Emotional Reunion | സൗദി: വധശിക്ഷ ഒഴിഞ്ഞുകിട്ടിയെങ്കിലും ഇപ്പോഴും തടവിൽ തന്നെ കഴിയുന്ന അബ്ദുൽ റഹീമിനെ മാതാവ് ജയിലിൽ സന്ദർശിച്ചു; കേസ് നവംബർ 17 ന് കോടതി വീണ്ടും പരിഗണിക്കും
● നവംബർ 17നാണ് റഹീമിന്റെ കേസ് സൗദി കോടതി വീണ്ടും പരിഗണിക്കുന്നത്.
● ശിക്ഷയിളവ് ലഭിച്ചെങ്കിലും ജയിൽ മോചനം വൈകുകയാണ്.
അക്ബർ പൊന്നാനി
ജിദ്ദ: (KVARTHA) ചരിത്രം സൃഷ്ടിച്ച ജീവകാരുണ്യ ഫണ്ട് ശേഖരണത്തിലെ കഥാപാത്രം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം വീണ്ടും വാർത്തയിൽ നിറയുന്നു. വധശിക്ഷ വിധിയോടെ പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ജനകീയ മഹാമനസ്കതയുടെ പിൻബലത്തിൽ ശിക്ഷയിളവ് ലഭിച്ചെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം റിയാദിൽ എത്തിയ മാതാവ് ഫാത്തിമയെ കാണാൻ മകൻ അബ്ദുൽ റഹീം സമ്മതം കൊടുക്കാതിരുന്നതും വലിയ വാർത്തയായിരുന്നു. സംഭവ പരമ്പരകളിൽ ഏറ്റവും പുതിയത് മാതാവ് ഫാത്തിമക്ക് മകൻ അബ്ദുൽ റഹീമിനെ ജയിലിൽ വച്ച് കണ്ടുമുട്ടാനായി എന്നതാണ്.
നിരാശാ നിർഭരമായ അനുഭവത്തിന് ശേഷം മക്കയിൽ ചെന്ന് വിശുദ്ധ ഉംറ നിർവഹിച്ച ഫാത്തിമ വീണ്ടും റിയാദിൽ തിരിച്ചെത്തിയപ്പോഴാണ് മകനുമായുള്ള കൂടിക്കാഴ്ച സാധ്യമായത്. പതിനെട്ട് വർഷം മുമ്പത്തെ തന്റെ ഛായ തന്നെ ഉമ്മയുടെ മനസ്സിൽ താൻ ജയിൽ മോചിതനാവും വരെ നിലനിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് നേരത്തേ ജയിലിൽ വച്ച് കൂടിക്കാഴ്ചക്ക് വിസമ്മതിച്ചതെന്ന് പറയപ്പെടുന്നു. എന്തായാലും സംഭവം അബ്ദുൽ റഹീമിന്റെ മോചനത്തിന് ഉദാരമായി സഹായിച്ച ജനസഹസ്രങ്ങളെ ഏറെ ചൊടിപ്പിച്ചിരുന്നു.
വികാര നിർഭരമായ സീനുകൾ നിറഞ്ഞതായിരുന്നു കൂടിക്കാഴ്ച. റിയാദിലെ അൽഖർജ് റോഡിലുള്ള അൽഇസ്‌കാൻ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമും ഉമ്മയും വാക്കുകൾക്ക് ശബ്ദമില്ലാത്ത വാക്കുകൾ കൈമാറി പരസ്പരം കണ്ണീരൊഴുക്കിയും ആശ്വസിപ്പിച്ചും അര മണിക്കൂർ കഴിച്ചു കൂട്ടി. മാതാവിന്റെ കൂടെ സഹോദരൻ, അമ്മാവൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ജയിലിലെ കൂടിക്കാഴ്ചക്കു ശേഷം മാതാവ് ഫാത്തിമയും സഹോദരൻ നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി ഉദ്യോഗസ്ഥരുമായി കേസിന്റെ ഏറ്റവും പുതിയ നില അന്വേഷിച്ചറിഞ്ഞു. നവംബർ 17നാണ് റഹീമിന്റെ കേസ് സൗദി കോടതി വീണ്ടും പരിഗണിക്കുന്നത്. ഇത്തവണ മോചനം സംബന്ധിച്ച ചിത്രം തെളിയുമെന്നാണ് ഇതിനായി റിയാദിൽ കർമരംഗത്തുള്ള സാമൂഹ്യ പ്രവർത്തകരുടെയും എംബസി അധികൃതരുടെയും പ്രത്യാശ. സ്വന്തം സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത പതിനഞ്ചുകാരനായ മകൻ പരിചരണത്തിനിടെ മരിക്കാൻ ഇടയായ കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ലായിരുന്നു സംഭവം.
ഇസ്ലാമിക ശരീഅത്ത് പ്രകാരം ശിക്ഷ ഇളവ് ചെയ്യാൻ ഇരയുടെ ബന്ധുക്കൾക്ക് മാത്രമാണ് അധികാരം. അത് പ്രകാരം അവർ മോചനദ്രവ്യം ആവശ്യപ്പെട്ടത് 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യയായിരുന്നു. മലയാളികളുടെ ജീവകാരുണ്യബോധം ഉണർന്ന് പ്രവർത്തിച്ചപ്പോൾ സംഖ്യ റെഡി - തുല്യതയില്ലാത്ത ജീവൻരക്ഷാ ഫണ്ട് ശേഖരണം. സംഖ്യ മരിച്ച കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറുകയുണ്ടായി. ഇതുപ്രകാരം ജൂലായ് രണ്ടിന് അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കുകയും ചെയ്തു.
#AbdulRahim #SaudiPrison #MalayaliNews #FamilyReunion #DeathSentenceLifted #PublicSupport