Fishermen Missing | ബഹ്റൈനില്‍ 2 പ്രവാസി മീന്‍പിടുത്തത്തൊഴിലാളികളെ കാണാതായതായി പരാതി; 9 ദിവസമായി ആശങ്കയില്‍ കുടുംബം; അന്വേഷണം നടക്കുന്നു
Oct 25, 2022, 17:36 IST
ADVERTISEMENT
മനാമ: (www.kvartha.com) ബഹ്റൈനില്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയ രണ്ട് പ്രവാസി തൊഴിലാളികളെ ഒമ്പത് ദിവസമായി കാണാതായതായി പരാതി. ഇന്‍ഡ്യക്കാരായ സഹായ സെല്‍സോ (37), ആന്റണി വിന്‍സന്റ് ജോര്‍ജ് (33) എന്നിവരെയാണ് കണാതായത്. ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഇവരുടെ തൊഴിലുടമയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കടലില്‍ പോയതെന്നും എന്നാല്‍ പിന്നീട് തിരികെ വന്നിട്ടില്ലെന്നും തുടര്‍ന്ന് ഇവരുടെ തൊഴിലുടമയും ഇവര്‍ സഞ്ചരിച്ച ബോടിന്റെ ഉടമസ്ഥനുമായ ബഹ്റൈന്‍ സ്വദേശി താരിഖ് അല്‍മാജിദാണ് തീരസംരക്ഷണസേനയെ വിവരം അറിയിച്ചത്.
വ്യാഴാഴ്ചയാണ് തൊഴിലാളികളെ കാണാതായ വിവരം തൊഴിലുടമയായ അല്‍മാജിദ് കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്. സാധാരണ രീതിയില്‍ കടലില്‍ പോയാല്‍ രണ്ടു ദിവസം കൊണ്ട് തിരികെ വരുന്നവരെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്. ഖത്വറില്‍ റഡാര്‍ സംവിധാനത്തില്‍ ഒരു ബഹ്റൈനി ബോട് കണ്ടതായി ഇവിടുത്തെ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചതായി ശനിയാഴ്ച ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇറാനിലെ ചില ഇന്‍ഡ്യക്കാരായ മീന്‍പിടുത്തത്തൊഴിലാളികള്‍ ബഹ്റൈനി ബോട് ഇറാന്‍ അതിര്‍ത്തിയില്‍ കണ്ടതായും പറഞ്ഞെന്ന് അല്‍മാജിദ് വ്യക്തമാക്കി. എന്നാല്‍ പ്രവാസി തൊഴിലാളികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
ഒമ്പതും നാലും വയസുള്ള രണ്ട് കുട്ടികളാണ് സഹായയ്ക്ക് ഉള്ളത്. നാലു വയസുള്ള കുട്ടിയും 18 മാസം പ്രായമുള്ള കുഞ്ഞുമാണ് ആന്ററണിക്കുള്ളതെന്ന് സഹായയുടെ ബന്ധു വെളിപ്പെടുത്തി. പ്രാദേശിക അധികൃതരമായി ബന്ധപ്പെടുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാകുമാരി ജില്ലയിലെ കഡിയപട്ടണം സ്വദേശികളാണ് കാണാതായ തൊഴിലാളികള്‍.
പ്രവാസി മീന്‍പിടുത്തത്തൊഴിലാളികളുടെ ഇന്‍ഡ്യയിലെ കുടുംബവും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവെന്നും 15 വര്‍ഷത്തിലേറെയായി ഇവര്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും സഹോദരങ്ങളെപ്പോലെയാണ് തനിക്ക് അവരെന്നും തൊഴിലുടമ ജിഡിഎന്‍ ഓണ്‍ലൈനോട് പറഞ്ഞു. കാണാതായവരുടെ കുടുംബങ്ങളോട് എന്ത് മറുപടി പറയണമെന്ന് അറിയില്ലെന്നും ഇവരെ കണ്ടെത്തുന്നതിനായി അധികൃതരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്‍ഡ്യയിലെ സൗത് ഏഷ്യന്‍ ഫിഷര്‍മെന്ഡ ഫെഡറേഷന്‍ ജനറല്‍ സെക്രടറി ഫാദര്‍ ജോണ്‍ ചര്‍ചില്‍, അടിയന്തര നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

