Shaikh Muhammed | യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചു; 'രാജ്യവികസനത്തില്‍ പ്രവാസികളുടെ പങ്ക് വിലപ്പെട്ടത്'
Jul 14, 2022, 09:58 IST
- ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) യുഎഇ കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികള്‍ നല്‍കുന്ന തുടര്‍ച്ചയായ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍. യുഎഇയുടെ തന്ത്രപരമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനായി ബുധനാഴ്ച രാജ്യത്തുള്ള പൗരന്മാരെയും താമസക്കാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ സമയം വൈകുന്നേരം ആറ് മണിക്ക് പ്രാദേശിക ടിവിയിലും റേഡിയോ ചാനലുകളിലും പ്രസംഗം സംപ്രേക്ഷണം ചെയ്തു.
യുഎഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനുശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ രൂപവത്കരണം മുതല്‍ ഇതുവരെ രാജ്യത്തെ രണ്ടാം ഭവനമായി കണക്കാക്കുന്ന പ്രവാസികള്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുന്നു. രാജ്യ വികസനത്തില്‍ പ്രവാസികള്‍ക്ക് ക്രിയാത്മകമായ പങ്കുണ്ട്.
ലോകത്ത് മുന്‍നിരയിലുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തില്‍ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയില്‍ വൈവിധ്യവത്കരണം അത്യാവശ്യമാണ്.
മതം, വംശം, സംസ്‌കാരം എന്നിവ പരിഗണിക്കാതെ ലോകം മുഴുവന്‍ സഹായം നല്‍കുന്നതും ലോകരാഷ്ട്രങ്ങളുമായുള്ള സൗഹൃദവും സഹകരണവും തുടരും. പുതുതലമുറകള്‍ക്ക് ശോഭനമായ ഭാവി കൈവരിക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. രാജ്യത്തെ പൗരന്മാരുടെ ശാക്തീകരണം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മണ്‍മറഞ്ഞ സ്ഥാപക പിതാക്കന്മാരുടെ പാത നിര്‍ബാധം പിന്തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
യൂനിയന് മുമ്പും ശേഷവും ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍പ്പോലും വെല്ലുവിളികളെ അതിജീവിച്ച് ഒരു രാഷ്ട്രം കെട്ടിപ്പടുത്തവരില്‍ അഭിമാനമുണ്ട്. പൗരന്മാര്‍ക്ക് സന്തുഷ്ടമായ ജീവിതം നയിക്കാന്‍ ആവശ്യമായതെല്ലാം ഉണ്ടെന്നുറപ്പാക്കും. രാജ്യത്തെ വിശ്വസ്തരായ ഇമാറാതി പൗരന്മാരില്‍ അഭിമാനിക്കുന്നുവെന്നും ബുധനാഴ്ച പ്രാദേശികസമയം വൈകീട്ട് ആറുമണിക്ക് നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ശൈഖ് ഖലീഫയ്ക്കും സ്ഥാപക പിതാവ് ശൈഖ് സാഇദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ്യാനും ആദരമര്‍പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. യുഎഇയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ ചാനലുകളും പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
മുന്‍ യുഎഇ പ്രസിഡന്റും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ ഇക്കഴിഞ്ഞ മേയ് 13-ന് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായി തെരഞ്ഞെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.