

/ ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (KVARTHA) എമിറേറ്റിലെ പ്രധാന റോഡുകളുടെ വേഗപരിധി കുറച്ചു. അല്‍ ഇത്തിഹാദ് റോഡിന്റെയും അല്‍ വഹ്ദ റോഡിന്റെയും വേഗപരിധി കുറച്ചതായി ശാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി (RTA) അറിയിച്ചു. റോഡിന്റെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. റോഡുകളില്‍ അനായാസേനയുള്ള ഗതാഗതം ഉറപ്പാക്കാന്‍ പുതിയ വേഗപരിധി പാലിക്കാന്‍ വാഹനമോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ആഴ്ച റാസല്‍ഖൈമ പോലീസ് എമിറേറ്റിലെ ഒരു പ്രധാന റോഡിന്റെ വേഗപരിധി വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. അല്‍ വത്വന്‍ റോഡില്‍ മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി പരിധി ഉയര്‍ത്തി. 2023 നവംബറില്‍ ദുബൈയിലെ അല്‍ ഇത്തിഹാദ് റോഡിലെ ഒരു പ്രധാന പാതയുടെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.
അല്‍ ഇത്തിഹാദ് റോഡില്‍ ശാര്‍ജ-ദുബൈ അതിര്‍ത്തി മുതല്‍ അല്‍ ഗര്‍ഹൂദ് പാലം വരെ നീളുന്നതാണ് പുതിയ വേഗപരിധി. പുതിയ പരമാവധി വേഗപരിധി പ്രതിഫലിപ്പിക്കുന്നതിനായി അല്‍ ഇത്തിഹാദ് റോഡിലെ ട്രാഫിക് അടയാളങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സ്പീഡ് റിഡക്ഷന്‍ സോണിന്റെ തുടക്കം ചുവപ്പ് വരകള്‍ അടയാളപ്പെടുത്തി. ഇതനുസരിച്ച് റോഡിലെ റഡാറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.