സുബൈറാണ് താരം; അരുണിനെ പോലീസിന് കൈമാറി പ്രശംസ നേടി

 


ADVERTISEMENT

കാഞ്ഞങ്ങാട്: (www.kvartha.com 24.02.2018) ജാനകി വധക്കേസില്‍ സൂത്രധാരന്‍ പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍ (28) ബഹ്‌റൈനിലേക്ക് കടന്നുവെന്ന് ഉറപ്പിച്ച അന്വേഷണ സംഘം അരുണിനെ ബഹറൈനില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ആശ്രയിച്ചത് കേരള പ്രവാസി കമ്മീഷന്‍ അംഗവും വളപട്ടണം സ്വദേശിയുമായ സുബൈറിനെ. അരുണും പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ പുതിയവീട്ടില്‍ വിശാഖും ചെറുവാങ്ങക്കോട്ടെ റിനീഷുമാണ് കൊലക്കും കവര്‍ച്ചക്കും പിന്നെലെന്ന് കണ്ടെത്തിയ അന്വേഷണ സംഘം വിശാഖിനെയും റിനീഷിനെയും കസ്റ്റഡിയിലെടുക്കുന്നത് രണ്ടു ദിവസം മുമ്പ് 21ന് പുലര്‍ച്ചെയാണ്. രണ്ടുപേരെയും ചോദ്യം ചെയ്തപ്പോള്‍ നാടിനെ നടുക്കിയ സംഭവത്തിലെ സൂത്രധാരന്‍ അരുണാണെന്നും ഇയാള്‍ ബഹറൈനിലേക്ക് കടന്നുവെന്നും പോലീസ് ഉറപ്പിച്ചു.

ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുമായി അടുത്ത ബന്ധമുള്ള പൊതുപ്രവര്‍ത്തകനെ തേടിയ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍കുമാര്‍ കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവിയില്‍ നിന്നും സുബൈറിന്റെ ടെലിഫോണ്‍ നമ്പര്‍ ശേഖരിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ സുബൈറിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സുബൈറിന്റെ ഫോണിലേക്ക് നിര്‍ദ്ദേശങ്ങള്‍ എത്തി. തുടര്‍ന്ന് സുബൈര്‍ നടത്തിയ പരിശ്രമമാണ് 24 മണിക്കൂറിനകം അരുണിനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.

പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകി കൊല്ലപ്പെടുന്നത് ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ്. നേരത്തെ ബഹ്‌റൈനിലായിരുന്ന അരുണ്‍ അവധിക്ക് നാട്ടിലെത്തിയാണ് കൊള്ളയും കൊലയും നടത്തിയത്. ഇതിനു ശേഷം ഏതാണ്ട് അമ്പത് ദിവസത്തോളം അരുണ്‍ ചീമേനിയിലും പുലിയന്നൂരിലും കഴിച്ചുകൂട്ടി. പോലീസിലും നാട്ടുകാര്‍ക്കും യാതൊരു സംശയുമില്ലെന്ന് ഉറപ്പിച്ചതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് അരുണ്‍ ബഹറൈനില്‍ തിരിച്ചെത്തി.

ബഹ്‌റൈന്‍ വിമാനത്താവളത്തിനടുത്തുള്ള അറാദ് എന്ന സ്ഥലത്ത് ചീമേനി സ്വദേശികളായ അഷ്‌റഫിന്റെയും താഹയുടെയും ഉടമസ്ഥതയിലുള്ള വെയര്‍ഹൗസിലായിരുന്നു അരുണിന് ജോലി. എസ്പിയുടെ സഹായഭ്യര്‍ത്ഥന ലഭിച്ചതിനെ തുടര്‍ന്ന് സുബൈര്‍ ബഹ്‌റൈന്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം തന്നെ അരുണിനെ കണ്ടെത്തി. അരുണിനെ ടെലിഫോണില്‍ വിളിച്ച് നേരില്‍ക്കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അരുണ്‍ ആദ്യമൊന്ന് പതറിയെങ്കിലും വൈകിട്ട് ഏഴു മണി വരെ തനിക്ക് ജോലിയുണ്ടെന്നും അതിനു ശേഷം തിരിച്ചു വിളിക്കാമെന്നും സുബൈറിനെ അറിയിച്ചു. ഇതിനോടകം തന്നെ അരുണിന്റെ സ്പോണ്‍സര്‍മാരെയും സുബൈര്‍ വിവരം ധരിപ്പിക്കുകയും ജോലി സ്ഥലത്തു നിന്നും ഇയാള്‍ കടന്നുകളയാതിരിക്കാനുള്ള മുന്‍കരുതലെടുക്കുകയും ചെയ്തു.
ജോലി കഴിഞ്ഞ് 21ന് രാത്രി എട്ടു മണിയോടെ മനാമയിലുള്ള സുബൈറിന്റെ ഓഫീസിലേക്ക് അരുണും മാതൃസഹോദരി പുത്രന്‍ ശ്രീനിവാസും എത്തി. ഒപ്പം അരുണിന്റെ സ്പോണ്‍സര്‍മാരായ അഷ്‌റഫും താഹയുമുണ്ടായിരുന്നു. അരുണ്‍ ഉള്‍പ്പെട്ട കൊലക്കേസും അത് നാട്ടിലുണ്ടാക്കിയ പ്രശ്നങ്ങളും പോലീസിന്റെ നിര്‍ദ്ദേശവും ബോധ്യപ്പെടുത്തിയ ശേഷം നാട്ടിലെത്തി കീഴടങ്ങാനുള്ള സുബൈറിന്റെ നിര്‍ദ്ദേശം അരുണ്‍ അംഗീകരിച്ചു.

തുടര്‍ന്ന് അന്ന് രാത്രി ഇവരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞ അരുണിനെ വ്യാഴാഴ്ച ഉച്ചക്ക് ബഹറൈന്‍ സമയം 3.30നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാത്രി 10 മണിയോടെ സുബൈര്‍ നേരിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍കുമാറിന് കൈമാറുകയായിരുന്നു. നാട്ടുകാരിയായ ടീച്ചറെ ഏറെ ഇഷ്ടമായിരുന്നുവെന്നും മദ്യലഹരിയില്‍ എല്ലാം സംഭവിച്ചുപോയതെന്നുമായിരുന്നു ബഹ്‌റൈനിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ അരുണ്‍ നടത്തിയ കുറ്റസമ്മതം.

കവര്‍ച്ച നടത്താനാണ് പോയതെന്നും തങ്ങളെ ടീച്ചര്‍ തിരിച്ചറിഞ്ഞു എന്ന് മനസിലായതോടെ താന്‍ കഠാര കൊണ്ട് ടീച്ചറിന്റെ കഴുത്തിന് കുത്തുകയും മരണം ഉറപ്പിക്കുകയുമായിരുന്നുവെന്നും അരുണ്‍ സമ്മതിച്ചു. നവംബര്‍ നാലിന് നാട്ടിലേക്ക് വന്ന അരുണ്‍ ഫെബ്രുവരി നാലിനാണ് ബഹറൈനില്‍ മടങ്ങിയെത്തിയത്. ബഹ്‌റൈനില്‍ ട്രേഡിംഗ് കമ്പനിയിലെ സ്റ്റോര്‍ വര്‍ക്കറായ അരുണ്‍ ഗള്‍ഫിലെത്തിയ ഉടന്‍ ടീച്ചറിന്റെ കൊലപാതകത്തെ കുറിച്ച് വിശദമായി തന്നെ സഹപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. ചീമേനിയിലും പരിസരങ്ങളിലുമുള്ളവരാണ് ഈ കമ്പനിയിലെ ജീവനക്കാരേറെയും. ജാനകി ടീച്ചറെ കൊല്ലുകയും കൃഷ്ണന്‍ മാസ്റ്ററെ മാരകമായി പരിക്കേല്‍പ്പിച്ചതും സഹപ്രവര്‍ത്തകരോട് അക്കമിട്ട് വിവരിക്കുമ്പോള്‍ യാതൊരു ഭാവഭേദവും അരുണിനുണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

കേസന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരിച്ച അരുണ്‍ തന്നെ പ്രതിയാണെന്നറിഞ്ഞ ഞെട്ടലിലാണ് ബഹ്‌റൈനിലെ അരുണിന്റെ സഹപ്രവര്‍ത്തകര്‍. കേരള പ്രവാസി കമ്മീഷന്‍ അംഗമായ സുബൈര്‍ ബഹ്‌റൈനിലെ വ്യാപാര പ്രമുഖനാണ്.
സുബൈറാണ് താരം; അരുണിനെ പോലീസിന് കൈമാറി പ്രശംസ നേടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kasaragod, Local-News, Murder, Case, Police, Crime, Gulf, Janaki murder accused Arun handed over to Police by Zubair
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia