ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; യുഎഇയില്‍ 21കാരിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തണമെന്നും കോടതി ഉത്തരവ്
Dec 17, 2021, 16:00 IST
അജ്മാന്‍: (www.kvartha.com 17.12.2021) അമ്മായിഅമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ 21കാരിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു. ഒരു വര്‍ഷം ജയില്‍ ശിക്ഷയും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തണമെന്നും അജ്മാന്‍ കോടതി ഉത്തരവിട്ടു. പ്രതി മനഃപൂര്‍വമായ കൊലപാതക ശ്രമമാണ് നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ നാല് തവണ യുവതി കുത്തിയെന്ന് കേസ് രേഖകള്‍ പറയുന്നു. ബഹളം കേട്ട് ഭര്‍ത്താവ് ഓടിയെത്തിയാണ് യുവതിയെ പിടിച്ചുമാറ്റിയ ശേഷം അമ്മയെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
ഇരുവരും തമ്മിലുണ്ടായിരുന്ന ചില തര്‍ക്കങ്ങള്‍ കാരണം ഭര്‍ത്താവിന്റെ അമ്മയെ കൊല്ലാന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുറിയില്‍ ഉറങ്ങുകയായിരുന്ന താന്‍ അമ്മയുടെ നിലവിളി കേട്ടാണ് ഉണര്‍ന്ന് ഓടിയെത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് മൊഴി നല്‍കി. ബഹളം കേട്ട് ഓടിയെത്തിയ മകനാണ് അമ്മയുടെ ജീവന്‍ രക്ഷിച്ചത്.
'രക്തം വാര്‍ന്ന നിലയിലാണ് അമ്മയെ കണ്ടത്. ഭാര്യ അമ്മയെ വീണ്ടും വീണ്ടും കുത്തിയ ശേഷം ബോധരഹിതയായി തന്റെ ശരീരത്തിലേക്ക് വീണു. ഭാര്യയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ആംബുലന്‍സിനെയും പൊലീസിനെയും വിവരമറിയിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു'.- ഭര്‍ത്താവ് പറഞ്ഞു.
മകനും മരുമകള്‍ക്കും ഒപ്പം അജ്മാനിലെ അപാര്‍ട്‌മെന്റിലായിരുന്നു അമ്മയും കഴിഞ്ഞിരുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും അതിനായി കത്തി തയ്യാറാക്കി വെയ്ക്കുകയും ചെയ്ത ശേഷം അമ്മ ഉറങ്ങുന്നതുവരെ കാത്തിരുന്നാണ് യുവതി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതി വിചാരണയ്ക്കിടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.