Asia Cup | ഏഷ്യാകപിലെ സൂപര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ടോസ്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

 


ദുബൈ: (www.kvartha.com) ഏഷ്യാകപിലെ സൂപര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ടോസ്. ടോസ് ലഭിച്ച ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.  ദിനേഷ് കാര്‍ത്തിക്കാണ് ഇന്‍ഡ്യയുടെ വികറ്റ് കീപര്‍. ഋഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. മൂന്നാം പേസറായി ആവേശ് ഖാനും ടീമിലുണ്ട്.

Asia Cup | ഏഷ്യാകപിലെ സൂപര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ടോസ്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു


ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയാണ് ഇന്‍ഡ്യയുടെ കരുത്തെങ്കില്‍ മറുവശത്ത് ക്യാപ്റ്റന്‍ ബാബര്‍ അസം നയിക്കുന്ന ബാറ്റിങ് നിരയിലാണു പാകിസ്താന്റെ വിശ്വാസം. ഏഷ്യാ കപ്പില്‍ ഇതുവരെ 14 തവണയാണ് ഇന്‍ഡ്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അതില്‍ എട്ടു തവണയും ജയം ഇന്‍ഡ്യയ്‌ക്കൊപ്പമായിരുന്നു. അഞ്ചു തവണ പാകിസ്താന്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു. 2018ലാണ് ഏഷ്യാ കപിലെ അവസാന ഇന്‍ഡ്യ- പാക് പോരാട്ടം നടന്നത്. ഇന്‍ഡ്യയുടെ ജയം ഒമ്പത് വികറ്റിനായിരുന്നു.

വിരാട് കോഹ്ലിയുടെ നൂറാം രാജ്യാന്തര ട്വന്റി20 മത്സരം കൂടിയാണ് ഞായറാഴ്ചത്തേത്. പാകിസ്താനായി നസീം ശാ അരങ്ങേറും. പത്തു മാസം മുന്‍പ്, ഇതേ സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങിയ പരാജയത്തിന് മറുപടി നല്‍കുകയായിരിക്കും ഇന്‍ഡ്യയുടെ ലക്ഷ്യം. 2021 ലോകകപ്പിലെ സൂപര്‍ 12 റൗന്‍ഡിലാണ് പാകിസ്താനെതിരെ ഇന്‍ഡ്യ വലിയ പരാജയം ഏറ്റുവാങ്ങിയത്.

അന്ന് ഇന്‍ഡ്യ കുറിച്ച 151 റണ്‍സ് ഒരു വികറ്റ് പോലും നഷ്ടപ്പെടുത്താതെ 13 പന്ത് ബാക്കി നിര്‍ത്തിയാണ് പാകിസ്താന്‍ മറികടന്നത്. ഐസിസി ലോകകപ് മത്സരങ്ങളില്‍ ഇന്‍ഡ്യയ്‌ക്കെതിരെ പാകിസ്താന്റെ ആദ്യ ജയം കൂടിയായിരുന്നു അത്.

പ്ലേയിങ് ഇലവന്‍

ഇന്‍ഡ്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിങ്.

പാകിസ്താന്‍: ബാബര്‍ അസം, മുഹമ്മദ് റിസ് വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹ് മദ്, ഖുശ്ദില്‍ ശാ, ആസിഫ് അലി, ശദബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ശാ, ഹാരിസ് റൗഫ്, ശാനവാസ് ദഹാനി.

Keywords: India vs Pakistan, Asia Cup 2022 Rizwan survives early scare in first over, Dubai, News, Asia-Cup, Cricket, Sports, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia