UAE Visa | യുഎഇയിലേക്ക് സന്ദർശക വിസയിൽ പോകുന്നവർ ഇക്കാര്യങ്ങളും കരുതണം; പരിശോധന കർശനം

 
UAE Visa


വ്യക്തമായി വിവരങ്ങൾ നൽകാത്തവരെ തടഞ്ഞുവെക്കും

 

ദുബൈ: (KVARTHA) തൊഴിൽ തേടി സന്ദർശക വിസയിൽ എത്തുന്ന വ്യക്തികളെ കണ്ടെത്താൻ അധികൃതർ യുഎഇ വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതോടെ നിരവധി പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നിരവധി യാത്രക്കാരെ യാത്രാ രേഖകളുടെ അപര്യാപ്തത കാരണം വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. 

ഈ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കർശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി.  കൊച്ചി വിമാനത്താവളത്തിൽ മാത്രം 20 യാത്രക്കാരെ അടുത്തിടെ വിമാനങ്ങളിൽ കയറുന്നതിൽ നിന്ന് വിലക്കിയിരുന്നു. പോകുന്നവരുടെ കയ്യിൽ യുഎഇയിലെ ഹോട്ടൽ ബുക്കിങിന്റെ രേഖയും ചിലവിനായി 5000 ദിർഹവും ഉണ്ടാകണമെന്ന വ്യവസ്ഥ വിമാനക്കമ്പനികൾ കർശനമായി പാലിച്ചതോടെയാണ് യാത്രക്കാർ കുടുങ്ങിയത്. വിസയും വിമാന ടിക്കറ്റും മാത്രമായി വിമാനത്താവളത്തിൽ എത്തിയവർക്കാണ് മടങ്ങേണ്ടി വന്നത്.

എന്തൊക്കെ കരുതണം?

ഒരു മാസത്തെ സന്ദർശക വിസയ്ക്ക് 3000 ദിർഹവും (68,000 രൂപ), രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവുമാണ് കൈവശം ഉണ്ടായിരിക്കേണ്ടത്. ഇത്രയും തുക പണമായി കരുതാം. അല്ലെങ്കിൽ  ചിലവാക്കാവുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതി. മാർഗനിർദേശ പ്രകാരം, സന്ദർശനത്തിൻ്റെ ഉദ്ദേശ്യം, താമസ സൗകര്യങ്ങൾ, ചിലവിനുള്ള തുക എന്നിവയെക്കുറിച്ച് വിമാനത്താവള ഉദ്യോഗസ്ഥർ അന്വേഷിക്കേണ്ടതുണ്ട്. വ്യക്തമായി ഉത്തരം പറയാത്ത യാത്രക്കാരെ തടഞ്ഞുവയ്ക്കുന്നതിന് ഇടയാക്കും.

സന്ദർശക, വിനോദ സഞ്ചാര വിസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാനാവില്ല. തൊഴിൽ വിസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. വിനോദസഞ്ചാര വിസയിൽ വരുന്നവർ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, ചിലവിനുള്ള പണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണം.

സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാനെത്തുന്ന യാത്രക്കാരോട് അവരുടെ വിസകളുടെയും പാസ്‌പോർട്ടുകളുടെയും പകർപ്പുകൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങളും താമസ വിവരങ്ങളും  നൽകേണ്ടി വന്നേക്കാം. മതിയായ യാത്രാ രേഖകളില്ലാത്തവർ യുഎഇയിൽ എത്തുന്നതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണെന്നും ഓരോ യാത്രക്കാർക്കും 5000 ദിർഹം വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയതോടെയാണ് കേരളത്തിലടക്കം വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia