Launch | ദുബൈ ഇൻഷുറൻസും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും കൈകോർത്തു; യുഎഇയില്‍ വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
● ദുബൈ ഇൻഷുറൻസും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും കൈകോർക്കുന്നു
● പ്രതിരോധ പരിചരണം മുതൽ വിപുലമായ ചികിത്സ വരെ ഉറപ്പാക്കുന്ന പദ്ധതി
● പ്രായം അനുസരിച്ച് വ്യത്യസ്ത പ്രീമിയം തുകകൾ.
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബൈ. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ വയോധികര്‍ക്ക് പ്രതിരോധ പരിചരണം മുതൽ വിപുലമായ ചികിത്സ വരെയുള്ള സമഗ്രമായ വൈദ്യസേവനങ്ങള്‍ ഉറപ്പാക്കുന്നു.
ദുബൈ ഇൻഷുറൻസും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും ചേർന്നാണ് ‘വൈബ്രൻസ് സീനിയർ’ എന്ന പദ്ധതി പുറത്തിറക്കിയത്. ഗുണഭോക്താവിൻ്റെ പ്രായം അനുസരിച്ച് പ്രതിവര്‍ഷം 16,693 ദിര്‍ഹം മുതല്‍ 27,591 ദിര്‍ഹം വരെ പ്രീമിയം ലഭ്യമാകും. 65 നും 69 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 16,693 ദിര്‍ഹമാണ് പ്രതിവർഷം പ്രീമിയം.
70 നും 74 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 22,146 ദിര്‍ഹവും 75 നും 79 നും ഇടയിലുള്ളവര്‍ക്ക് 27,591 ദിര്‍ഹവുമാണ് പ്രതിവര്‍ഷം പ്രീമിയം. രണ്ട് പ്ലാനുകളാണുള്ളത്. ഒന്ന് 20 ശതമാനത്തിന്‍റെ പ്ലാന്‍ ആണ്. ഒരു രോഗി ഒരു മെഡിക്കൽ സേവനം സ്വീകരിക്കുന്നതിന് മുന്‍പ് നൽകുന്ന ഒരു നിശ്ചിത തുകയാണ് കോ-പേ.
ഇതോടൊപ്പം വാർഷിക ഫാർമസി പരിധി 3,000 ദിർഹം വാഗ്ദാനം ചെയ്യുന്നു. മറ്റൊന്ന് 5,000 ദിർഹത്തിന്‍റേതാണ്. പങ്കിട്ട ആനുകൂല്യങ്ങളിൽ 150,000 ദിർഹം വാർഷിക പരിധി ഉൾപ്പെടുന്നു. പോളിസി ആക്ടിവേറ്റ് ചെയ്ത ആദ്യ 30 ദിനങ്ങളിൽ വീട്ടിൽ സൗജന്യ സമ്പൂർണ ആരോഗ്യ പരിശോധനയും എമർജൻസി കവറേജ് ഉള്‍പ്പെടെയുള്ളവയെല്ലാം കിട്ടും.
#UAEhealthinsurance #seniorcitizens #Dubaiinsurance #AsterDMHealthcare #VibranceSenior #healthcare