Kerala CM | വയനാട് ദുരന്തമുഖത്ത് സ്വന്തം ജീവൻ ത്യജിച്ച് മറ്റുള്ളവരെ രക്ഷിക്കുകയെന്ന ദൗത്യം പൊലീസ് ഏറ്റെടുത്തെന്ന് പിണറായി വിജയൻ
മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ: (KVARTHA) 2018-ലെ പ്രളയകാലത്ത് ജനങ്ങൾക്ക് രക്ഷകരായി മാറിയ കേരള പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിൽ പൊലീസ് കാഴ്ചവച്ച പ്രവർത്തനം മികച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്ത് സ്വന്തം ജീവൻ ത്യജിച്ച് മറ്റുള്ളവരെ രക്ഷിക്കുക എന്ന ദൗത്യം പൊലീസ് ഏറ്റെടുത്തു. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചാണ് പ്രവർത്തിച്ചത്.
കാലാവസ്ഥ വ്യതിയാനം മൂലം ദുരന്തങ്ങൾ സാധാരണമായിരിക്കുന്ന സാഹചര്യത്തിൽ, പൊലീസ് കൂടുതൽ സജ്ജരായിരിക്കണം. എല്ലാത്തരം ദുരന്തങ്ങളെയും നേരിടാൻ കഴിയുന്ന വിധത്തിലുള്ള പരിശീലനം പൊലീസിന് നൽകണം. നല്ല രീതിയിൽ പകാലാനുസൃതമായ മാറ്റങ്ങൾ പോലീസ് പരിശീലന സിലബസിൽ ഉണ്ടായിട്ടുണ്ട്. ഇത് പൊലീസിന്റെ കരുത്ത് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2023 നവംബറിൽ പരിശീലനം ആരംഭിച്ച കെ എ പി നാലാം ബറ്റാലിയനിലെ 162, കെ എ പി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങൾ ഉൾപ്പെടെ ആകെ 314 പോലീസുകാരാണ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടില്‍ പാസ്സിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മൊമെന്റോ നൽകി. ചടങ്ങിൽ 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.