Nimisha Priya | എന്താണ് നിമിഷ പ്രിയയുടെ കേസ് ? റഹീമിന് പിന്നാലെ, വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സിന്റെ മോചനത്തിനായും ആവശ്യം ഉയർന്നു

 


പാലക്കാട്: (KVARTHA) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഊദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായും ആവശ്യം ഉയർന്നു. മകളുടെ മോചനത്തിനായി സഹായിക്കണമെന്ന് മാതാവ് പ്രേമ കുമാരി കുമാരി ആവശ്യപ്പട്ടു. 12 വർഷമായി മകളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുൽ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
  
Nimisha Priya | എന്താണ് നിമിഷ പ്രിയയുടെ കേസ് ? റഹീമിന് പിന്നാലെ, വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സിന്റെ മോചനത്തിനായും ആവശ്യം ഉയർന്നു


എന്താണ് നിമിഷ പ്രിയയ്ക്ക് സംഭവിച്ചത്?

2008ൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ നിമിഷ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 2011 ൽ ടോമി തോമസിനെ വിവാഹം കഴിച്ചു. 2012ലാണ് ഭാര്യയും ഭർത്താവും യെമനിലേക്ക് പോകുന്നത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ നഴ്‌സായി ക്ലിനിക്കിലും ജോലിനേടി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നിമിഷ ഗർഭിണിയായി, എന്നാൽ യെമനിലുള്ള ഇരുവരുടെയും സാമ്പത്തിക സ്ഥിതി തങ്ങളെയും ഗർഭസ്ഥ ശിശുവിനെയും വേണ്ടവിധം പരിപാലിക്കാൻ പര്യാപ്തമായിരുന്നില്ല. നിമിഷയുടെ ജോലിയിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ചെറിയ ക്ലിനിക്ക് തുറക്കാൻ അവർ പദ്ധതിയിട്ടു.

അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുൽ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമനിലെ നിയമമനുസരിച്ച്, ഒരു ആശുപത്രി തുറക്കാൻ യെമൻ പൗരത്വം ആവശ്യമാണ്. അതുകൊണ്ടാണ് തലാല്‍ അബ്ദുൽ മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. അങ്ങനെ നിമിഷയ്ക്ക് ലൈസൻസ് ലഭിക്കുകയും 2015ൽ ക്ലിനിക്ക് തുറക്കുകയും ചെയ്തു. എന്നാൽ ഇവിടെ നിന്ന് കഥ ഒരു യു-ടേൺ എടുക്കുന്നു.

2015-ൽ, യെമനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഹൂതി വിമതരുടെ വർധിച്ചുവരുന്ന ആക്രമണങ്ങളെത്തുടർന്ന്, ഇന്ത്യൻ സർക്കാർ ആളുകളെ യെമനിലേക്ക് പോകുന്നത് വിലക്കി. യെമനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. നിമിഷയും ഭർത്താവ് തോമസും മകളുമായി ഇന്ത്യയിലേക്ക് മടങ്ങി. ബിസിനസിന് കൂടുതല്‍ പണം ആവശ്യമായി വന്നതും ഇതിന് കാരണമായി. കുറച്ച് ദിവസങ്ങൾ കടന്നുപോയി. നിമിഷ തൻ്റെ ക്ലിനിക്കിനെ കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങി. അതുകൊണ്ട് മകളെയും ഭർത്താവിനെയും കൂടാതെ തനിച്ച് യെമനിൽ എത്തി. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് യാത്ര മുടങ്ങി.

നിമിഷ തിരിച്ചെത്തിയതോടെ തലാലിൻ്റെ ഉദ്ദേശം മാറിയെന്നാണ് പിന്നീട് ഉയർന്ന ആരോപണം. ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമൊക്കെ മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് മറ്റൊരു തലത്തിലേക്ക് മാറിയെന്നാണ് പറയുന്നത്. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം നിമിഷ തന്റെ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. പിന്നീട് ഇരുവരും വിവാഹം നടത്തി. ഇത് ഭീഷണിപ്പെടുത്തിയായിരുന്നുവെന്നാണ് നിമിഷയുടെ വാദം.

തലാലിൻ്റെ പ്രവർത്തികളിൽ നിമിഷ മടുത്തു. അതിനിടെ വിസയുടെ കാലാവധിയും അവസാനിക്കാനിക്കാറായി. നിമിഷയുടെ വിസ പുതുക്കാനെന്ന് പറഞ്ഞു തലാൽ പാസ്പോർട്ട് കയ്യിൽ തന്നെ കരുതി. ഇരുവരും തമ്മിൽ വഴക്കുകളും തർക്കങ്ങളും പതിവായി. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും നിമിഷ പറയുന്നു. തലാലിൻ്റെ പ്രവൃത്തിയിൽ അസ്വസ്ഥയായ നിമിഷ പൊലീസിൽ പരാതി നൽകി. തലാലിനെതിരെ യെമൻ പൊലീസ് നടപടിയെടുത്തു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇയാൾ ജയിൽ മോചിതനായി. 2016ലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.

തലാലിൻ്റെ മോചനത്തിന് ശേഷം നിമിഷ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ പാസ്പോർട്ട് തലാലിൻ്റെ പക്കലായിരുന്നു. എന്ത് വില കൊടുത്തും പാസ്പോർട്ട് കയ്യിലാക്കണമെന്ന് തീരുമാനിച്ചു. ഇതിനായി സുഹൃത്ത് ഹനാനയോട് സഹായം അഭ്യർത്ഥിച്ചു. ഹനാനയുടെ നിർദേശപ്രകാരം നിമിഷ അവസരം മുതലാക്കി. തലാലിന് മയക്കത്തിനുള്ള ഇഞ്ചക്ഷൻ നൽകി. അങ്ങനെ അബോധാവസ്ഥയിലാകുമ്പോൾ പാസ്‌പോർട്ട് കയ്യിലാക്കമെന്നായിരുന്നു കരുതിയത്. പക്ഷേ, മരുന്നിൻ്റെ അമിതോപയോഗം മൂലം തലാൽ മരിച്ചു. തലാലിൻ്റെ മരണത്തിൽ ഇരുവരും ഭയക്കുകയും മൃതദേഹം സംസ്കരിക്കാൻ പദ്ധതിയിടുകയും ചെയ്തു. മൃതദേഹം പല കഷണങ്ങളാക്കുകയും ഇവ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത് നിമിഷപ്രിയയെ കുടുക്കി. 2017 ജൂലൈയിലാണ് യെമൻ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിചാരണയ്‌ക്കൊടുവിൽ 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും 2020ല്‍ വധശിക്ഷ ശരിവെച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല. ഇതിനിടെയാണ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റഹീമിന്റെ കാര്യത്തിലെന്നത് പോലെ 'ദിയ ധനം' എന്ന സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ.

Keywords: News, News-Malayalam-News, National, National-News, Gulf, Kerala, Who is Nimisha Priya, Indian nurse sentenced to death in Yemen for a murder?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia