Management | ഇന്‍ചാര്‍ജ് ഭരണം പൊടിപൊടിക്കുന്നു; നാഥനില്ലാകളരിയായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്
● മുഴുവന്‍ സമയ പ്രിന്‍സിപ്പാള്‍ ഇല്ല
● പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു
● മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ഉള്‍പ്പെടെ പ്രശ്നം അറിയിച്ചിട്ടും നിയമനമില്ല
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) നാഥനില്ലാകളരിയായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മാറുന്നു. മുഴുവന്‍സമയ പ്രിന്‍സിപ്പാളിനെ നിയമിക്കാതെ ഇന്‍ചാര്‍ജ് ഭരണത്തില്‍ ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമായി. മെഡിക്കല്‍ കോളേജിലെ ദൈനംദിനകാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
കഴിഞ്ഞ രണ്ടരമാസം മുമ്പായി ട്രാന്‍സ്ഫറായി പോയ പ്രിന്‍സിപ്പാള്‍ ഡോ. ടി കെ പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗം തലവനായ ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് സ്ഥലംമാറ്റം റദ്ദാക്കിയെങ്കിലും സീനിയോറിറ്റി ലിസ്റ്റിലെ തൊട്ടടുത്തയാളെ കണ്ണൂരിലേക്ക് നിയമിക്കുന്നതില്‍ ആരോഗ്യവകുപ്പ് അനാസ്ഥ കാണിച്ചതാണ് പ്രതിസന്ധി രൂക്ഷമായത്.
നിലവില്‍ വൈസ് പ്രിന്‍സിപ്പാളായ ഡോ. ഷീബ ദാമോദറിനാണ് പ്രിന്‍സിപ്പാളിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുഴുവന്‍ സമയ പ്രിന്‍സിപ്പാള്‍ ഇല്ലാത്തത് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്.
മെഡിക്കല്‍ കോളേജ് കാമ്പസിലെ പഴയ കെട്ടിടങ്ങളിലെ കയ്യേറ്റം ഉള്‍പ്പെടെ പല കാര്യങ്ങളിലും ഇടപെടല്‍ നടത്തേണ്ട പ്രിന്‍സിപ്പാള്‍ ഇല്ലാത്തതിന്റെ ഗുരുതരാവസ്ഥ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടും നിയമനം നടത്താത്തതിന് പിറകില്‍ ദുരൂഹതകളുണ്ടെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.
#KannurMedicalCollege, #InterimAdministration, #PrincipalVacancy, #CampusIssues, #HealthDepartment, #EducationChallenges