Onam Sadhya | ആകാശത്തും ഓണാഘോഷത്തിനുള്ള ഒരുക്കം; കാളനും പഴവും പായസവുമെല്ലാം കൂട്ടി കിടിലന്‍ സദ്യയൊരുക്കി എമിറേറ്റ്‌സ്

 


ദുബൈ: (www.kvartha.com) ഈ ഉത്സവ സീസണില്‍ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാത്തിരക്കിനിടെ ഒരു മലയാളിയും ഓണം ഉണ്ണാതെ പോകരുതെന്ന കരുതലുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 20 മുതല്‍ 31വരെ 11 ദിവസം നീളുന്ന ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ എമിറേറ്റ്‌സിന്റെ കലവറയില്‍ തുടങ്ങിക്കഴിഞ്ഞു. പഴവും പായസവും കായ വറുത്തതും ചേര്‍ത്ത് വിഭവ സമൃദ്ധമായ സദ്യയാണ് ഇനിയുള്ള ദിവസങ്ങളില്‍ ആകാശത്ത് കാത്തിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇകണോമി സീറ്റുകളില്‍ സദ്യ ലഭിക്കും. ഫസ്റ്റ് ക്ലാസില്‍ നോണ്‍ വെജിറ്റേറിയന്‍ വേണ്ടവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. ആലപ്പുഴ കോഴി കറി അല്ലെങ്കില്‍ മട്ടന്‍ പെപര്‍ ഫ്രൈ ഊണിനൊപ്പം വാങ്ങാം. പുറമെ ഉപ്പേരി, ശര്‍ക്കരവരട്ടി, കൊണ്ടാട്ടം മുളക്, കുത്തരി, കാളന്‍, വെള്ളരിക്കാ പച്ചടി, പുളിയിഞ്ചി, എരശേരി, കൂട്ട് കറി, പഴം, പപ്പടം മാങ്ങാ അച്ചാര്‍ എന്നിവ ലഭിക്കും. വെജിറ്റേറിയന്‍ വേണ്ടവര്‍ക്ക് സാമ്പാര്‍, കൂട്ടുകറി, കാരറ്റും പയറും തോരന്‍ എന്നിവയാണ് കറികള്‍.

ബിസിനസ് ക്ലാസില്‍ നോണ്‍ വെജിറ്റേറിയന്‍ ആവശ്യമുള്ളവര്‍ക്ക് ആലപ്പുഴ കോഴിക്കറിയാണ് സ്‌പെഷല്‍. വെജിറ്റേറിയന്‍ വേണ്ടവര്‍ക്ക് സാമ്പാര്‍ കൂട്ടുകറി, കാളന്‍, വെള്ളരിക്കാ പച്ചടി, പുളിയിഞ്ചി, മാങ്ങാ അച്ചാര്‍, ഉപ്പേരി, ശര്‍ക്കരവരട്ടി, കൊണ്ടാട്ടം മുളക് എന്നിവ ലഭിക്കും. ഇക്കണോമി ക്ലാസില്‍ തേങ്ങാപ്പാലില്‍ തയാറാക്കുന്ന സ്‌പൈസ് ചികനാണ് നോണ്‍വെജ് വിഭവം. ചെമ്പാവരി ചോറ്, അവിയല്‍, കാബേജും കാരറ്റും തോരന്‍, സാമ്പാര്‍, കൂട്ടുകറി, പുളിയിഞ്ചി എന്നിവയാണ് മറ്റുവിഭവങ്ങള്‍. എല്ലാ ക്ലാസിലും പഴവും രണ്ടു കൂട്ടം പായസവും ഡിസേര്‍ടായി ലഭിക്കും. പാലടയും അടപ്രഥമനുമാണ് പായസം. 

പ്രത്യേകം പാത്രങ്ങളിലാണ് സദ്യ വിളമ്പുന്നതെങ്കിലും ഗൃഹാതുരത്വം കുറയാതിരിക്കാന്‍ പേപര്‍ വാഴയിലയും വിമാനത്തിനുള്ളില്‍ ലഭിക്കും. എമിറേറ്റ്‌സിലെ മലയാളി പാചക വിദഗ്ധരാണ് സദ്യ ഒരുക്കുന്നതിന്റെ ചുമതലക്കാര്‍. ദുബൈ- തിരുവനന്തപുരം, ദുബൈ- കൊച്ചി വിമാനങ്ങളില്‍ ഞായര്‍ മുതല്‍ സദ്യയുണ്ട് പറക്കാം. ഉച്ചയ്ക്കും രാത്രിയിലുമാണ് സദ്യ ലഭിക്കുക. അതിരാവിലെയുള്ള വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് സദ്യ ആസ്വദിക്കാനുള്ള അവസരമില്ല. 

ഒരു വിമാനത്തില്‍ 250 യാത്രക്കാരുണ്ടാകും. ദിവസം 2000 പേര്‍ക്കുള്ള സദ്യയാണ് എമിറേറ്റ്‌സിന്റെ അടുക്കളയില്‍ തയാറാക്കുന്നത്. ഓണ്‍ബോര്‍ഡില്‍ തൂശനിലയില്‍ വിളമ്പാനുള്ള അസൗകര്യം കാരണമാണ് ഓരോ വിഭവവും പ്രത്യേകം ബോക്‌സുകളില്‍ നല്‍കുന്നത്. മലയാളിക്ക് സദ്യ ഇലയില്‍ തന്നെ വേണമെന്നതിനാല്‍ പേപര്‍ വാഴയില്ല നല്‍കി തൃപ്തിപ്പെടുത്താനും കംപനി ശ്രദ്ധിക്കുന്നു.

Onam Sadhya | ആകാശത്തും ഓണാഘോഷത്തിനുള്ള ഒരുക്കം; കാളനും പഴവും പായസവുമെല്ലാം കൂട്ടി കിടിലന്‍ സദ്യയൊരുക്കി എമിറേറ്റ്‌സ്



Keywords:  News, Gulf, Gulf-News, Onam 2023, Emirates Airlines, Celebration, Sadhya, Onam 2023: Emirates Airlines To Celebrate With Sadhya Onboard.
 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia