Heatwave Warning | സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍ കടുക്കും, പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്


കിഴക്കന്‍ പ്രവിശ്യയിലും റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലും ഖസീം പ്രവിശ്യയിലും ചില ഭാഗങ്ങളില്‍ താപനില ഗണ്യമായി ഉയരും
ജിസാന്‍, അസീര്‍, അല്‍ ബാഹ തുടങ്ങിയ തെക്കന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത
വേനല്‍ക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കണം
റിയാദ്: (KVARTHA) സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍ കടുക്കുമെന്നും കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നുമുള്ള മുന്നറിയിപ്പുമായി അധികൃതര്‍. കിഴക്കന്‍ പ്രവിശ്യയിലും റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലും ഖസീം പ്രവിശ്യയിലും ചില ഭാഗങ്ങളില്‍ താപനില ഗണ്യമായി ഉയരുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
എന്നാല്‍ ജിസാന്‍, അസീര്‍, അല്‍ ബാഹ തുടങ്ങിയ തെക്കന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നും മക്ക പ്രവിശ്യയില്‍ പൊടിക്കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ഉച്ച സമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന് ആരോഗ്യകാര്യ ജെനറല്‍ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഉച്ചസമയത്ത് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ശാരീരികമായി പൊള്ളലടക്കമുള്ള പരുക്കേല്‍ക്കാന്‍ ഇടയാകുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കണം, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വാഹനത്തില്‍ വിന്‍ഡോ ഫിലിം ഒട്ടിക്കണം, ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം, സണ്‍ഗ്ലാസ് ഉപയോഗിക്കണം, ഉച്ചക്കുള്ള ഡ്രൈവിങ് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഡയറക്ടറേറ്റ് നല്‍കിയിട്ടുണ്ട്.