Etihad Rail | ആദ്യ മറൈന്‍ പാലം പൂര്‍ത്തിയായി; ദ്രുതഗതിയില്‍ മുന്നോട്ടു കുതിച്ച് ഇത്തിഹാദ് റെയില്‍ ശൃംഖല
Jul 19, 2022, 08:23 IST
-ഖാസിം ഉടുമ്പുന്തല
അബൂദബി: (www.kvartha.com) അതിവേഗം കുതിച്ച് ഇത്തിഹാദ് റെയില്‍ നെറ്റ് വര്‍ക്. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ആദ്യ മറൈന്‍ പാലം പൂര്‍ത്തിയായി. ഖലീഫ തുറമുഖത്തെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ചതോടെ മറ്റൊരു നാഴികകല്ലുകൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇത്തിഹാദ്. 320 തൊഴിലാളികളുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ കഠിനാധ്വാനഫലമാണിത്.
വേലിയേറ്റം, വേലിയിറക്കം, കാറ്റിന്റെ വേഗവും ദിശാ മാറ്റവും, അതി ശക്തമായ ചൂട്, ഈര്‍പ്പത്തിന്റെ മാറ്റങ്ങള്‍ തുടങ്ങി കാലാവസ്ഥാ, പരിസ്ഥിതി വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നു റെകോര്‍ഡ് സമയത്തിനുള്ളില്‍ പാലം നിര്‍മിച്ചത്.
സഊദി അറേബ്യ-യുഎഇ അതിര്‍ത്തി മുതല്‍ ഫുജൈറ വരെ 1,200 കിലോമീറ്റര്‍ നീളുന്ന ഇത്തിഹാദ് റെയില്‍ ശൃംഖലയില്‍ വാണിജ്യ, വ്യവസായ, ഉല്‍പാദന, ചരക്കുഗതാഗത, പാര്‍പിട മേഖലകളെ ബന്ധിപ്പിക്കും. ഭാവിയില്‍ ജിസിസി റെയിലുമായും ബന്ധിപ്പിക്കുവാനുള്ള പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. 2015ലാണു റെയില്‍ പദ്ധതിയുടെ 265 കിലോമീറ്റര്‍ വരുന്ന പ്രഥമ ഘട്ടം പൂര്‍ത്തിയായത്. തദ്വാരാ പ്രതിവര്‍ഷം 70 ലക്ഷം ടന്‍ ചരക്കുനീക്കം നടക്കുന്നുണ്ട്.
2024 അവസാനത്തോടെ യാത്രാ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. തുടര്‍ന്നു ജിസിസി റെയിലുമായി ബന്ധിപ്പിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്ക് അനായാസം യാത്ര ചെയ്യാനാവും. അബൂദബിയില്‍ നിന്നു ദുബൈയിലെത്താന്‍ 50 മിനിറ്റും ഫുജൈറയിലെത്താന്‍ 100 മിനിറ്റും മതിയാകും. നിലവിലെ യാത്രാ സമയത്തിന്റെ 30-40% വരെ ലാഭിക്കാനാകും.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം പ്രധാന റോഡിന് സമാന്തരമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് ചരക്ക് ഗതാഗത നീക്കം അനായാസമാക്കുമെന്ന് മാത്രമല്ല ചെലവും കുറയ്ക്കുമെന്ന് ഇത്തിഹാദ് റെയില്‍ ഡപ്യൂടി പ്രോജക്ട് മാനേജര്‍ ഖുലൂദ് അല്‍ മസ്റൂഇ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.