Amnesty | യുഎഇയില്‍ 4 മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി 

 
UAE Amnesty program ending in December, legal action about to begin.
UAE Amnesty program ending in December, legal action about to begin.

Photo Credit: X/ Dubai Media Office

● 4 മാസത്തെ പൊതുമാപ്പിന്റെ കാലാവധി ഡിസംബർ 31-ന് അവസാനിക്കും.
● പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. 
● പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വിസയിൽ തിരികെ വരാനുള്ള അവസരവുമുണ്ട്. 

ഖാസിം ഉടുമ്പുന്തല

അബൂദബി: (KVARTHA) യുഎഇയില്‍ നാല് മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധി ചൊവ്വാഴ്ച (ഡിസംബര്‍ 31) അവസാനിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടേതാണ് (ഐസിപി) മുന്നറിയിപ്പ്. പൊതുമാപ്പ് ഉപയോഗിക്കാത്തവർ ഉടൻ നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു. ജനുവരി ഒന്ന് മുതൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കും.

പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. കൂടാതെ, ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. നിയമലംഘകർക്ക് താമസവും ജോലിയും നൽകുന്നവർക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് വിരലടയാളം രേഖപ്പെടുത്തി മണിക്കൂറുകൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും അതിനാൽ വൈകിയെന്ന് കരുതി നിയമലംഘകർ പൊതുമാപ്പിൽനിന്ന് പിന്മാറരുതെന്നും അധികൃതർ നിര്‍ദേശിച്ചു. 

ഒക്ടോബറില്‍ അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് അപേക്ഷകരുടെ തിരക്കുകാരണം നവംബർ, ഡിസംബർ മാസങ്ങളിലേക്ക് ‌പൊതുമാപ്പ് നീട്ടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം മുൻപത്തേക്കാൾ കുറവായിരുന്നു. അതിനാൽ ഇനി യാതൊരു കാരണവശാലും പൊതുമാപ്പ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വിസയിൽ തിരികെ വരാനുള്ള അവസരവുമുണ്ട്. കണക്കുകള്‍ അനുസരിച്ച്, പൊതുമാപ്പ് നേടിയവരിൽ 80 ശതമാനത്തിലേറെ പേർ രേഖകൾ നിയമവിധേയമാക്കി യുഎഇയിൽ തന്നെ തുടരുകയും 20 ശതമാനം പേർ മാത്രം രാജ്യം വിടുകയും ചെയ്തിരുന്നു.

#UAEAmnesty #UAEDeadline #ImmigrationNews #PublicAmnesty #UAE #VisaNews #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia