Book Fair | വാക്കുകളുടെ വിസ്‌മയം സമ്മാനിച്ച് ശാര്‍ജയിൽ വീണ്ടുമൊരു അന്താരാഷ്ട്ര പുസ്തകമേള; നവംബര്‍ 17 വരെ വായനോത്സവം
● 112 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരുടെ പങ്കാളിത്തം.
● 1357 സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.
● കവിതാസന്ധ്യയിൽ മലയാളി കവികളുടെ സാന്നിധ്യം.
ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (KVARTHA) ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് (SIBF 2024) തിരി തെളിഞ്ഞു. ശാർജ ഭരണാധികാരിയും, യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ-ഖാസിമി ഉദ്ഘാടനം ചെയ്തു. ഇത് ഒരു പുസ്തത്തിൽ നിന്ന് ആരംഭിക്കുന്നു (هكذا نبدأ) എന്ന പ്രമേയത്തിലുള്ള 43-മത് അന്താരാഷ്ട്രപുസ്തകമേള നവംബര്‍ 17 വരെ ശാര്‍ജ എക്സ്‌പോ സെന്ററില്‍ നടക്കും.
1982 മുതൽ യു.എ.ഇ.യിലെ ശാർജയിൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമാണു് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം. യു എ ഇ സുപ്രീം കൗൺസിൽ അംഗവും,ശാർജ ഭരണാധികാരിയുമായ ശൈഖ് ഢോ.സുൽത്വാൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ രക്ഷാകർത്വത്തിലാണ് പരിപാടി നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ നാലാംസ്ഥാനമാണ് ഈ പുസ്തകോത്സവത്തിനുള്ളത്.
ശാർജയിലെ വേൾഡ് ട്രേഡ് ആൻഡ് എക്സ്പോ സെന്ററിൽ എല്ലാവർഷവും നവംബർ മാസത്തിലാണ് ഈ പുസ്തകോത്സവം നടക്കുന്നത്. ഇത്തവണ 112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കും. 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളുമായെത്തും. 63 രാജ്യങ്ങളില്‍നിന്നുള്ള 250 അതിഥികള്‍ നയിക്കുന്ന 1357 സാംസ്‌കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പരിപാടികള്‍ക്കായിരിക്കും ഇത്തവണ മുൻതൂക്കം ലഭിക്കുക.
അന്താരാഷ്ട്ര പാചക വിദഗ്ദരുടെ നേതൃത്വത്തില്‍ ലൈവ് പാചക സെഷനുകള്‍ ഉണ്ടായിരിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍നിന്ന് 17 ഷെഫുമാരെത്തും. എല്ലാ പ്രായക്കാര്‍ക്കുമായി ഏതാണ്ട് 600 വര്‍ക്ക്ഷോപ്പുകള്‍ നടത്തും. ക്രിയേറ്റീവ് റൈറ്റിങ് രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത എക്സ്‌ക്ലൂസീവ് വര്‍ക്ക്‌ഷോപ്പുകളുമുണ്ടായിരിക്കും.
യുഎ.ഇ.യിലെ പ്രവാസി മലയാളികൾക്ക് ഈ ദിനങ്ങൾ സമ്മാനിക്കുന്നത് വാക്കുകളുടെ ഉത്സവംകൂടിയാണ്. യു.എ.ഇ.യിലെ സാംസ്കാരികകേന്ദ്രമായ ശാർജയിൽ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരശ്ശീലയുർന്നപ്പോൾ മലയാളി സമൂഹം ആഹ്ലാദത്തിമർപ്പിലാണ്. കഴിഞ്ഞ 43വർഷമായി പ്രവാസമണ്ണിൽ അരങ്ങേറുന്ന വായനയുടെ ലോകോത്തരമേളയായി ശാർജ വായനോത്സവം മാറിക്കഴിഞ്ഞു.
കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും
ശാർജ അന്തർദേശീയ പുസ്തകോത്സവത്തില്‍ മലയാളി സാഹിത്യാസ്വാദകരുടെ ഇഷ്ട വേദിയായ കാവ്യസന്ധ്യയിൽ ഇത്തവണ വിഖ്യാത കവികളായ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോൺഫ്രൻസ് ഹാളിലാണ് കാവ്യസന്ധ്യ.
#SharjahBookFair, #UAE, #books, #literature, #culture, #read, #events