Expatriates Demand | ഇന്ത്യൻ എംബസി-വിഎഫ്എസ് ടീം പര്യടനങ്ങൾ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് അർഅർ പ്രവാസി സംഘം

 
Embassy visit issue Ar'ar
Embassy visit issue Ar'ar

Photo: Supplied

● സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യകളിലെ സന്ദർശനങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് പ്രവാസി സംഘത്തിന്റെ ആവശ്യം.
● എംബസി, വി എഫ് എസ് ടീം സന്ദർശനങ്ങൾ നിർത്തലാക്കിയത്, പ്രവാസികളുടെ പ്രയാസങ്ങൾ വർദ്ധിപ്പിച്ചു.
● 1500 സൗദി റിയാലിന്റെ യാത്ര ചെലവ്, പ്രവാസികൾക്ക് വളരെ വലിയ പ്രശ്‌നമാണ്.


അർഅർ (സൗദി അറേബ്യ): (KVARTHA) കേന്ദ്രസർക്കാർ ഒരു ഉത്തരവിലൂടെ നിർത്തലാക്കിയ ഇന്ത്യൻ എംബസിയുടെ റിയാദിന് പുറത്തുള്ള നഗരങ്ങളിലേക്കുള്ള പര്യടനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് വടക്കൻ സൗദിയിലെ അർഅർ പ്രവാസി സംഘം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യൻ എംബസി - വി എഫ് എസ് ടീം, മൂന്ന് മാസത്തിലൊരിക്കൽ റിയാദിന് പുറത്തുള്ള പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും നടത്തിയിരുന്ന സന്ദർശനങ്ങളാണ് പൊടുന്നനെ വേണ്ടെന്ന് വച്ചത്. ഈ സന്ദർശനങ്ങൾ, വിദൂര പ്രവിശ്യകളിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി വലിയ സഹായമായിരുന്നു. അത്തരം പര്യടനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെടുന്നു.

ഈ പ്രക്രിയ പുനഃസ്ഥാപിക്കാത്ത പക്ഷം, സൗദി അറേബ്യയയുടെ എല്ലാ പ്രവിശ്യകളിലും വി എഫ് എസ് ഓഫീസുകൾ ആരംഭിച്ച്, പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയെക്കാള്‍ ജനസംഖ്യ കുറവുള്ള മറ്റു രാജ്യങ്ങളിലെ എംബസ്സികള്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ ഒരോ പ്രവിശ്യകളില്‍ സന്ദര്‍ശനം നടത്തുകയോ അവരുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യൻ സർക്കാർ വലിയ എണ്ണം വരുന്ന  സ്വന്തം പ്രവാസികളോട് കാണിക്കുന്ന ഇത്തരം അന്യായം.  

റിയാദിൽ നിന്നും 1200-1400 കിലോമീറ്റർ ദൂരമുള്ള സൗദി അറേബ്യയയുടെ വടക്കൻ പ്രവിശ്യകളായ അർഅർ, തുറൈഫ്, ഒഖീല, റഫ തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക്, ഇനി മുതൽ എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് റിയാദിലേക്കാണ് നേരിട്ട് പോകേണ്ടത്. ഇത് പ്രായോഗികമല്ലെന്ന് പ്രവാസി സംഘം അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് നാല് ദിവസം ജോലിയിൽ നിന്ന് ലീവ് എടുക്കേണ്ടതും, യാത്ര ചെലവും മറ്റു ചിലവുകളും 1500 സൗദി റിയാൽ (ഏകദേശം 35000 ഇന്ത്യൻ രൂപ) ഇതിനായി വേണ്ടിവരുമെന്നും അവർ വിശദീകരിച്ചു.


പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവർക്കും, ഇഖാമ (ഐഡി കാർഡ്) പുതുക്കാൻ സാധിക്കുന്നില്ല. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ഭയമില്ലാതെ പുറത്തിറങ്ങാനും യാത്ര ചെയ്യാനും കഴിയാത്ത അവസ്ഥയാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം മൂലം ഉണ്ടായിരിക്കുന്നത്. 

കേന്ദ്രസർക്കാറിന്റെ ഈ തീരുമാനത്തെ മറികടക്കാനായി, അർഅർ പ്രവാസി സംഘം നിരവധി പേരുടെ ഒപ്പു ശേഖരിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, ഇന്ത്യൻ അംബാസിഡർക്കും ഭീമഹരജി അയച്ചിട്ടുള്ളതായി അറിയിച്ചു. 

അർഅർ പ്രവാസി സംഘം ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവും, ഇന്ത്യൻ എംബസ്സിയുടെ അംഗീകാരമുള്ള വടക്കൻ പ്രവിശ്യകളുടെ പ്രതിനിധിയുമായ സക്കീര്‍ താമരത്ത്, മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം, വൈസ് പ്രസിഡണ്ട് ഗോപൻ നാടുകാട്, ജോയിന്റ് സെക്രട്ടറി ഷാജി ആലുവ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഷീദ് പരിയാരം, സഹദേവന്‍ കൂറ്റനാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 #IndianEmbassy, #VFS, #Arar, #SaudiExpatriates, #EmbassyVisits, #SaudiArabia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia