Dubai Traffic | ദുബൈയിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ കൂടുതൽ നവീനമായ പരിഷ്കരണ പദ്ധതികൾ വരുന്നു; വർക്ക് ഫ്രം ഹോം പരിഗണനയിൽ
* ജനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കിൽ മാത്രമേ പദ്ധതികൾ വിജയകരമായി നടപ്പിൽവരുത്താൻ സാധിക്കൂവെന്ന് ശൈഖ് ഹംദാൻ
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) വർധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കാൻ നീക്കം ആരംഭിച്ചു. വർക്ക് ഫ്രം ഹോം, ഓഫീസ് സമയത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം പരിഗണിച്ചായിരിക്കും പദ്ധതികൾ ആവിഷ്കരിക്കുക. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്കൂൾ, ഓഫീസ് സമയങ്ങളിലെ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ട്രാഫിക് ഫ്ളോ പ്ലാൻ ദുബൈ എക്‌സിക്യുട്ടീവ് കൗൺസിൽ അവതരിപ്പിച്ചത്. ദുബൈയിൽ വർക്ക് ഫ്രം ഹോമിന് ആവശ്യമായ ഡിജിറ്റൽ സംവിധാനങ്ങളുള്ളതിനാൽ സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളിൽ സാധ്യമായവർക്കെല്ലാം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റുന്നത് സജീവമായി പരിഗണിക്കും.
ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് വിഘ്നം വരാത്ത രീതിയിലായിരിക്കും പരിഷ്കരണം. കൂടാതെ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിസമയത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. സ്കൂളിലേക്കുള്ള വിദ്യാർത്ഥികളെ യാത്രയ്ക്കായി സ്കൂൾ ബസുകൾ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവയും നിർദ്ദിഷ്ഠ പദ്ധതിയിലുണ്ട്.
ജനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കിൽ മാത്രമേ പദ്ധതികൾ വിജയകരമായി നടപ്പിൽവരുത്താൻ സാധിക്കൂവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സ്കൂളിലേക്ക് രക്ഷിതാക്കൾ കുട്ടികളെ വാഹനങ്ങളിലെത്തിക്കുന്നത് ഒഴിവാക്കിയാൽ 13 ശതമാനം വരെ ഗതാഗത തിരക്ക് കുറയ്ക്കാമെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
Reported by Qasim Moh'd Udumbunthala