Accidental Death | ദേരയിലെ തീപ്പിടുത്തം: റിജേഷിനെയും ജെഷിയേയും മരണം കവര്‍ന്നത് നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിന് പോകാന്‍ തയാറെടുക്കുന്നതിനിടെ

 


ദുബൈ: (www.kvartha.com) ദേരയിലെ നാഇഫില്‍ അല്‍ റാസിലെ അപാര്‍ട്മെന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച ദമ്പതികളുടെ വേര്‍പാട് താങ്ങാനാകാതെ ബന്ധുക്കളും സുഹൃക്കളും. 

നാട്ടില്‍ പുതുതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷിനെയും ജെഷിയെയും മരണം കവര്‍ന്നത്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇരുവരും നാട്ടില്‍ പോയി വന്നിരുന്നു. 11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. ഡ്രീം ലൈന്‍ ട്രാവല്‍ ഏജന്‍സി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

കോഴിക്കോട്ടെ മിഠായിത്തെരുവിനു സമാനമായി വ്യാപാര സ്ഥാപനങ്ങളാല്‍ നിറഞ്ഞ മേഖലയാണ് ദുബൈയിലെ ദെയ്‌റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപര സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്ഥാപന ഉടമകളും ജോലിക്കാരുമെല്ലാം ഇതിനു പരിസര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. 100 കണക്കിന് ബാചിലേഴ്‌സ് അപാര്‍ട്‌മെന്റുകളുമുണ്ട്. മലയാളികളുടെ സൂപര്‍ മാര്‍കറ്റ് ശൃംഖലയായ തലാല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്.

ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരില്‍ ഉള്‍പെടുന്നു. അപകടത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. താഴത്തെ നിലയില്‍ തലാല്‍ സൂപര്‍ മാര്‍കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ആദ്യം ഉണ്ടായിരുന്നില്ല. ഇന്‍ഡ്യക്കാര്‍ക്കു പുറമെ ആഫ്രികക്കാരും പാകിസ്താനികളും ഇവിടെ താമസിക്കുന്നു. പല മുറികളിലും പല തട്ടുകളായി കട്ടിലുകള്‍ ഇട്ട് അഞ്ചും ആറും പേരാണ് താമസിക്കുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.

ഫ് ളാറ്റുകളില്‍ തീ പടര്‍ന്നതോടെ കെട്ടിടത്തിലെ സൈറണ്‍ പ്രവര്‍ത്തനക്ഷമമായി. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ദുബൈ സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് റൂമില്‍ ഉച്ചയ്ക്ക് 12.35ഓടെയാണ് തീപ്പിടുത്തത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത്. ആറ് മിനിറ്റിനുള്ളില്‍ സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

'ഒന്നും, രണ്ടും, മൂന്നും നിലകളിലെ താമസക്കാര്‍ കോണിപ്പടിയിലൂടെ രക്ഷപ്പെട്ടു, ചിലര്‍ ബാല്‍കണിയിലെ ഗ്രിലില്‍ കെട്ടിയ കയറില്‍ ചാടിയിറങ്ങി. ഇടനാഴികളില്‍ പുക നിറഞ്ഞതിനാല്‍ നാലാം നിലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല' എന്ന് ഒരു താമസക്കാരന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സിവില്‍ ഡിഫന്‍സ് സംഘം മൂന്നാം നിലയിലുള്ളവരെ ക്രെയിനുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി.

കെട്ടിടത്തിനു പുറത്ത് ആളുകള്‍ കൂട്ടം കൂടിയതോടെ പൊലീസ് എത്തി ബാരികേഡുകള്‍ സ്ഥാപിക്കുകയും ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. അപകടത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചവരെ തടയുകയും ചെയ്തു. ചിലരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അപകട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു രാജ്യത്തു കുറ്റകരമാണ്.

അപകടം എത്ര വലുതാണെന്നോ, എത്ര പേര്‍ അപകടത്തില്‍ പെട്ടുവെന്നോ ആദ്യ ഘട്ടത്തില്‍ വിവരം ലഭിച്ചിരുന്നില്ല. മരിച്ചവരുടെ തുടര്‍ നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി എത്തിയ ശേഷമാണ് മരിച്ചവരുടെ കണക്കു പുറത്തു വന്നത്.

Accidental Death | ദേരയിലെ തീപ്പിടുത്തം: റിജേഷിനെയും ജെഷിയേയും മരണം കവര്‍ന്നത് നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിന് പോകാന്‍ തയാറെടുക്കുന്നതിനിടെ

കെട്ടിടത്തിലെ ഫ്ലാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റൊരിടത്ത് താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അപകടകാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം പതിനാറ് പേരാണ് മരിച്ചത്. രണ്ട് തമിഴ്‌നാട് സ്വദേശികളും പാകിസ്താന്‍ സുഡാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Keywords:  Kerala Couple, Among 4 Indians, Killed In Fire At Dubai Building, Dubai, News, Malayali, Couple, Accidental Death, Probe, Flat, Police, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia