Travel | ഈ രേഖയുടെ ഒറിജിനൽ ഇല്ലാതെ യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാനാവുന്നില്ല; വിമാനത്താവളങ്ങളിൽ പ്രശ്‌നം


● വിമാനത്താവള ജീവനക്കാർ ഫിസിക്കൽ ഐഡി ആവശ്യപ്പെടുന്നു
● നിരവധി പേർ അനുഭവങ്ങൾ വെളിപ്പെടുത്തി
● യാത്രക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നു
ദുബൈ: (KVARTHA) യുഎഇയിലേക്ക് മടങ്ങുന്ന നിരവധി ഇന്ത്യൻ പ്രവാസികൾ ഇപ്പോൾ ഒരു പ്രധാന പ്രശ്‌നം നേരിടുന്നുണ്ട്. യുഎഇയുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐ ഡിയുടെ ഒറിജിനല്‍ കൈവശമില്ലെന്ന കാരണത്താല്‍ പലരുടെയും യാത്ര യാത്ര തടയുന്നു. തങ്ങളുടെ യുഎഇ ഐഡിയുടെ ഡിജിറ്റൽ പതിപ്പുകൾ ഉണ്ടെങ്കിലും, ഫിസിക്കൽ ഐഡി കൈവശം വയ്ക്കാത്തതിന്റെ പേരിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രശ്‌നങ്ങൾ നേരിടുകയാണ് ഇവർ. ഈ കാരണത്താൽ ചിലർക്ക് വിമാനത്തിൽ കയറാൻ കഴിയാതെ വരികയും, ടിക്കറ്റുകൾ റദ്ദാക്കേണ്ടി വരികയും ചെയ്യുന്നു. ഇത് അവർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം യാത്രാ തടസ്സങ്ങൾക്കും കാരണമാകുന്നു.
ഷാർജയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി അസീം അഹമ്മദ്, അടുത്തിടെ മംഗ്ളുറു വിമാനത്താവളിൽ സമാന പ്രശ്‌നം നേരിട്ടു. അവധി കഴിഞ്ഞ് കുടുംബത്തെ കൂട്ടി തിരിച്ചു പോകുന്ന വഴി, പെട്ടെന്നുള്ള യാത്രാ പദ്ധതികൾ കാരണം തന്റെ എമിറേറ്റ്സ് ഐഡി മറന്നുപോയതായി അദ്ദേഹം പറഞ്ഞു. യുഎഇ വിസയുടെ ഡിജിറ്റൽ പതിപ്പ് കൈവശമുണ്ടായിരുന്നെങ്കിലും, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഫിസിക്കൽ ഐഡി കാണിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, അദ്ദേഹത്തിന് യാത്രാ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നു. യുഎഇയിൽ നിന്ന് ഐഡി അയയ്ക്കുന്നതിനായി അഞ്ച് ദിവസം കാത്തിരിക്കേണ്ടി വന്നു.
ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി ബൈസിലിനും ദുരനുഭവമുണ്ടായതായി കഴിഞ്ഞ ദിവസം സിറാജ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി ഇല്ലാത്തതിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ യാത്ര നിഷേധിച്ചു. പാസ്‌പോർട്ട്, യുഎഇ മൊബൈൽ ആപ്പിലെ ഡിജിറ്റൽ ഐഡി, സാധുവായ വിസ എന്നിവ കാണിച്ചിട്ടും ജീവനക്കാർ ഇത് സ്വീകരിക്കാൻ തയ്യാറായില്ല.
തുടർന്ന് ബൈസിൽ എയർലൈൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ, ഡിജിറ്റൽ ഐഡിയും വിസയും ഉപയോഗിച്ച് യാത്ര ചെയ്യുന്നതിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്നും അവർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ജീവനക്കാരുടെ നടപടിയിൽ വിമാനക്കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ബൈസിൽ ആലോചിക്കുകയാണ്.
എമിറേറ്റ്‌സ് ഐഡി നിങ്ങളുടെ കൂടെ കരുതുക
യു എ ഇ യില്‍ എല്ലാ കാര്‍ഡുകളും മൊബൈല്‍ ആപ്പില്‍ ഡിജിറ്റലായി ലഭിക്കുന്നത് കാരണം നിലവില്‍ ആരും തന്നെ കാർഡുകൾ കൈവശം വെക്കാറില്ല. യുഎഇ ഡിജിറ്റൽ റസിഡൻസി രേഖകളിലേക്ക് മാറിയെങ്കിലും, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാർക്ക് എമിറേറ്റ്‌സ് ഐഡിയുടെ ഫിസിക്കൽ കോപ്പി കൈവശം വയ്ക്കാൻ ട്രാവൽ ഏജൻസികൾ ശുപാർശ ചെയ്യുന്നു. യുഎഇ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തിയതിനു ശേഷം, ഇന്ത്യൻ വിമാനത്താവളങ്ങളിൽ എമിറേറ്റ്‌സ് ഐഡി ചോദിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു എന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
#UAEID #IndianExpatriates #TravelIssues #AirportProblems #DigitalID #PhysicalID