Rift | സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്കരണം ലീഗ് - സമസ്‌ത ഭിന്നത രൂക്ഷമാക്കി

 

കോഴിക്കോട്: (KVARTHA) സുപ്രഭാതം ദുബൈ എഡിഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് നേതാക്കൾ ബഹിഷ്‍കരിച്ചത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ആരും പങ്കെടുത്തില്ല. സുപ്രഭാതം മത്സരിക്കുന്നത് വളർന്നു വലുതാകാൻ ആണെന്നും വളരുന്ന പത്രത്തോട് അസൂയ സ്വാഭാവികമാണെന്നും ചടങ്ങിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞിരുന്നു.
  
Rift | സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്കരണം ലീഗ് - സമസ്‌ത ഭിന്നത രൂക്ഷമാക്കി

സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനം ബഹിഷ്കരിച്ചവരെ നാളെ ജനം ബഹിഷ്കരിക്കുമെന്ന് ലീഗിനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിൽ പറഞ്ഞത് ആരവത്തോടെയാണ് സദസ് സ്വീകരിച്ചത്. റിയാസായിരുന്നു ചടങ്ങിൽ രാഷ്ട്രീയ രംഗത്ത് നിന്ന് പങ്കെടുത്ത പ്രമുഖനായ അതിഥി. അതേസമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് നടക്കുന്നതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനവും മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി യോഗവും ഒരേ ദിവസം വന്നത് ഇഴകീറി പരിശോധിക്കേണ്ടതില്ല. സുപ്രഭാതം പത്രവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ട്. സുപ്രഭാതം മുസ്ലിംലീഗിനെ വേദനിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രതിഷേധം സമസ്ത നേതൃത്വത്തെ അറിയിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ സമസ്ത നേതാക്കളുടെ അറിവോടെ നീക്കം നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ ബഹിഷ്കരണമെന്നാണ് പറയുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പേ സമസ്ത, ലീഗ് നേതൃത്വങ്ങൾ തമ്മിൽ തർക്കവും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം കുറഞ്ഞത് സമസ്തയുടെ അതൃപ്തിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സമസ്തയുമായി ഒത്തുതീർപ്പ് നീക്കങ്ങളില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. തർക്കം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ തിരിച്ചടികൾ ഒഴിവാക്കാൻ യുഡിഎഫും അവസരം മുതലാക്കാൻ ശ്രമിക്കുന്ന എൽഡിഎഫിനെയുമാണ് കാണുന്നത്.


ഗൾഫിലും സുപ്രഭാതം

സുപ്രഭാതം എട്ടാം എഡിഷൻ ദുബൈ അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. ഗൾഫ് സുപ്രഭാതം ചെയർമാൻ സൈനുൽ ആബിദ് സഫാരി അധ്യക്ഷനായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഓൺലൈനിൽ സന്ദേശം നൽകി. ഗൾഫ് സുപ്രഭാതം പ്രത്യേക പതിപ്പ് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു.
  
Rift | സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്കരണം ലീഗ് - സമസ്‌ത ഭിന്നത രൂക്ഷമാക്കി

ദുബൈയിലെ ഇന്ത്യയുടെ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ദുബൈ മീഡിയ പ്രിൻ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സിഇഒ ഫൈസൽ അബ്ദുല്ലയും സന്ദേശം നൽകി. ഗൾഫ് സുപ്രഭാതം ഇ - പേപ്പർ ലോഞ്ചിങ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ. മുരളീധരൻ എം പി, സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി പി ഉമർ മുസ്‌ലിയാർ കൊയ്യോട്, കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി, സുപ്രഭാതം മാനേജിങ് ഡയരക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ പ്രഭാഷണം നടത്തി.

Keywords:  News, News-Malayalam-News, Politics, Election, Samastha, Suprabhatham, 
Kerala, IUML-Samastha rift over boycott of Suprabhatham Gulf edition inauguration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia