുവായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് (Amrutmanthan-WGEEP: Rebuttal to objections raised by Dr C P Vibhute).
രാജ്യാന്തര പരിഗണന കിട്ടിയ 39 പശ്ചിമഘട്ട മേഖലകളില്‍ 19 എണ്ണം (സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടിയത്) കേരളത്തിലാണ്. അവയില്‍ 10 എണ്ണം നിലവില്‍ സംരക്ഷിത മേഖലകളാണ്. ഒമ്പത് എണ്ണം റിസര്‍വ് അല്ലെങ്കില്‍ ഉള്‍വനമാണ്. നിലവിലുള്ള നിയമങ്ങളാല്തന്നെ ഇവ പരിപാലിക്കപ്പെടുന്നുണ്ട്. പാനലിന്റെ നിര്‍ദ്ദേശാനുസരണം പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യം അതുകൊണ്ടുതന്നെ ഉണ്ടാകുന്നില്ല. പശ്ചിമഘട്ടത്തിന് ലഭിച്ച ലോക പൈതൃക കേന്ദ്രം എന്ന പദവിയില്‍ പരമ്പരാഗതമായി വനമായിരിക്കുന്ന മലനാടാണ് സംരക്ഷിക്കപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഇടനാടും തീരപ്രദേശവും അതില്‍ വരുന്നില്ല.
മൊത്തം ഡാറ്റ പരിശോധിക്കാനോ പ്രണോബ് സെന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളാനോ പാനലിന് സമയക്കുറവു മൂലം കഴിഞ്ഞില്ലെന്നും (ബോക്സ്: നാല്, സെക്ഷന്‍ 9.1, പേജ് 18) അതിരുകളുടെ കാര്യത്തില്‍ അവധാനതയോടെയുള്ള പരിശോധനയ്ക്ക് വേണ്ടത്ര സമയം കിട്ടാത്തതിനാല്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച അതിരുകളില്‍ പശ്ചിമഘട്ട ഇക്കോളജി അതോറിറ്റി വീണ്ടും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും (പേജ് ഏഴ്) പാനല്‍ സമ്മതിക്കുന്നു. റിപ്പോര്‍ട്ടിലെ അനുബന്ധം നാല്-ലെ അപൂര്‍ണമായ ശാസ്ത്രീയ വിവരണത്തെ അടിസ്ഥാനമാക്കിയാണ് മേഖല തിരിച്ചിരിക്കുന്നതെന്ന് വ്യക്തം.
പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി
പശ്ചിമഘട്ട മേഖലയിലേക്ക് മുമ്പു നടന്ന കുടിയേറ്റത്തിന് ചരിത്രപരവും, സാമൂഹിക-രാഷ്ട്രീയ, വാണിജ്യ, വ്യാപാരപരവുമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട്, വൈദ്യുതി ഉത്പാദനത്തിനും കാര്‍ഷിക ആവശ്യത്തിനായുള്ള ജലസേചന പദ്ധതികള്‍ക്ക് അണക്കെട്ടുകള്‍ നിര്‍മിച്ചു.
പാരിസ്ഥിതിക നീതിയെ മുറുകെപ്പിടിക്കുമ്പോഴും, പാരിസ്ഥിതിക പരിഗണനകള്മൂലം ഒരു വ്യക്തിയോ, സമൂഹമോ ക്രമാതീതമായ ക്ലേശം അനുഭവിക്കാന്‍ ഇടവരുത്തരുത് എന്ന ഭരണഘടനാ കര്‍ത്തവ്യം സര്‍ക്കാരിന് ഉറപ്പാക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിനുണ്ടാകുന്ന പാരിസ്ഥിതിക തകര്‍ച്ചയ്ക്കുള്ള പരിഹാരം കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ പശ്ചിമഘട്ടത്തിനു പുറത്തുള്ള മേഖലകളില്‍ അടിച്ചേല്‍പ്പിക്കലല്ല. ഇത് എങ്ങനെ മലനാടിലെ വനസംരക്ഷണത്തിന് ഉപകാരപ്പെടുമെന്ന് യാതൊരു സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുമില്ല.
പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗൗരവതരമായ ഉത്കണ്ഠയുണ്ട്. ഇത് വ്യവസ്ഥാപിതമായ നടപടിക്രമങ്ങളെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും തകിടംമറിക്കുകയും പരിസ്ഥിതി നിയമങ്ങളെ ലംഘിക്കുകയും ചെയ്യും. പരിസ്ഥിതി കേന്ദ്ര വിഷയവും നിയന്ത്രണങ്ങള്‍ പശ്ചിമഘട്ടം വരുന്ന സംസ്ഥാനങ്ങളുടെ അധികാരപരിധിക്കുള്ളിലുമാണ്. പരിസ്ഥിതി നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സംസ്ഥാനത്തെ കൂറേ ഭാഗത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയും എന്നുവരുന്നത് വിലക്ഷണമാണ്.
ജലവൈദ്യുത പദ്ധതികള്‍
കാര്‍ഷിക കേന്ദ്രീകൃതമായ സാമൂഹിക, സാമ്പത്തിക ഘടന നിലനില്‍ക്കുന്ന കേരളത്തില്‍, നദികളെ ജലസേചനത്തിനും വൈദ്യുതിക്കും ഉപയോഗപ്പെടുത്തുന്നത് ന്യായീകരിക്കത്തക്കതാണ്. പാരിസ്ഥിതിക കരുതലുകളോടെ തയ്യാറാക്കുന്ന ഇത്തരം പദ്ധതികള്‍ അവയുടേതായ പാരിസ്ഥിതിക ധര്‍മങ്ങളും നിര്‍വഹിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഇന്റര്‍നാഷണല്‍ കമ്മീഷന് ഓണ്‍ ഇറിഗേഷന്‍ ആന്റ് ഡ്രെയിനേജ്, 'ജലസേചനം, ജലനിര്‍ഗമനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയില്‍ അണക്കെട്ടുകളുടെ പങ്ക്' എന്ന പ്രബന്ധത്തില്‍ ഇവയെ ന്യായീകരിക്കുന്നുണ്ട്. (പേജ് 18-19).
കേരളത്തില്‍ 6,000 മെഗാവാട്ട് വൈദ്യു ജലത്തില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. അതില്‍ വെറും 35% ശതമാനം മാത്രമാണ് ഇപ്പോഴത്തെ ഉത്പാദനം. ഇതിനു പകരം കണ്ടെത്താന്‍ മറ്റൊരു മാര്‍ഗവും നിലവിലില്ല. 34-50 വര്‍ഷം പഴക്കമുള്ള ഡാമുകള്‍ പൊളിച്ചുമാറ്റണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നിരാശാജനകമാണ്. പുതിയവ നിര്‍മിക്കാന്‍ അനുവാദമില്ല. നിലവിലുള്ളവ പൊളിച്ചു കളയുകകൂടി ചെയ്താല്‍ കേരളം ഇരുട്ടിലാകും. ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഊര്‍ജോത്പാദന മാര്‍ഗമാണിത്. കല്‍ക്കരി, ഗ്യാസ് എന്നിവയിലധിഷ്ഠിതമായ നിലയങ്ങള്‍ക്കും റിപ്പോര്‍ട്ട് തടസ്സമാണ്. നിലവിലുള്ളതും നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ എല്ലാ ജലവൈദ്യുത പദ്ധതികളും ESZ 1-നകത്താണ് വരുന്നത്. മൂന്നു മീറ്ററില്‍ താഴെ മാത്രം ഉയരത്തിലേ ഇവിടെ ഡാം നിര്‍മിക്കാവൂ എന്നാണ് ശുപാര്‍ശ.
പൂര്‍ത്തിയായ 18 ഉം പണി പുരോഗമിക്കുന്ന അഞ്ചും ജലസേചന പദ്ധതികളാണ് കേരളത്തിലുള്ളത്. കേരളത്തിലെ ജലസേചന സാധ്യതയുള്ള സ്ഥലം 16 ലക്ഷം ഹെക്ടറാണെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ വെറും 3.86 ലക്ഷം ഹെക്ടര്‍ മാത്രമേ നിലവില്‍ ജലസേചനം നടത്തുന്നുള്ളൂ. വെറും 16.34 ശതമാനം സ്ഥലം.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി
ESZ 1-ല്‍ വരുന്നു എന്നതിനാല്‍ ഈ പദ്ധതിക്ക് പാനല്‍ ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍, വെറും 61.80 ഹെക്ടര്‍ സ്ഥലത്തെ മരങ്ങള്‍ മാത്രമേ പദ്ധതി വന്നാല്‍ നീക്കം ചെയ്യേണ്ടതുള്ളൂ.
നിലവിലെ നിയമങ്ങള്‍
കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാനം നിര്‍മിച്ച പത്ത് നിയമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ 29 നിയമങ്ങളും പ്രാബല്യത്തിലുണ്ട്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഈ നിയമങ്ങള്‍ ഫലപ്രദമാണ്.
ബാധ്യതകള്‍
പാനല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ പാനലിന്റെ പരിഗണനയില്‍ ഇല്ലായിരുന്നു എന്നത് അത്യന്തം നിരാശാജനകമാണ്. പാനല്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഘടനയെ സാരമായി ബാധിക്കുന്നവയാണ്. പാനല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് കൃത്യമായി എത്ര ചെലവ് വരും എന്ന് കണക്കുകൂട്ടുക സാധ്യമല്ല. സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്നതാണ് അവസ്ഥ. പ്ലാസ്റ്റിക് നിരോധനം, ഗ്രീന്‍ ടെക്നോളജി, മാലിന്യ സംസ്കരണം, മലിനജലം കൈകാര്യം ചെയ്യല്‍, ജലസംരക്ഷണം, മൃഗപരിപാലനം, ഓര്‍ഗാനിക് കൃഷി തുടങ്ങി 20 മേഖലകളില്‍ നഷ്ടപരിഹാര സഹായധനം ആവശ്യമായി വരുന്നു. ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കേണ്ടതുണ്ട്.
Keywords: Thiruvananthapuram, Report, Water, Electricity, Law, Kerala, Kerala vartha, Malayalam News, Madhav Gadgil committee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.