കഴിഞ്ഞ 35 വര്‍ഷമായി പ്രാണവായുവിനോടൊപ്പമായിരുന്നു സദാനന്ദന്റെ ചങ്ങാത്തം; ആശുപത്രിക്കിടക്കയില്‍ ജീവനു വേണ്ടി മല്ലിടുന്ന രോഗികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു പ്രാണവായുവിന്റെ ഈ ചങ്ങാതിക്ക്; സഹപ്രവര്‍ത്തകരുടെ മനസില്‍ ഒരു പിടി ഓര്‍മകള്‍ ബാക്കി വച്ച പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ഇനി വരില്ല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.07.2020) കഴിഞ്ഞ 35 വര്‍ഷമായി പ്രാണവായുവിനോടൊപ്പമായിരുന്നു സദാനന്ദന്റെ ചങ്ങാത്തം. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും ഓരോ പുലരിയും സദാനന്ദനെ ഉണര്‍ത്തിയിരുന്നത് ആശുപത്രിക്കിടക്കയില്‍ ജീവനു വേണ്ടി മല്ലിടുന്ന രോഗികളെക്കുറിച്ചുള്ള ചിന്തകളും. തൈക്കാട് മേട്ടുക്കട നാരായണവിലാസത്തില്‍ സദാനന്ദന്‍ യാത്രയായത് സഹപ്രവര്‍ത്തകരുടെ മനസില്‍ ഒരു പിടി ഓര്‍മകള്‍ ബാക്കി വച്ചിട്ടാണ്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രൊജക്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന വേളയില്‍ അവിടെ വിദ്യാര്‍ത്ഥികളായിരുന്നവര്‍ ഇന്ന് പ്രശസ്തരായ ഡോക്ടര്‍മാരാണ്. ക്ലാസ് മുറികളില്‍ ചിത്രവിവരണങ്ങള്‍ക്കും മറ്റും സ്ലൈഡ് പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് സദാനന്ദനായിരുന്നു. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം അപരിചിതനല്ല. ചിലര്‍ക്ക് അദ്ദേഹം സദാനന്ദന്‍ അപ്പൂപ്പനാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഓക്‌സിജന്‍ അപ്പൂപ്പനാണ്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കുന്നതിലെ പ്രധാന ചുമതലക്കാരനായി സദാനന്ദന്‍ മാറി.

കഴിഞ്ഞ 35 വര്‍ഷമായി പ്രാണവായുവിനോടൊപ്പമായിരുന്നു സദാനന്ദന്റെ ചങ്ങാത്തം; ആശുപത്രിക്കിടക്കയില്‍ ജീവനു വേണ്ടി മല്ലിടുന്ന രോഗികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു പ്രാണവായുവിന്റെ ഈ ചങ്ങാതിക്ക്; സഹപ്രവര്‍ത്തകരുടെ മനസില്‍ ഒരു പിടി ഓര്‍മകള്‍ ബാക്കി വച്ച പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ഇനി വരില്ല

മൂന്നരപ്പതിറ്റാണ്ടായി അദ്ദേഹം നിത്യവും മെഡിക്കല്‍ കോളജിലെത്താറുണ്ട്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ആശുപത്രി വളപ്പില്‍ പതിവായെത്തുന്ന അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാത്തവര്‍ വിരളം. വിവിധ സ്ഥലങ്ങളില്‍ നിന്നും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ കോളജിലെത്തിക്കുന്നതും അതിന്റെ കയറ്റിറക്ക് ഇടപാടുകള്‍ നടത്തുന്നതുമെല്ലാം സദാനന്ദന്റെ മേല്‍നോട്ടത്തിലാണ്.

ആരെയും മുഷിപ്പിക്കാത്ത പ്രകൃതം അദ്ദേഹത്തിന് പ്രായഭേദമെന്യേ വലിയൊരു സുഹൃദ് വലയം സൃഷ്ടിക്കാന്‍ സഹായകമായി. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും വകവയ്ക്കാതെയാണ് അദ്ദേഹം തൈക്കാട് മേട്ടുക്കടയിലെ വീട്ടില്‍ നിന്നും ആശുപത്രിയില്‍ ഓക്‌സിജനെത്തിക്കാന്‍ എത്തിയിരുന്നത്. ഏറ്റെടുത്ത ദൗത്യം ജീവിതാവസാനം വരെ പരാതിക്കിട നല്‍കാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് അദ്ദേഹം വിടവാങ്ങിയത്.

വാര്‍ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന സദാനന്ദന്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: റിട്ട അധ്യാപിക പി കൃഷ്ണമ്മ

മക്കള്‍: കെ എസ് മിനി, അനി എസ് ആനന്ദ്.

Keywords:  Sadanandan passed away, Thiruvananthapuram, News, Medical College, hospital, Treatment, Kerala, Dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia