Gathering | മുസ്‌രിസ് ഫോറം ഓണാഘോഷം: പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെ ഉദാഹരണം
● ജിദ്ദയിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
● പൂക്കളം, തിരുവാതിര, ഓണസദ്യ തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾക്ക് പ്രാധാന്യം നൽകി.
● മുസ്‌രിസ് പ്രവാസി ഫോറം അംഗങ്ങൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
ജിദ്ദ: (KVARTHA) കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ‘ഒന്നിച്ചോണം നല്ലോണം 2024’ എന്ന പേരിൽ ഹറാസാത് വില്ലയിൽ നടന്ന ആഘോഷത്തിൽ പൂക്കളം, ഘോഷയാത്ര, തിരുവാതിര, ഓണസദ്യ, കലാപരിപാടികൾ, ഗെയിമുകൾ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി.
പൂക്കളമിട്ട് തുടങ്ങിയ ആഘോഷത്തിൽ ഷിനോജിന്റെ നേതൃത്വത്തിൽ മാവേലിയുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. തുടർന്ന് സബിത ഇസ്മയിലിന്റെ നേതൃത്വത്തിൽ വനിതകൾ അവതരിപ്പിച്ച തിരുവാതിര സദസ്സിന് ഹൃദ്യമായ അനുഭവമായി. ഓണസദ്യയ്ക്ക് ശേഷം ഇസ്മയിലിന്റെ നേതൃത്വത്തിൽ നടന്ന ഓണപാട്ടോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചു. സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഗാനങ്ങൾ, ഡ്രംസ്, ലൈവ് ഓർക്കസ്ട്ര, കൊട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും വിവിധ ഗെയിമുകളും, ഓണക്വിസും വടംവലിയും അരങ്ങേറി. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പുരുഷന്മാരുടെ തിരുവാതിരയും, തുഷാര ഷിഹാബിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗത്തിലുള്ള ഫാഷൻ ഷോയും വേറിട്ട അനുഭവമായി.
ആഘോഷങ്ങൾക്കൊപ്പം അംഗങ്ങൾക്കും കൂടാതെ ജിദ്ദയിലും നാട്ടിലുമായി ഒട്ടേറെ പേർക്ക് സഹായഹസ്തമായി പ്രവർത്തിക്കുവാൻ മുസ്‌രിസ് പ്രവാസി ഫോറത്തിന് കഴിഞ്ഞിട്ടുണ്ടെന്നു പ്രസിഡന്റ് അബ്ദുൽസലാം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. 13 വർഷമായി പ്രവർത്തിക്കുന്ന മുസ്‌രിസ് ഇനിയും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യരക്ഷാധികാരി മുഹമ്മദ് സഗീർ മാടവന പറഞ്ഞു. അംഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദവും അഭിപ്രായ ഐക്യവുമാണ് സംഘടനകളുടെ കേട്ടുറപ്പെന്നു രക്ഷാധികാരി താഹ മരിക്കാർ അഭിപ്രായപ്പെട്ടു. വനിതാ പ്രസിഡന്റ് സുമീത അസിസ്, വനിതാ രക്ഷാധികാരി തുഷാര ഷിഹാബ് എന്നിവർ ആശംസകളർപ്പിച്ചു.
2023-24 അധ്യയന വർഷത്തിൽ മുസ്‌രിസ് കുടുംബാംഗങ്ങളിലെ 10,12 ക്ലാസ്സുകളിൽ വിജയം കൈവരിച്ചവർക്കുള്ള ഉപഹാരങ്ങൾ വേദിയിൽ വിതരണം ചെയ്തു. ഉംറ നിർവഹിക്കുവാനെത്തിയ മുൻ രക്ഷാധികാരി മുഹമ്മദ് നിസാർ കറുകപ്പാടത്തിനും കുടുംബത്തിനും ഉജ്ജ്വല സ്വീകരണവും നൽകി.
#Onam #Kerala #SaudiArabia #IndianDiaspora #CulturalEvents #Jeddah #MusrisPravasiForum