Sultan Alneyadi | ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്വാന്‍ അല്‍നെയാദി യുഎഇയില്‍ തിരിച്ചെത്തി; പതാക ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് കൈമാറി

 


അബൂദബി: (www.kvartha.com) ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്വാന്‍ അല്‍നെയാദി യുഎഇയില്‍ തിരിച്ചെത്തി. പ്രത്യേക വിമാനത്തില്‍ അബൂദബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയില്‍ 4.58ന് ഇറങ്ങിയ സുല്‍ത്വാന്‍ അല്‍ നെയാദിക്ക് രാജകീയ സ്വീകരണം നല്‍കി.

സുല്‍ത്വാന്‍ അല്‍ നെയാദിയെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരും മുതിര്‍ന്ന ശെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ദേശീയ പതാക വീശിയും ഹര്‍ഷാരവം മുഴക്കിയും ആലിംഗനങ്ങളേകിയും ജനങ്ങള്‍ സുല്‍ത്വാനെ സ്വീകരിച്ചു.

തിങ്കളാഴ്ച വൈകിട്ട് 5ന് തുടങ്ങിയ ആഘോഷ പരിപാടികള്‍ രാത്രി വൈകിയും പലയിടങ്ങളിലും തുടര്‍ന്നു. പരമ്പരാഗത വാദ്യഘോഷങ്ങളുടെ അലയൊലികളായിരുന്നു രാജ്യമെങ്ങും. സുല്‍ത്വാനെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകള്‍ വിമാനത്താവളത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിലും നിറഞ്ഞു. അല്‍ നെയാദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളുമായി യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം തങ്ങിയ, ഏഴു മണിക്കൂറിലേറെ സമയം ബഹിരാകാശത്ത് നടന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരി എന്ന റെകോര്‍ഡുമായാണ് സുല്‍ത്വാന്‍ തിരിച്ചെത്തിയത്. രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയര്‍ത്തിയ അല്‍ നെയാദിയുടെ തിരിച്ചുവരവ് ഉത്സവമാക്കുകയായിരുന്നു രാജ്യവും ജനങ്ങളും. സുരക്ഷാ കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് സ്വീകരണത്തിന്റെ തല്‍സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.

ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം 4ന് ഹൂസ്റ്റണ്‍ തീരത്ത് തിരിച്ചെത്തിയെങ്കിലും യുഎഇയില്‍ എത്തുന്നത് കഴിഞ്ഞദിവസമാണ്. ബഹിരാകാശത്തുനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10,000ലേറെ ആളുകളുമായി സംവദിച്ച സുല്‍ത്വാന്‍ ശേഷിച്ച വിശേഷങ്ങള്‍ ജനങ്ങളുമായി നേരിട്ടു പങ്കുവയ്ക്കാനുള്ള ആവേശത്തിലാണെന്നും പറഞ്ഞു.

ബഹിരാകാശത്തും ഭൂമിയിലും തിരിച്ചെത്തിയപ്പോഴും നേരിടേണ്ടിവന്ന വെല്ലുവിളികളും അദ്ദേഹം വിവരിച്ചു. ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി ശരീരവും മനസ്സും പൊരുത്തപ്പെടാനായി കഴിഞ്ഞ രണ്ടാഴ്ച ഹൂസ്റ്റണിലെ നാസ കേന്ദ്രത്തില്‍ ചെലവഴിച്ച ശേഷമാണ് യുഎഇയില്‍ എത്തിയത്.

ഭൂമിയിലായാലും ബഹിരാകാശത്തായാലും ലോകത്തിന്റെ സ്പന്ദനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന സുല്‍ത്വാന്‍ അല്‍ നെയാദി ബഹിരാകാശത്തുവച്ച് ഡെല്‍ഹിയുടെ ചിത്രം പകര്‍ത്തി ഇന്‍ഡ്യക്കാര്‍ക്ക് ആശംസ നേര്‍ന്ന് പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.

രാജ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവിരുന്നിലും മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളിലും പങ്കെടുത്തശേഷം തുടര്‍പരീക്ഷണങ്ങള്‍ക്കായി നെയാദി വീണ്ടും നാസയുടെ ഗവേഷണ കേന്ദ്രത്തിലേക്ക് തിരിച്ചുപോകും.

Sultan Alneyadi | ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്വാന്‍ അല്‍നെയാദി യുഎഇയില്‍ തിരിച്ചെത്തി; പതാക ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് കൈമാറി


Keywords: News, Gulf, Gulf-News, UAE News, Abu Dhabi News, Astronaut, Sultan Alneyadi, Space Mission, President, Vice-President, Airport, UAE Astronaut Sultan Alneyadi returns UAE after historic space mission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia