Analysis | 12 ദിവസത്തിനിടെ പ്രകാശനം ചെയ്തത് 750 പുസ്തകങ്ങൾ; ഒഴുകിയെത്തിയത് ലക്ഷക്കണക്കിനാളുകൾ; ശാർജ അന്താരാഷ്ട്ര പുസ്തകമേള ഇത്തവണയും ചരിത്രമായി
ADVERTISEMENT
● 112 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകർ പങ്കെടുത്തു
● ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ നാലാം സ്ഥാനം
● ശൈഖ് സുൽത്വാൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്
ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) യുഎഇ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ശാർജ ബുക് അതോറിറ്റി ഏറ്റവും മികവുറ്റ സൗകര്യങ്ങളോട് കൂടിയാണ് അക്ഷര പ്രേമികളെ ഇത്തവണയും വരവേറ്റത്. റോക്കയായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. ഇന്ത്യയിൽ നിന്നുൾപ്പെടെ ഏറ്റവും പുതിയ കൃതികളുമായി 400 രചയിതാക്കളാണ് മേളയുടെ ഭാഗമായത്.
'ഇത് ഒരു പുസ്തത്തിൽ നിന്ന് ആരംഭിക്കുന്നു' (هكذا نبدأ) എന്ന പ്രമേയത്തിലാണ് 43-മത് അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ ആറ് മുതല്‍ 17 വരെ ശാര്‍ജ എക്സ്‌പോ സെന്ററില്‍ നടന്നത്. 1982 മുതൽ യു.എ.ഇ.യിലെ ശാർജയിൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമാണ് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം. യുഎഇ സുപ്രീം കൗൺസിൽ അംഗവും, ശാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ രക്ഷാകർത്വത്തിലാണ് പരിപാടി നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ നാലാംസ്ഥാനമാണ് ഈ പുസ്തകോത്സവത്തിനുള്ളത്. ശാർജയിലെ വേൾഡ് ട്രേഡ് ആൻഡ് എക്സ്പോ സെന്ററിൽ എല്ലാവർഷവും നവംബർ മാസത്തിലാണ് ഈ പുസ്തകോത്സവം നടക്കുന്നത്. ഇത്തവണ 112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കുകയുണ്ടായി. 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളുമായെത്തി. 12 ദിവസത്തിനിടെ പ്രകാശനം ചെയ്തത് 750 പുസ്തകങ്ങൾ ആണ്.
63 രാജ്യങ്ങളില്‍നിന്നുള്ള 250 അതിഥികള്‍ നയിച്ച 1357 സാംസ്‌കാരിക പരിപാടികളുണ്ടായിരുന്നു. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പരിപാടികള്‍ക്കായിരിരുന്നു ഇത്തവണ മുൻതൂക്കം ലഭിച്ചിരുന്നത്. അന്താരാഷ്ട്ര പാചക വിദഗ്ദരുടെ നേതൃത്വത്തില്‍ ലൈവ് പാചക സെഷനുകള്‍ ഉണ്ടായിരിരുന്നു. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍നിന്ന് 17 ഷെഫുമാരെത്തുകയുണ്ടായി.
എല്ലാ പ്രായക്കാര്‍ക്കുമായി ഏതാണ്ട് 600 വര്‍ക്ക്ഷോപ്പുകള്‍ നടത്തുകയുണ്ടായി. ക്രിയേറ്റീവ് റൈറ്റിങ് രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത എക്സ്‌ക്ലൂസീവ് വര്‍ക്ക്‌ഷോപ്പുകളുമുണ്ടായിരുന്നു. യുഎ.ഇ.യിലെ പ്രവാസി മലയാളികൾക്ക് ഈ ദിനങ്ങൾ സമ്മാനിച്ചത് വാക്കുകളുടെ ഉത്സവംകൂടിയായിരുന്നു. കഴിഞ്ഞ 43 വർഷമായി പ്രവാസമണ്ണിൽ അരങ്ങേറിയ വായനയുടെ ലോകോത്തരമേളയായിരുന്നു ഇത്തവണത്തെ ശാർജ വായനോത്സവം.
എമിറേറ്റിലെ ലൈബ്രറികൾ സമ്പുഷ്ടമാക്കാനായി പുസ്തകങ്ങൾ വാങ്ങിക്കുവാനായി ശാർജ ഭരണാധികാരി 45 ലക്ഷം ദിർഹമാണ് പ്രഖ്യാപിച്ചത്. യുഎ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന ഖ്യാതി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് ഇത്തവണയും ശാർജ പുസ്തക മേളക്ക് കൊടിയിറങ്ങുന്നത്.
#SharjahBookFair #UAE #books #literature #reading
