കൈവശരേഖ നല്‍കുന്നില്ല; തഹസീല്‍ദാരെ പഞ്ചായത്ത്‌ അംഗങ്ങള്‍ ഉപരോധിച്ചു

 


ഇടുക്കി:(www.kvartha.com 27.11.2014) സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക്‌ ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങള്‍ ഉടുമ്പന്‍ചോല തഹസില്‍ദാരെ തടഞ്ഞുവച്ചു. സമരക്കാരെ അറസ്റ്റ്‌ ചെയ്യാന്‍ പോലിസ്‌ എത്തിയെങ്കിലും അംഗങ്ങള്‍ ഉപരോധം തുടര്‍ന്നു. പ്രശ്‌നത്തിന്‌ രണ്ട്‌ ദിവസത്തിനകം പരിഹാരം കാണാമെന്ന്‌ എ. ഡി. എം ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ പിന്തിരിഞ്ഞത്‌.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആശ്രയ,വികലാംഗ ഭവനപദ്ധതി, ഐ.എ.വൈ തുടങ്ങിയ പദ്ധതികളില്‍ വീട്‌ അനുവദിച്ച ഉപഭോക്താക്കള്‍ സ്ഥലത്തിന്‌ കൈവശ രേഖ ലഭിക്കാതെ വീട്‌ നിര്‍മാണം മുടങ്ങിയതിനെ തുടര്‍ന്ന്‌ കൈവശ രേഖയ്‌ക്കായി മാസങ്ങളായി താലൂക്ക്‌ ഓഫീസില്‍ കയറിയിറങ്ങുകയാണ്‌. ലാന്‍ഡ്‌ അസൈന്‍മെന്റ്‌ കമ്മിറ്റി യഥാസമയം കൂടാത്തതിനാല്‍ പഞ്ചായത്തുകളുടെ ഭവന പദ്ധതിക്ക്‌ ആനുകൂല്യം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്‌. ജില്ലാ കലക്ടറുടെ വാക്കാലുള്ള നിര്‍ദ്ദേശം മൂലമാണ്‌ ലാന്‍ഡ്‌ അസൈന്‍മെന്റ്‌ കമ്മറ്റി കൂടാന്‍ സാധിക്കാത്തതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനാവു എന്നുമുള്ള നിലപാടിലാണ്‌ തഹസില്‍ദാര്‍. 

ആശ്രയ പദ്ധതി-എട്ട്‌, ഐ.എ.വൈ ജനറല്‍-36, എസ്‌ .സി, എസ്‌ .ടി-48, ജനറല്‍-44, വികലാംഗര്‍-എട്ട്‌ എന്നിങ്ങനെ 144 ഉപഭോക്താക്കള്‍ക്കാണ്‌ നെടുങ്കണ്ടത്ത്‌ വീടു നിര്‍മ്മാണത്തിന്‌ തുക അനുവദിച്ചിരുന്നത്‌. ഇവരില്‍ 85 പേര്‍ക്കും പട്ടയമില്ലാത്ത കൈവശ വസ്‌തുവാണുള്ളത്‌. ഇങ്ങനെയുള്ളവര്‍ക്ക്‌ വീട്‌ വയ്‌ക്കാന്‍ മൂന്ന്‌ സെന്റ്‌ ഭൂമിക്ക്‌ കൈവശ രേഖ നല്‍കാമെന്ന്‌ സര്‍ക്കാര്‍ തീരുമാനം ഉണ്ട്‌. മറ്റ്‌ താലൂക്കുകളിലെല്ലാം കൈവശ രേഖ നല്‍കുന്നുമുണ്ട്‌. ഉടുമ്പന്‍ചോലയില്‍ മാത്രമാണ്‌ ഇത്‌ നിഷേധിക്കുന്നതെന്നു ഗുണഭോക്താക്കള്‍ പറയുന്നു.

ജനങ്ങളുടെ നിരന്തര പരാതിയെതുടര്‍ന്ന്‌ വ്യാഴാഴ്‌ച തഹസീല്‍ദാര്‍ പി. പി ജോയിയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീലാമ്മ ജോസഫ്‌, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ തെക്കേല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തടഞ്ഞുവച്ചത്‌. സംഭവമറിഞ്ഞെത്തിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കിങ്ങിണി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും സമരത്തില്‍ പങ്കാളികളായി. രണ്ട്‌ മണിയോടെ താലൂക്ക്‌ ഓഫീസിലെത്തിയ അംഗങ്ങള്‍ ഓഫീസ്‌ മുറിക്കുള്ളിലാണ്‌ തഹസീല്‍ദാരെ ഉപരോധിച്ചത്‌. അംഗങ്ങള്‍ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. 

സമരം ശക്തമായതോടെ നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തില്‍ പോലിസ്‌ സംഘം സ്ഥലത്തെത്തി. ഓഫീസ്‌ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും വെളിയില്‍ സമരം നടത്തണമെന്നും സി.ഐ നിര്‍ദ്ദേശിച്ചെങ്കിലും സമരക്കാര്‍ കൂട്ടാക്കിയില്ല. ഓഫീസ്‌ വിട്ടിറങ്ങാതെ മുദ്രാവാക്യം വിളികളുമായി മെമ്പര്‍മാര്‍ തുടര്‍ന്നു. രണ്ട്‌ ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന്‌ പരിഹാരം ഉണ്ടാക്കാമെന്ന്‌ എ.ഡി.എം ഉറപ്പ്‌ നല്‍കിയതായി നാല്‌ മണിയോടെ തഹസില്‍ദാര്‍ അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാന്‍ അംഗങ്ങള്‍ തയാറായി. 
കൈവശരേഖ നല്‍കുന്നില്ല; തഹസീല്‍ദാരെ പഞ്ചായത്ത്‌ അംഗങ്ങള്‍ ഉപരോധിച്ചു
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങള്‍ ഉടുമ്പന്‍ചോല തഹസില്‍ദാരെ തടഞ്ഞുവച്ചപ്പോള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Kerala, Panchayath, Tahsildar, Office, President, Police, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia