ഹജ്ജ് 2021; കര്‍ശനമായ കോവിഡ് സുരക്ഷാ നടപടികളോടെ തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കുമെന്ന് അധികൃതര്‍
May 23, 2021, 17:01 IST
ജിദ്ദ: (www.kvartha.com 23.05.2021) കര്‍ശനമായ കോവിഡ് സുരക്ഷാ നടപടികളോടെ 2021 ല്‍ ഹജ്ജ് തീര്‍ത്ഥാടനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ക്വാറന്റീനും പി സി ആര്‍ പരിശോധനയും വേണ്ടിവരും. അടുത്ത ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്കിടയില്‍ നടപ്പാക്കാന്‍ പോകുന്ന ആരോഗ്യ മുന്‍കരുതല്‍ നടപടികളിലും വ്യവസ്ഥകളിലുമാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ബന്ധപ്പെട്ട മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഹജ്ജ് സീസണിലെ തീര്‍ഥാടകരുടെ യാത്ര, താമസം, അറഫ, മുസ്ദലിഫ, ജംറയിലെ കല്ലേറ് എന്നിവക്ക് നിശ്ചയിച്ച മുന്‍കരുതല്‍ നടപടികളും വ്യവസ്ഥകളും പുറത്തുവിട്ടത് പ്രാദേശിക പത്രമാണ്.
ഏറ്റവും പ്രധാനപ്പെട്ടത് 10 വ്യവസ്ഥകളാണ്. ഹജ്ജ് സീസണിന്റെ 14 ദിവസം മുമ്പെങ്കിലും ഹജ്ജ് വേളയിലെ മുഴുവന്‍ തൊഴിലാളികളും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം. വിദേശ തീര്‍ഥാടകരെത്തുന്ന സമയത്ത് മൂന്ന് ദിവസത്തെ ക്വാറന്റീനു വേണ്ട താമസ സൗകര്യം മുത്വവ്വഫ് ഒരുക്കിയിരിക്കണം. പി സി ആര്‍ പരിശോധന നടത്തണം. തീര്‍ഥാടകന്‍ ഹറമുകളിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഹജ്ജ് നിര്‍വഹിക്കാനുള്ള അംഗീകൃത അനുമതി പത്രം കാണിച്ചിരിക്കണം. മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് ആരോഗ്യ നിബന്ധനകള്‍ പാലിച്ചുള്ള താമസ സൗകര്യമേര്‍പ്പെടുത്തണം. റൂമുകള്‍ക്കുള്ളില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതും ഓപെണ്‍ ബൂഫിയയും നിരോധിക്കണം. ഭക്ഷണ ഹാളുകളില്‍ ആളുകള്‍ കൂടിയിരിക്കുന്നതും ഇരുഹറമുകളിലേക്ക് ഭക്ഷണം കൊണ്ടുവരുന്നതും തടയണം.
അറഫയിലേക്ക് പോകുന്ന സമയത്ത് ബസുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളില്‍ 50 ശതമാനം പേരെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. അറഫയിലും മുസ്ദലിഫയിലും തമ്പുകളില്‍ ഒരോ 10 തീര്‍ഥാടകര്‍ക്കും 50 ചതുരശ്ര മീറ്റര്‍ എന്ന തോതില്‍ സ്ഥലം വേണം. തീര്‍ഥാടകരുടെ എണ്ണം നിശ്ചിത എണ്ണത്തില്‍ കൂടരുത്. ജംറകളിലെ കല്ലേറിന് സമയക്രമം ഒരുക്കണം. ഒരോ നിലയിലും ഒരേ സമയം 50 തീര്‍ഥാടകരില്‍ കൂടരുത്. തീര്‍ഥാടകര്‍ക്കിടയില്‍ ചുരുങ്ങിയത് ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിച്ചിരിക്കണം.
തീര്‍ഥാടകരെ രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ നിന്ന് നിശ്ചിത പാതയിലൂടെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ മുന്‍കരുല്‍ നടപടികള്‍ പാലിച്ചിരിക്കണം. ചെറിയ സംഘങ്ങളായാണ് തീര്‍ഥാടകരെ കൊണ്ടു വരേണ്ടത്. തമ്പുകളും പരിശോധന സ്ഥലങ്ങളും നവീകരിച്ചിക്കണം. തീര്‍ഥാടകരുടെ ബാഗുകള്‍, അവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ പതിവായി അണുമുക്തമാക്കിയിരിക്കണം. പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിശ്ചയിക്കണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.