Kerala Blasters | 'മീറ്റ് ദി സ്റ്റാർസ്' താരങ്ങളെ അവതരിപ്പിച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരം സെപ്റ്റംബർ 15ന്
നായകൻ അഡ്രിയാൻ ലൂണ ഒഴികെ എല്ലാ താരങ്ങളും ടീം ഓഫീഷ്യൽസും ചടങ്ങിൽ എത്തിയിരുന്നു.
കൊച്ചി: (KVARTHA) ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 11-ാം സീസണിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
കൊച്ചി ലുലു മാളിൽ വച്ച് 'മീറ്റ് ദി സ്റ്റാർസ്' പരിപാടിയിൽ ബ്ലാസ്റ്റേഴ്സിന്റെ പൂർണ്ണ സ്ക്വാഡിനെ ആരാധകർക്ക് പരിചയപ്പെടുത്തി. ഓണം കോസ്റ്റ്യൂമിൽ അണിഞ്ഞൊരുങ്ങിയ താരങ്ങൾ ആരാധകർക്ക് മുന്നിൽ എത്തിയത് ആവേശം നിറച്ചു. മലയാളി താരം രാഹുൽ കെപി താരങ്ങൾക്ക് മുണ്ട് ഉടുക്കാനും മടക്കി കുത്താനും പരിശീലനം നൽകിയത് ചിരി പടർത്തി.
കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് സെപ്റ്റംബർ 15ന് തിരുവോണം ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പഞ്ചാബ് എഫ്‌സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഓണ സമ്മാനമായി വിജയത്തിൽ കുറഞ്ഞത് ഒന്നും നൽകാനില്ല.
ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ഒഴികെ എല്ലാ താരങ്ങളും ടീം ഓഫീഷ്യൽസും ചടങ്ങിൽ എത്തിയിരുന്നു. ഇത്രയും ആരാധക പിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതിന് പകരമായി ടീമിന്റെ പരമാവധി പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും കൊമ്പന്മാരുടെ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെ പറഞ്ഞു.