Controversy | ഈരാറ്റുപേട്ട 'മുസ്ലിം തീവ്രവാദികളുടെ നാടോ', പി സി ജോർജ് പറയുന്നത് ശരിയോ? നാടിനെ കുറിച്ച് അധ്യാപിക എഴുതിയ കുറിപ്പ് വൈറൽ

 
 P.C. George controversy about Erattupetta, Teacher's viral post
 P.C. George controversy about Erattupetta, Teacher's viral post

Image Credit: Facebook/ PC George

● 'ഈരാറ്റുപേട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നു'
● 'സാമൂഹ്യ സേവന രംഗത്ത് സജീവമായ സംഘടനകളുണ്ട്'
● 'സഹായത്തിന് ഓടിയെത്തുന്ന ജനങ്ങലാൻ ഇവിടെ'

റോക്കി എറണാകുളം

(KVARTHA) പി സി ജോർജ് ഇപ്പോൾ നിരന്തരം മുസ്ലിങ്ങൾക്കെതിരെ ആക്ഷേപം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹം അറസ്റ്റു വരിച്ച് ജാമ്യത്തിൽ ഇറങ്ങിയിട്ടും ഇപ്പോഴും അതിന് ഒരു മുടക്കവും വന്നിട്ടില്ല. പി സി ജോർജ് ഇന്ന് മുൻ എംഎൽഎ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ അതിന് വഴിതെളിച്ച മുസ്ലിം സമൂഹത്തെ ഒന്നടങ്കം തള്ളിപ്പറയുന്ന വ്യഗ്രതയിലാണ് പി സി ജോർജും മകൻ ഷോൺ ജോർജും. പി സി ജോർജ് പൂഞ്ഞാറിൽ മത്സരിച്ച സമയത്തൊക്കെ ഭൂരിപക്ഷം സമയങ്ങളിലും സ്വസമുദായം പി സി ജോർജിന് എതിരായിരുന്നുവെന്ന് മനസ്സിലാക്കണം. അന്ന് അദ്ദേഹത്തിന് സഹായഹസ്തവുമായി നിന്നത് പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാംഗം ആയിരുന്നു.

ഇപ്പോൾ പി.സി ജോർജ് വളരെക്കാലമായി താമസിച്ചു വരുന്ന ഈരാറ്റുപേട്ട, 'മുസ്ലിം ഭീകരവാദികളുടെ നാട്' എന്ന് വരുത്തി തീർക്കാനാണ് അദ്ദേഹം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈരാട്ടുപേട്ടയിലെ മുസ്ലിങ്ങളെയെല്ലാം മുസ്ലിം തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു. ഈ അവസരത്തിൽ ആ നാടിനെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ ഞാൻ ശക്തമായി എതിർക്കും, എന്ന് പറഞ്ഞു കൊണ്ട് ഡിംപിൾ റോസ് എന്ന അധ്യാപിക എഴുതിയ കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.

ഈരാറ്റുപേട്ട എന്ന നാടിനേയും മുസ്‌ലിം മതവിഭാഗത്തെക്കുറിച്ചും വസ്തുതാ വിരുദ്ധവും ഭീകരവൽക്കരിക്കുന്നതുമായ കൊണ്ടു പോടിച്ച പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ശ്രദ്ധേയമാവുകയാണ് അധ്യാപിക എഴുതിയ ഈ കുറിപ്പ്. കുടവെച്ചൂർ ഗവ. ദേവീ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയും സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യവുമായ ഡിംപിൾ റോസാണ് ഇസ്ലാമോഫോബിയ ദിനത്തോടനുബന്ധിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. തന്റെ ഈരാറ്റുപേട്ടയിലേയും മുസ്‌ലിംകളുമായി അനുഭവങ്ങളാണ് ടീച്ചർ തന്റെ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

കുറിപ്പിൽ പറയുന്നത്:

'അറിഞ്ഞും അറിയാതെയും മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകയാണ്. മാ. സാ എന്ന ആൾ (പേര് പറഞ്ഞ് അയാളുടെ വ്യൂവർഷിപ് ഞാനായിട്ട് കൂട്ടുന്നില്ല) കൊടിയ വിഷം ചീറ്റുന്ന വീഡിയോ കഴിഞ്ഞ ദിവസം അയച്ചു തന്നിട്ട് എൻറെ ഏറ്റവുമടുത്ത സുഹൃത്ത് ചോദിച്ചു, ടീച്ചർക്കറിയാവുന്ന ഈരാറ്റുപേട്ട ഇതാണോ എന്ന്. വീഡിയോയിൽ അയാൾ ഈരാറ്റുപേട്ടയെ താലിബാൻ എന്നാണ് പലതവണ വിശേഷിപ്പിച്ചിട്ടുള്ളത്. ആ യൂട്യൂബ് വീഡിയോയുടെ താഴെ അതിലും വലിയ വെറുപ്പും വിദ്വേഷവും ആണ് ആളുകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിലെ ആദ്യത്തെ പ്രധാന ആരോപണം ഈരാറ്റുപേട്ടക്കാർ പാട്ടുകളും കലയും എതിർക്കുന്നു എന്നാണ്.

എല്ലാവർഷവും അതിഗംഭീര ഗാനമേളകൾ സംഘടിപ്പിക്കുന്ന 'തെക്കേക്കര ബോയ്സിന്റെ' കണ്ണിൽ ചേട്ടൻ പെടരുത് എന്നാണ് ആഗ്രഹം. അവർക്ക് കരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. നഗരോത്സവത്തിലും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മറ്റൊന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഭാവിയിൽ തടയും എന്നാണ് ഇങ്ങേരുടെ ആശങ്ക. 1964ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകി 24 പെൺകുട്ടികളുമായി പ്രവർത്തനമാരംഭിച്ച മുസ്‌ലിം ഗേൾസ് സ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി മുൻപന്തിയിലുണ്ട്. ഗവ.ഹയൻ്ററി സ്കൂൾ, അൽമനാർ, ഗൈഡൻസ്, ഹയാത്തുദ്ദീൻ സ്ക്കൂൾ എന്നിങ്ങനെ നിരവധി സ്ക്കൂളുകൾ ഈരാറ്റുപേട്ടയിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ട്.

മിടുക്കരായ പെൺകുട്ടികളെ വാർത്തെടുക്കുന്നുമുണ്ട്. FACE, CIGl, തനിമ എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ - കലാ-സാംസ്ക്കാരിക സംഘടനകൾ ഈരാറ്റുപേട്ടയിൽ സജീവമായി പ്രവർത്തിക്കുന്നു. PSC കോച്ചിംഗ് ഉൾപ്പെടെ സ്ത്രീകൾക്ക് ഗുണപരമായ ഒരുപാട് പരിപാടികൾ നടക്കുന്നു. വ്യാപാരികളും വ്യവസായികളുമായ സ്ത്രീകൾ ഉള്ള നാടാണ് ഈരാറ്റുപേട്ട. വലിയ ക്വാൻ്റിറ്റി സ്ഫോടകവസ്തു പിടിച്ചതിനെയും ഈരാറ്റുപേട്ട അപകടമേഖല എന്ന് പറയുന്നതിനായി വളച്ചൊടിച്ചിട്ടുണ്ട്. കൂട്ടാളികളെ ഇടുക്കിയിൽ നിന്നു പിടിച്ചതും അവർ അറബി പേരുകാർ അല്ലാത്തതും കൊണ്ടും വലിയ ഗുമ്മില്ലാതെ പോയി.

അത്രയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നാട്ടിൽ പണത്തിനോടുള്ള ആർത്തി മൂത്ത് പാറമടയിലേക്കുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച ക്രിമിനലുകളെ തള്ളിപ്പറയാത്ത ആളുകൾ അവിടില്ല. അന്യ മത സ്ത്രീകൾക്ക് പോലും 'ചാക്ക്' ധരിക്കാതെ പ്രവേശിപ്പിക്കില്ലാത്ത കാലം വരും എന്നാണ് അടുത്ത ആരോപണം. അങ്ങനെയൊരാശങ്ക അവിടെയുള്ളവർക്കില്ലാത്തത് കൊണ്ട് ധാരാളം തുണിക്കടകൾ പുതുതായി ആരംഭിക്കുന്നുമുണ്ട്. ഏത് സഹായത്തിനും ഓടി വരുന്ന ചെറുപ്പക്കാരുടെ സംഘങ്ങൾ നൻമക്കൂട്ടവും, ടീം എമർജൻസിയുമൊക്കെയാണ് ഈരാറ്റുപേട്ടയുടെ നൻമ വിളിച്ചോതുന്നവരിൽ പ്രധാനപ്പെട്ടവർ. എല്ലാ നാട്ടിലുമുള്ളത് പോലെ ആ നാട്ടിലും പ്രശ്നങ്ങളുണ്ട്. തെമ്മാടികളുണ്ട്

ഒരു നാടിനെയാകെ ഒറ്റപ്പെടുത്താനും വിദ്വേഷമുണ്ടാക്കാനും ശ്രമിക്കുന്ന അയാൾക്കെതിരെ പ്രതിഷേധിക്കുന്നു. കഴിഞ്ഞ ദിവസം മരണ വീട്ടിൽ നിന്നു രാത്രി അത്യാവശ്യമായി പാലായിലുള്ള വീട്ടിലേക്ക് മടങ്ങേണ്ടി വന്ന എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാൻ പറഞ്ഞ് വിട്ടത് അവർക്ക് അപരിചിതരായ, എനിക്ക് പ്രിയപ്പെട്ട വ്യക്തികളുടെ കൂടെയാണ്. ആ രണ്ട് പേരൊടൊപ്പം അവളെ ഞാൻ വിട്ടത് അവർ ഈരാറ്റുപേട്ടക്കാരായത് കൊണ്ടാണ്. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ ഞാൻ അവരോട് സഹായം ചോദിച്ചത് ഈരാറ്റപേട്ടക്കാരോടുള്ള എൻ്റെ വിശ്വാസമാണ്. ആ നാടിനെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ ഞാൻ ശക്തമായി എതിർക്കും'.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് മുസ്ലിങ്ങൾക്കെതിരെ ആരൊക്കെ തിരിഞ്ഞാലും സത്യം മനസ്സിലാക്കി നിലകൊള്ളുന്നവർ ഇതര സമുദായങ്ങളിലും ഉണ്ടെന്നുള്ളതാണ്. ശരിക്കും ഈ ടീച്ചർ പറഞ്ഞത് തന്നെയാണ് സത്യസന്ധമായ കാര്യവും. ഇനി ഈരാറ്റുപേട്ടയിലെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് ഒരാൾ എഴുതിയ കുറിപ്പ് ഇങ്ങനെ: 'ഈരാറ്റുപേട്ടയുടെ മതേതര മനസ്സ് ഇവിടെ മറയില്ലാത്തതാണ്. മുസ്ലിം മാനേജ്മെന്റ് സ്കൂളുകളിൽ 80% അദ്ധ്യപകരും ഇതര സ്‌റ്റാഫുകളും അമുസ്ലിം സുഹൃത്തുക്കൾ. 70% മുസ്ലിം വ്യാപാരികൾ ഉള്ള സംഘടനയുടെ സെകട്ടറിയും ട്രഷററും സഹോദര സമുദായ പ്രതിനിധികൾ. വ്യവസായ ശാലകളിൽ 80% ഇതര മതസ്ഥർ. പള്ളിവക കെട്ടിടങ്ങളിൽ 30% ഇതര മത വിശ്വാസികൾ.

എന്നാൽ ചില സമുദായ സ്ഥാപനങ്ങളുടെ കണക്ക് നമ്മൾ കാണാതെ പോവരുത്. അത്തരം സ്കൂളുകളിൽ ഒരു തൂപ്പുകാർ പോലും മുസ്‌ലിമില്ല. അരുവിത്തുറ കോളേജിൽ ഒരു തൂപ്പുകാര് പോലുമില്ല ഞമ്മന്റെ ആൾക്കാർ. കെട്ടിടങ്ങൾ പണിതാൽ ഒരു നാരങ്ങാ വെള്ളക്കട പോലും കാക്കാമാർക്ക് കൊടുക്കൂല. എന്നിട്ടും പറയുന്നു നാട് വർഗ്ഗീയ വാദികളുടേതാണന്ന്. ഇനി നിങ്ങൾക്ക് പറയാം. ആര് പറയുന്നതാണ് ശരിയെന്ന്. പി.സി ജോർജ് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന്. യേശു 5 അപ്പം കൊണ്ട് 5000 പേരെ ഊട്ടി. ഇവിടെ ചിലർ അപ്പമേ ഇല്ലാതെ ശൂന്യതയിൽ നിന്നും 400 ഉം 4000 വും ആക്കുന്നു. അപ്പോൾ ആരാ കേമൻ?

ഇതാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. പരസ്പരം ജാതിയും മതവും നോക്കാതെ പലരും സ്നേഹിക്കുന്നുണ്ട്. അത് മതത്തിൻ്റെ പേരിൽ വച്ച് കെട്ടി ഒരു വിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല എന്ന് ഉറക്കെ പറയുന്നവർ തന്നെയാണ് നാടിൻ്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കുകയും മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും ചെയ്യുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

P.C. George's controversial remarks about Erattupetta as a "land of Muslim extremists" face criticism from locals and a teacher's viral post, highlighting peace and unity.

#Erattupetta #P.C.George #MuslimExtremism #SocialUnity #KeralaNews #Islamophobia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia