Dubai Fire | ദുബൈയിലെ തീപ്പിടിത്തം; മലയാളി ദമ്പതികള്‍ അടക്കം 16 പേര് മരിച്ചതായി വിവരം
Apr 16, 2023, 01:46 IST
ദുബൈ: (www.kvartha.com) ദേര ഫ്രിജ് മുറാറില്‍ കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര് മരിച്ചതായി റിപോര്‍ട്. മലപ്പുറം വേങ്ങര സ്വദേശിയായ റിജേഷ് (38), ഭാര്യ ജഷി (32) എന്നിവര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളുടെയും, മൂന്ന് പാകിസ്താന് പൗരന്മാരുടെയും, കാമറൂണ്‍ സ്വദേശിനിയായ ഒരു വനിതയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുബൈ കെ എം സി സി പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ 16 മൃതദേഹങ്ങള്‍ ദുബൈ പോലീസ് മോര്‍ച്ചറിയില്‍ എത്തിച്ചിരിക്കുന്നതായാണ് അവിടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം. മരിച്ചവരില്‍ കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെട്ടതായാണ് റിപോര്‍ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.35 മണിയോടെയാണ് നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ തീപ്പിടിത്തമുണ്ടായത്. ആറു മിനിറ്റിനകം തന്നെ സ്ഥലത്തെത്തിയ ദുരന്ത നിവാരണ സേന 2.42 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പലരെയും കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
ദേരയില്‍ ട്രാവല്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട റിജേഷ്. ഭാര്യ ജഷി ഖിസൈസ് ക്രസന്റ് സ്കൂളിലെ അധ്യാപികയാണ്.
Keywords : Gulf,Accident-News അപകട-വാർത്തകൾ,World-News ലോക-വാർത്തകൾ, Dubai, Deira, Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.