Temperature | വെള്ളിയാഴ്ച യുഎഇയിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന താപനില; ചുട്ട് പൊള്ളി രാജ്യം


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തീരപ്രദേശങ്ങൾ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും
ഖാസിം ഉടുമ്പുന്തല
അബൂദബി: (KVARTHA) യുഎഇയിൽ വേനൽ ചൂട് ശക്തി കൂടി വരികയാണ്. ഇതുവരെയുള്ള വേനലിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില വെള്ളിയാഴ്ച (ജൂൺ 21) രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന്, മെസൈറയിൽ (അൽ ദഫ്ര മേഖല) 49.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ചെയർമാൻ ഡോ. അബ്ദുല്ല അൽ മൻദൂസ് പറഞ്ഞു.

ഗോള ശാസ്ത്രവും ബഹിരാകാശ ശാസ്ത്രവും പറയുന്നതനുസരിച്ച്, 14 മണിക്കൂർ നീണ്ടുനിന്ന വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ വേനൽക്കാല പകൽ ദിവസമായിരുന്നു വെള്ളിയാഴ്ച. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനോട് ഏറ്റവും അടുത്ത് ചരിഞ്ഞിരിക്കുന്ന വേനൽ അറുതിയോടെയാണ് രാജ്യത്ത് ഗോളശാസ്ത്ര വേനൽ എന്നറിയപ്പെടുന്ന സീസൺ ആരംഭിക്കുന്നത്. യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായിരുന്നു വെള്ളിയാഴ്ച അനുഭവപ്പെട്ടത്.
അതേസമയം യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിക്ക് അനുസരിച്ച് യാത്ര ചെയ്യണമെന്നും അബൂദബി പൊലീസ് അറിയിച്ചു.
ശനിയാഴ്ച പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. വൈകീട്ടോടെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. തീരപ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.