Piyush Goyal | ദ്വിദിന സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തിയ പീയുഷ് ഗോയല്‍ വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വൈവിധ്യവത്കരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച ചെയ്തു
Sep 19, 2022, 10:25 IST
റിയാദ്: (www.kvartha.com) ദ്വിദിന സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തിയ ഇന്‍ഡ്യന്‍ വാണിജ്യ - വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, സഊദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള വഴികള്‍ ഇരുവരും ചര്‍ച ചെയ്തു.
ഞായറാഴ്ച രാവിലെയാണ് പീയുഷ് ഗോയല്‍ റിയാദിലെത്തിയത്. പീയുഷ് ഗോയലിന് റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അതിന് ശേഷം ജുബൈല്‍ ആന്‍ഡ് യാംബു റോയല്‍ കമീഷന്റെ റിയാദിലെ ആസ്ഥാനത്ത് പോയ മന്ത്രി കമീഷന്‍ ചെയര്‍മാന്‍ ഖാലിദ് അല്‍സാലെമുമായും ചര്‍ച നടത്തി. ഇന്‍ഡയും സഊദിയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പരസ്പരം പ്രയോജനകരമായ നിരവധി അവസരങ്ങളുണ്ടെന്നും അത് ഉപയോഗപ്പെടുത്താന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്നും ഇരുവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതു വിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍ ഇന്‍ഡ്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സഊദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനോടൊപ്പം സംബന്ധിക്കും. ഇന്‍ഡ്യയില്‍ 10,000 കോടി ഡോളര്‍ സഊദി അറേബ്യ നിക്ഷേപിക്കാനുള്ള പദ്ധതി പ്രധാനമായും ചര്‍ച ചെയ്യും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവയും ചര്‍ചയ്ക്ക് വിഷയമാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.