Launch | 4 റിയാലിന് 2 മണിക്കൂർ യാത്ര! റിയാദ് മെട്രോ ഡിസംബർ 1 മുതൽ ഓടിത്തുടങ്ങും; സൽമാൻ രാജാവ് ഉദ്‌ഘാടനം ചെയ്തു;  85 സ്റ്റേഷനുകൾ, ഡ്രൈവർ ഇല്ലാത്ത ട്രെയിനുകൾ! സവിശേഷതകൾ അറിയാം

 
King Salman inaugurates Riyadh Metro
King Salman inaugurates Riyadh Metro

Photo Credit: X/ RiyadhTransport

● 6 ലൈനുകളിലായി പ്രവർത്തിക്കും.
● ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവർ ഇല്ലാത്ത മെട്രോ സംവിധാനമാണിത്.
● സൗദി അറേബ്യയുടെ വികസനത്തിന്റെ പുതിയ അധ്യായമാണ്.

റിയാദ്: (KVARTHA) സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ മുഖഛായ മാറ്റിക്കൊണ്ട് രാജാവ് സൽമാൻ ആൽ സൗദ് ഉദ്ഘാടനം ചെയ്ത റിയാദ് മെട്രോ, രാജ്യത്തെ ഗതാഗത രംഗത്ത് പുതിയ അധ്യായം തുറക്കും. ബുധനാഴ്ചയാണ് ഔപചാരിക ഉദ്ഘാടനം ചെയ്തത്. 

രാജ്യത്തിന്റെ വികസനത്തിന്റെ നാഴികക്കല്ല്

സൗദി അറേബ്യയുടെ വികസനത്തിന്റെയും ആധുനികതയുടെയും പ്രതീകമായി മാറിയ ഈ മെഗാ പദ്ധതി, രാജാവ് സൽമാന്റെ ദീർഘവീക്ഷണത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഊർജസ്വലമായ നേതൃത്വത്തിന്റെയും ഫലമായി പൂർത്തിയായിരിക്കുന്നു. കിരീടാവകാശി തന്റെ പ്രസംഗത്തിൽ ഈ പദ്ധതിയെ രാജാവിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വികസന കുതിപ്പായി വിശേഷിപ്പിച്ചു.


പദ്ധതിയുടെ വിശദാംശങ്ങൾ

176 കിലോമീറ്റർ നീളവും 85 സ്റ്റേഷനുകളുമുള്ള റിയാദ് മെട്രോ, ആറ് വ്യത്യസ്ത ലൈനുകളിലായി പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ബ്ലൂ, റെഡ്, പർപ്പിൾ എന്നീ മൂന്ന് ലൈനുകളിൽ ഡിസംബർ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. ദിവസവും രാവിലെ ആറ് മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ബാക്കിയുള്ള മൂന്ന് ലൈനുകൾ ഡിസംബർ 15നും ജനുവരി അഞ്ചിനും തുറക്കും. 

 King Salman inaugurates Riyadh Metro

● ബ്ലൂ ലൈൻ: ഒലയ, ബത്ഹ, അൽ ഹൈർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
● റെഡ് ലൈൻ: കിങ് അബ്ദുല്ല റോഡിനോട് ചേർന്നു പോകുന്നു.
● പർപ്പിൾ ലൈൻ: അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ റോഡുകളോട് ചേർന്നു പോകുന്നു.
● യെല്ലോ ലൈൻ: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നു.
● ഗ്രീൻ ലൈൻ: കിങ് അബ്ദുൽ അസീസ് റോഡിനരികിലൂടെ കടന്നു പോകുന്നു.
● ഓറഞ്ച് ലൈൻ: അൽ മദീന- അൽമുനവറാ റോഡ് ലൈൻ

ഡ്രൈവർ ഇല്ലാത്ത ട്രെയിനുകൾ

ലോകത്തിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ഡ്രൈവർ ഇല്ലാത്ത മെട്രോ എന്ന വിശേഷണം റിയാദ് മെട്രോയ്ക്കു സ്വന്തമാണ്. മിക്ക സ്റ്റേഷനുകളും വെയർഹൗസുകളും സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

യാത്രക്കാർക്ക് ആകർഷകമായ നിരക്കുകൾ

റിയാദ് മെട്രോയുടെ ടിക്കറ്റ് നിരക്കുകൾ വളരെ മിതമാണ്. 4 സൗദി റിയാലിന് രണ്ട് മണിക്കൂർ യാത്ര ചെയ്യാവുന്നതാണ്. മുന്ന് ദിവസത്തേക്കുള്ള ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും ഏഴ് ദിവസത്തെക്കുള്ള ടിക്കറ്റിന് 40 റിയാലുമാണ് നിരക്ക്. ഒരു മാസം മുഴുവൻ യാത്ര ചെയ്യുന്നവർക്കായി 140 റിയാലുമാണ് നിരക്ക്. ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. 

ഗതാഗതക്കുരുക്കിന് പരിഹാരം

റിയാദ് മെട്രോയുടെ പ്രവർത്തനം ആരംഭിച്ചതോടെ റിയാദിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഗരത്തിന്റെ വികസനത്തിനും പുരോഗതിക്കും വലിയൊരു ഉത്തേജനം നൽകും. ഈ പദ്ധതി സൗദി അറേബ്യയുടെ വികസനത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.

#RiyadhMetro #SaudiArabia #publictransport #innovation #technology #futureoftransport

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia