കെട്ടുപോകുന്ന നക്ഷത്രങ്ങൾ: കേരള കുടുംബങ്ങളിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ


നവോദിത്ത് ബാബു
(KVARTHA) അതുല്യയും റീമയും, ഉത്തരയും വിസ്മയുമൊക്കെ കേരളത്തിന്റെ മനസ്സിനെ നോവിച്ച പ്രതീകങ്ങളാണ്. ഇപ്പോഴിതാ, വിപഞ്ചികയും കണ്ണൂർ വേങ്ങരയിലെ റീമയും ജീവിതം തുടങ്ങും മുമ്പേ പൊലിഞ്ഞുപോയ നക്ഷത്രങ്ങളാണ്.
രക്ഷിതാക്കളുടെ നെഞ്ചിൽ തീ കോരിയിട്ട്, ഇവരെ ഓരോരുത്തരെയും മാനസികമായും ശാരീരികമായും കൊല്ലാക്കൊല ചെയ്ത് ഈ ഭൂമിയിൽനിന്ന് പറഞ്ഞയക്കുകയായിരുന്നു. എന്താണ് കേരളത്തിലെ കുടുംബങ്ങളിൽ സംഭവിക്കുന്നതെന്ന് ഇനിയെങ്കിലും ഒരു പഠനവിഷയമാക്കേണ്ട കാര്യമാണ്.
വിദേശത്തായാലും നാട്ടിലായാലും ജീവിതം തുടങ്ങും മുമ്പേ യുവതികൾ ആത്മഹത്യ ചെയ്യുന്നു. റീമയെയും വിപഞ്ചികയെയും പോലെ, കുഞ്ഞുങ്ങളെയും കൂട്ടിയാണ് പലരും മരണം അടയാളപ്പെടുത്തുന്നത്. ഇത്തരം വാർത്തകൾ കേട്ടും അനുഭവിച്ചും ആവർത്തിച്ചും, ഇത്രയും ജീവിക്കാൻ ദുസ്സഹമായ നാടാണോ കേരളമെന്ന് സംശയിച്ചുപോകുന്നു.
പുരുഷാധിപത്യത്തെക്കുറിച്ചും സ്ത്രീകളുടെ പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുമ്പോഴൊക്കെ കേൾക്കാറുള്ള ചില വാചകങ്ങളുണ്ട്: ‘ഇതൊക്കെ ഏത് കാലത്തെ കഥകളാണ്? ഇതൊന്നും പുതുതലമുറ പെൺകുട്ടികൾക്ക് ബാധകമല്ല. അവർ സ്വപ്നം കാണുക മാത്രമല്ല, ആ സ്വപ്നത്തിലേക്ക് അതിവേഗം നടക്കുകയും ചെയ്യുന്നു. അവർക്ക് മുന്നിൽ തടസ്സങ്ങളില്ല.’ ഇതുകേൾക്കുമ്പോൾ സന്തോഷവും ആശ്വാസവും തോന്നും.
പുതിയ കുട്ടികൾ തുല്യതയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും അറിവുള്ളവരാണ്. അടുക്കള ജോലിയായാലും പാരന്റിംഗ് ആയാലും സാമ്പത്തിക കാര്യങ്ങളായാലും തുല്യ പങ്കാളിത്തത്തോടെ ചെയ്യണമെന്ന് നിർബന്ധമുള്ളവർ. സ്ത്രീപുരുഷ സൗഹൃദപരമായ പുതുലോകം നിർമ്മിക്കുന്നവർ.
പക്ഷേ, ആ സന്തോഷം ആയുസ്സില്ലാത്തതാണെന്ന് പെൺകുട്ടികളുടെ ആത്മഹത്യാവാർത്തകൾ ഓർമ്മിപ്പിക്കുന്നു. ശരീരമാസകലം പരിക്കുകൾ, വർഷങ്ങളായി തുടരുന്ന പീഡനം. നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് വീട്ടുകാരുടെ സത്യവാങ്മൂലം. വിദ്യാസമ്പന്നകളായ ആ പെൺകുട്ടികളെ ഈ വിധം പീഡിപ്പിച്ചു രസിക്കുന്നത് പുതുതലമുറക്കാരായ ആൺകുട്ടികളും അവരുടെ കുടുംബങ്ങളുമാണ്.
കൂടുതൽ മോശമായെന്നല്ലാതെ ഗുണപരമായ എന്ത് മാറ്റമാണ് പെൺകുട്ടികളുടെ പുതുകാലത്തെ അവസ്ഥയ്ക്കുണ്ടായത്? കൂടുതൽ അധീശത്വസ്വഭാവം കാണിക്കുന്നുവെന്നല്ലാതെ എന്ത് മാറ്റമാണ് ആണധികാര വ്യവസ്ഥയ്ക്കുണ്ടായത്? അതിക്രൂരമായ പീഡനത്തിന് ഇരയാകുമ്പോഴും, ‘പക്ഷേ അവൻ വന്നു കരഞ്ഞു കാലുപിടിക്കുമ്പോൾ മനസ്സലിഞ്ഞ് അവൾ കൂടെപ്പോകും’ എന്നാണ് ജീവനൊടുക്കിയ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ പലരും പറയുന്നത്.
കല്യാണ ഫോട്ടോയിൽ അലംകൃതകളായി ചിരിച്ചു തെളിഞ്ഞുനിന്ന ആ മുഖങ്ങൾ മരിച്ചവളുടെ മുഖമാവുന്നത് കണ്ട നടുക്കത്തിലാണ് അവരിൽ പലരും. അടുപ്പിൽ വെക്കുന്ന വിറക് പോളിഷ് ചെയ്യുന്നത് പോലെ ചമയിച്ചൊരുക്കി അയച്ച പെൺമക്കളെപ്പറ്റി കല്യാണം കഴിഞ്ഞത് മുതൽ പീഡനമായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നത് കേൾക്കുമ്പോൾ അവരോട് ദേഷ്യം തോന്നും;
‘അറിഞ്ഞിട്ടും നിങ്ങളവളെ തിരിച്ചുവിലച്ചില്ലല്ലോ? കൂടെ നിർത്തിയില്ലല്ലോ?’ ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ അച്ഛൻ പറയുന്നു: ‘പലതവണ തിരിച്ചു കൊണ്ടുവന്നതാണ്, അവസാനിപ്പിക്കാൻ നിശ്ചയിച്ചതാണ്. പക്ഷേ, അവൻ വന്നു കരഞ്ഞു കാലുപിടിക്കുമ്പോൾ മനസ്സലിഞ്ഞ് അവൾ കൂടെപ്പോകും.’
അതുല്യയുടെ കരച്ചിൽ കേരള മനസ്സാക്ഷിയുടെ അന്തരാളങ്ങളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഭർത്താവ് അവളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഉള്ളു കിടുങ്ങിപ്പോകുന്ന ദൃശ്യങ്ങൾ. നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ഏത് തലമുറകൾ മാറിവന്നാലും, വേദനിപ്പിച്ചും ഭയപ്പെടുത്തിയും സ്ത്രീകളെ നിശ്ശബ്ദരാക്കിക്കൊണ്ടേയിരിക്കും.
ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനങ്ങളാണ് പഴയങ്ങാടി വേങ്ങരയിലെ റീമയെ മൂന്ന് വയസ്സുകാരൻ മകനോടൊപ്പം പുഴയിൽ ചാടാൻ പ്രേരിപ്പിച്ചത്. മകനുവേണ്ടി ഭർത്താവും ഭർതൃമാതാവും അവകാശവാദം ഉന്നയിച്ചപ്പോഴായിരുന്നു പീഡിതയായ യുവതിയുടെ ആത്മഹത്യ.
ഇനി എത്ര പേരെ നമ്മൾ ഈ രീതിയിൽ കാണേണ്ടിവരും? എവിടെയാണ് നമ്മുടെ കുടുംബങ്ങൾക്കും ബന്ധങ്ങൾക്കും പറ്റിയ തകരാറ്? ഇതൊക്കെ പരിശോധിക്കേണ്ട കാര്യമല്ലേ? കൂടുതൽ ഇരുട്ടിലേക്കാണോ, നക്ഷത്രങ്ങൾ കെടുന്ന കാലത്തേക്കാണോ നമ്മുടെയൊക്കെ പ്രയാണം?
Article Summary: Rising domestic issues in Kerala lead to increasing female assaults.
#KeralaWomen #DomesticIssues #AssaultCrisis #KeralaFamilies #WomenSafety #SocialChange