നടുവൊടിഞ്ഞ് പ്രവാസികള്‍; തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ വിമാന നിരക്കിലെ വര്‍ധനയും, മലയാളി പ്രവാസികളുടെ ആശങ്കയേറുന്നു

 


ദുബൈ: (www.kvartha.com 05.05.2020) നാട്ടിലേക്ക് മടങ്ങാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളുടെ നടുവൊടിച്ച് വിമാന ടിക്കറ്റ് നിരയ്ക്കും. കൊറോണയെത്തുടര്‍ന്നുള്ള തൊഴില്‍ നഷ്ടവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരുത്തിവെച്ച ദുരിതത്തിന് പിന്നാലെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നിരക്കും കൂടാന്‍ പോകുന്നത്. വരുന്ന വ്യാഴാഴ്ച യുഎഇയില്‍ നിന്നും നാട്ടിലേക്ക് ആള്‍ക്കാരെ എത്തിക്കാനുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെ നിരക്ക് വര്‍ധന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ നടുവൊടിക്കും.
തൊഴില്‍നഷ്ടവും ശമ്പള വെട്ടിക്കുറയ്ക്കലുമായി പ്രതിസന്ധിയിലായ മലയാളികള്‍ ഉള്‍പ്പെടെ അനേകര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നടപടി.

ഇതുവരെ നാട്ടിലേക്ക് മടങ്ങാനായി യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 200,000 പേരാണ്. എന്നാല്‍ ഇവര്‍ക്ക് വിമാനടിക്കറ്റിനായി സാധാരണ നിരക്കിലും ഏറെ കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത് തിരിച്ചടിയാകും. മിക്കവാറും നാട്ടിലേക്ക് മടങ്ങുന്നത് തൊഴില്‍ നഷ്ടപെട്ടവരും വിസാ കാലാവധി തീര്‍ന്നവരുമാണ്. തൊഴില്‍ മേഖലയിലെ അനിശിതത്വത്തെത്തുടര്‍ന്ന് കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നവരുമുണ്ട്. പണിയും കയ്യില്‍ പണവും ഭക്ഷണം കഴിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്തതുമായ അവസ്ഥയില്‍ മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എങ്ങനെ വഹിക്കുമെന്നറിയാതെ ആശങ്കയിലാണ് 90 ശതമാനം പേരും. മടങ്ങി വരവിന് സൗകര്യം ചെയ്തിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശം.

യാത്രക്കാരുടെ എണ്ണം കുറച്ച് സര്‍വീസ് നടത്തേണ്ടി വരുന്നതിന്റെ നഷ്ടം ഈടാക്കാനാണ് ഈ നീക്കമെന്നും പറയുന്നു. യുഎഇ യില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കത്തിന് 1,400 (ഏകദേശം 28796 രൂപ) മുതല്‍ 1,650 (ഏകദേശം33939 രൂപ) ദിര്‍ഹമെങ്കിലൂം വരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

സാധാരണഗതിയിലുള്ള വിമാന നിരക്കിന്റെ രണ്ടു മടങ്ങാണ് ഇത്. സാധാരണ 600 (ഏകദേശം 12,341 രൂപ) മുതല്‍ 700 (14,398 രൂപ) ദിര്‍ഹം വരെയാണ് ഡല്‍ഹി വരെയുള്ള വിമാനടിക്കറ്റിന്റെ നിരക്ക്. അതേസമയം അത് കേരളത്തിലേക്ക് ആകുമ്പോള്‍ രണ്ടോ മൂന്നോ മടങ്ങാകും. 1,900 (ഏകദേശം 39081 രൂപ) ദിര്‍ഹം മുതല്‍ 2,300 ദിര്‍ഹം (ഏകദേശം 47309 രൂപ) വരെയെങ്കിലും ആകും ടിക്കറ്റ് നിരക്ക് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ഇടപെട്ട് പ്രവാസികളെ നാട്ടിലെത്തിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ യാത്രാ ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ ഈ മോഹം പൊലിഞ്ഞു. അതേസമയം സാമൂഹ്യാകലം ഉള്‍പ്പെടെയുള്ള കോവിഡ് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറച്ചതാണ് നിരക്ക് കൂടാന്‍ കാരണമായി പറയുന്നത്. പരിമിതപ്പെടുത്തിയ യാത്രക്കാരുമായി ഇവര്‍ക്ക് വിവിധ വിമാനത്താവളങ്ങളിലേക്കാണ് സഞ്ചരിക്കേണ്ടി വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

നടുവൊടിഞ്ഞ് പ്രവാസികള്‍; തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ വിമാന നിരക്കിലെ വര്‍ധനയും, മലയാളി പ്രവാസികളുടെ ആശങ്കയേറുന്നു


Keywords:  Kerala, News, Dubai, Gulf, COVID19, Trending, Airlines, Malayali expats in trouble
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia